ആമസോണ്‍ ഡിവൈസുകളില്‍ യു ട്യൂബ് സേവനം അവസാനിപ്പിച്ചു

ആമസോണ്‍ ഡിവൈസുകളില്‍ യു ട്യൂബ് സേവനം അവസാനിപ്പിച്ചു

ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണിന്റെ ഡിജിറ്റല്‍ ഉപകരണങ്ങളായ ഫയര്‍ ടിവി, എക്കോ ഷോ എന്നിവയില്‍നിന്നും വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ യു ട്യൂബ് നീക്കം ചെയ്യുന്നതായി ഗൂഗിള്‍ അറിയിച്ചു. ഗൂഗിളിന്റെ ഉല്‍പന്നങ്ങളായ ക്രോംകാസ്റ്റ്, ഗൂഗിള്‍ ഹോം ആമസോണ്‍ വില്‍ക്കുന്നില്ലെന്ന കാരണമാണു തീരുമാനത്തിനു പിന്നിലുള്ളതെന്നു കരുതപ്പെടുന്നുണ്ട്. ഇതു കൂടാതെ ഗൂഗിള്‍ കാസ്റ്റ് യൂസര്‍മാര്‍ക്ക് ആമസോണിന്റെ പ്രൈം വീഡിയോ ലഭ്യമാകുന്നില്ലെന്നും ഗൂഗിളിന്റെ സഹോദരസ്ഥാപനമായ നെസ്റ്റിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളുടെ വില്‍പന കഴിഞ്ഞ മാസം മുതല്‍ ആമസോണ്‍ നിറുത്തിവച്ചതായും ഗൂഗിള്‍ ആരോപിക്കുന്നു.

സിലിക്കണ്‍വാലിയില്‍ അരങ്ങേറുന്ന വഴക്കിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ഇതാകട്ടെ, ഉപഭോക്താക്കള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ക്ലൗഡ് കമ്പ്യൂട്ടിംഗ് മുതല്‍ ഓണ്‍ലൈന്‍ സെര്‍ച്ചും, വോയ്‌സ് കണ്‍ട്രോള്‍ഡ് ഗാഡ്ജറ്റുകളായ ഗൂഗിള്‍ ഹോമിന്റെയും ആമസോണ്‍ എക്കോ ഷോയുടെയും വില്‍പന വരെയുള്ള കാര്യങ്ങളില്‍ ഇരു കമ്പനികളും കടുത്ത മല്‍സരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രകോപനപരമായ തീരുമാനവുമായി ഗൂഗിള്‍ രംഗത്തുവന്നിരിക്കുന്നത്. സമീപകാലത്തു വോയ്‌സ് കണ്‍ട്രോള്‍ഡ് ഡിവൈസുകളുടെ (ശബ്ദ നിയന്ത്രിത ഉപകരണങ്ങള്‍) വില്‍പ്പനയില്‍ ഗൂഗിളിനെ ആമസോണ്‍ മറികടന്നിരുന്നു. മാത്രമല്ല, ഈ വര്‍ഷം ആദ്യം ആപ്പിളുമായി ആമസോണ്‍ പുതിയ ബന്ധത്തിലേര്‍പ്പെടുകയുണ്ടായി. ആപ്പിള്‍ ടിവിയില്‍ ആമസോണിന്റെ പ്രൈം വീഡിയോ സേവനം ലഭ്യമാക്കി കൊണ്ടായിരുന്നു പുതിയ ബന്ധത്തിനു തുടക്കമിട്ടത്. എന്നാല്‍ ഗൂഗിളിനെ ആമസോണ്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK Special