ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 24% വര്‍ധന

ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 24% വര്‍ധന

ഹോം അപ്ലയന്‍സസ് മേഖലയിലെ നിയമനങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 72 ശതമാനം വളര്‍ച്ചയാണ് നിരീക്ഷിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള നിയമനങ്ങളില്‍ നവംബര്‍ മാസത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായതായി സര്‍വെ. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് സൂചിക മുന്‍ വര്‍ഷത്തെ 240 എന്ന തലത്തില്‍ നിന്നും ഈ വര്‍ഷം നവംബറില്‍ 297 എന്ന തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

ഒക്‌റ്റോബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോഴും നവംബറില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് 5.69 ശതമാനം വര്‍ധിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കലും മൂലം സമ്പദ്‌വ്യവസ്ഥയിലുണ്ടായ ആഘാതം കുറയുന്നതും ഇന്ത്യയുടെ സാമ്പത്തിക ഘടകങ്ങളിലുണ്ടായ പുരോഗതിയുമാണ് രാജ്യത്ത് നിയമന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണമായി മോണ്‍സ്റ്റര്‍ ഡോട്ട് കോം മാനേജിംഗ് ഡയറക്റ്റര്‍ സഞ്ജയ് മോദി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

27 വ്യാവസായിക മേഖലകളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളിലുണ്ടായ മുന്നേറ്റമാണ് മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് സൂചികയിലെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുള്ളത്. ഇതില്‍ മുന്നില്‍ തുടരുന്നത് ഹോം അപ്ലയന്‍സസ് മേഖലയാണ്. ഹോം അപ്ലയന്‍സസ് മേഖലയിലെ നിയമനങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 72 ശതമാനം വളര്‍ച്ചയാണ് നിരീക്ഷിച്ചിട്ടുള്ളത്. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കണക്കെടുത്താല്‍ ഓണ്‍ലൈന്‍ വഴിയുള്ള നിയമനങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായിട്ടുള്ളത് കൊല്‍ക്കത്തയിലാണ്. 51 ശതമാനം. 46 ശതമാനം വര്‍ധനയുമായി ബറോഡയാണ് രണ്ടാം സ്ഥാനത്ത്. ബെംഗളൂരു (16%), ചെന്നൈ (13%), ഡെല്‍ഹി (6%) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളില്‍ നിന്നുള്ള കണക്കുകള്‍.

Comments

comments

Categories: More