ഇന്ത്യയിലെ ആദ്യ ടെസ്‌ല കാര്‍ മുംബൈയില്‍ കപ്പലിറങ്ങി

ഇന്ത്യയിലെ ആദ്യ ടെസ്‌ല കാര്‍ മുംബൈയില്‍ കപ്പലിറങ്ങി

മുംബൈ : അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ ആദ്യ വാഹനം ഇന്ത്യയിലെത്തി. ഇന്ത്യന്‍ നിരത്തുകളിലോടുന്ന ആദ്യ ടെസ്‌ല വാഹനമെന്ന ബഹുമതി മോഡല്‍ എക്‌സ് എസ്‌യുവി കരസ്ഥമാക്കും. അമേരിക്കയില്‍നിന്ന് സ്വകാര്യ വ്യക്തി മോഡല്‍ എക്‌സ് ഇറക്കുമതി ചെയ്തിരിക്കുകയാണ്. ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന കമ്പനി എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന കമ്പനി എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന് വ്യക്തമല്ല

മികച്ച ടെക്-ഫ്രണ്ട്‌ലി കാറുകളിലൊന്നാണ് ഓള്‍-ഇലക്ട്രിക് മോഡല്‍ എക്‌സ്. ഏഴ് പേര്‍ക്ക് (ഓപ്ഷണല്‍) യാത്ര ചെയ്യാവുന്ന പ്രാക്ടിക്കല്‍ കാര്‍ കൂടിയാണ് ഈ വാഹനം. കാലിഫോര്‍ണിയ ഫ്രിമോണ്ടിലെ ടെസ്‌ല ഫാക്ടറിയിലാണ് മോഡല്‍ എക്‌സ് നിര്‍മ്മിക്കുന്നത്. മോഡല്‍ എസ്സിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മാണം. ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവയും മോഡല്‍ എസ്സുമായി സാമ്യം പുലര്‍ത്തുന്നു. മുകളിലേക്ക് തുറക്കാവുന്ന ഫാല്‍ക്കണ്‍ ഡോറുകളാണ് മോഡല്‍ എക്‌സിനെ യഥാര്‍ത്ഥത്തില്‍ ജനപ്രിയമാക്കിയത്.

ഇന്ത്യയിലെത്തിയ മോഡല്‍ സിബിയു ആയതിനാല്‍ നികുതികള്‍ക്കുപുറമേ ഒരു കോടിയിലധികം രൂപ വില വരും

രണ്ട് ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ മോഡല്‍ എക്‌സിന് കരുത്ത് പകരുന്നു. ബേസ് വേരിയന്റിലെ മുന്നിലെയും പിന്നിലെയും മോട്ടോറുകള്‍ 259 ബിഎച്ച്പി പവര്‍ വീതമാണ് പുറപ്പെടുവിക്കുന്നത്. പെര്‍ഫോമന്‍സ് വേരിയന്റില്‍, മുന്നിലെ മോട്ടോര്‍ 259 ബിഎച്ച്പി കരുത്തും പിന്നിലെ മോട്ടോര്‍ 503 ബിഎച്ച്പിയും പുറത്തെടുക്കും. 967 ന്യൂട്ടണ്‍ മീറ്ററാണ് കംബൈന്‍ഡ് ടോര്‍ക്ക്.

മോഡല്‍ എക്‌സിന്റെ പി75ഡി വേരിയന്റിലെ പവര്‍ നിയന്ത്രിച്ചിരിക്കുന്നു. 0-100 കിമീ/മണിക്കൂര്‍ കൈവരിക്കുന്നതിന് 4.9 സെക്കന്‍ഡ് വേണം. പി100ഡി വേരിയന്റിന് 4.7 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് 250 കിമീ/മണിക്കൂര്‍ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സിംഗിള്‍ ചാര്‍ജില്‍ 474 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. ഇറക്കുമതി ചെയ്ത മോഡല്‍ എക്‌സ് 381 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന പി75ഡി ആയിരിക്കുമെന്ന് കരുതുന്നു.

എല്ലായിടത്തും ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, ബ്ലൂടൂത്ത് വയര്‍ലെസ് ടെക്‌നോളജി തുടങ്ങി ഒരു കൂട്ടം ടെക് ഫീച്ചറുകള്‍ മോഡല്‍ എക്‌സില്‍ കാണാം. കാറിന് യഥാസമയം ഓവര്‍-ദ-എയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കും. കോര്‍ണറിംഗ് ലൈറ്റുകള്‍ സഹിതം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഇലക്ട്രിക് ഓള്‍-വീല്‍ ഡ്രൈവ്, എയര്‍ സസ്‌പെന്‍ഷന്‍ വിത് ജിപിഎസ്, ഇരട്ട ട്രങ്കുകള്‍ (ബൂട്ട്) എന്നിവ ഫീച്ചറുകളാണ്. സെല്‍ഫ്-ഡ്രൈവിംഗ് ഫീച്ചറായ ടെസ്‌ല ഓട്ടോപൈലറ്റ് പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യന്‍ ഉടമയ്ക്ക് ഇത് ലഭ്യമാണോയെന്ന് വ്യക്തമല്ല.

വേരിയന്റുകള്‍ക്ക് അനുസരിച്ച് 48 ലക്ഷം മുതല്‍ 83 ലക്ഷം രൂപ വരെയാണ് ടെസ്‌ല മോഡല്‍ എക്‌സിന്റെ ഇന്ത്യന്‍ വില. ഇന്ത്യയിലെത്തിയ മോഡല്‍ സിബിയു (പൂര്‍ണ്ണമായും നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത) ആയതിനാല്‍ നികുതികള്‍ക്കുപുറമേ ഒരു കോടിയിലധികം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto