ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മികച്ച മുന്നേറ്റവുമായി ഷഓമി

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മികച്ച മുന്നേറ്റവുമായി ഷഓമി

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പകുതിയിലധികവും ചൈനീസ് ബ്രാന്‍ഡുകളാണ് കൈയടക്കിയിരിക്കുന്നത്

കൊല്‍ക്കത്ത: 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷഓമിയുടെ ഇന്ത്യന്‍ യൂണിറ്റ് വില്‍പ്പനയില്‍ ഏഴ് മടങ്ങ് വര്‍ധനവ് നേടി വന്‍ലാഭത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. മികച്ച ഫീച്ചറുകള്‍ എതിരാളികള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ചൈനീസ് ഫോണുകള്‍ക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നുവെന്നതിന്റെ തെളിവാണ് ഷഓമിയുടെ വിജയം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ഷഓമി ലക്ഷ്യംവെക്കുന്നത്.

2017 സാമ്പത്തിക വര്‍ഷത്തില്‍ ഷഓമി ടെക്‌നോളജി ഇന്ത്യയുടെ വില്‍പ്പന 696 ശതമാനം വര്‍ധിച്ച് 8,379.3 കോടി രൂപയിലെത്തി. 163.9 കോടി രൂപയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്നാം വര്‍ഷത്തില്‍ അറ്റാദായമായി കമ്പനി നേടിയത്. 2014ലാണ് ഷഓമി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് പ്രവേശിച്ചത്. ഒരു വര്‍ഷം മുമ്പ് 46.9 കോടി രൂപ അറ്റ നഷ്ടവും 1,046.2 കോടി രൂപയുടെ വരുമാനവുമായിരുന്നു കമ്പനിക്ക് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ കാഴ്ചവെച്ച മികച്ച സാമ്പത്തിക പ്രകടനം കുറഞ്ഞത് 50 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ചൈനീസ് കമ്പനിക്ക് സഹായകരമാകും.

ചൈന കഴിഞ്ഞാല്‍ ഷഓമിയുടെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വമ്പന്മാരായ സാംസഗിനെ പിന്തള്ളി ഷഓമി ഒന്നാമതെത്തിയിരുന്നു. സെല്ലുലാര്‍ ഫോണുകള്‍, ആക്‌സസറികള്‍, ഫോണിന്റെ ഘടകഭാഗങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെയും സേവനങ്ങളിലൂടെയുമാണ് മുഴുവന്‍ വരുമാനവും നേടിയതെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഷഓമി വ്യക്തമാക്കി.

ഷഓമിയ്‌ക്കൊപ്പം തന്നെ മികച്ച നേട്ടവുമായി ചൈനയിലെ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയും രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം ഓപ്പോയുടെ ഇന്ത്യയിലെ വില്‍പ്പന 754 ശതമാനം വര്‍ധിച്ച് 7,974.3 കോടി രൂപയിലെത്തിയിരുന്നു. ഇന്ത്യയിലെ തദ്ദേശ മൊബില്‍ നിര്‍മാണ കമ്പനികളായ മൈക്രോമാക്‌സ്, ഇന്റക്‌സ് എന്നിവയേയും ജപ്പാനീസ് ഇലക്ട്രോണിക് ഭീമനായ സോണിയുടെ ഇന്ത്യന്‍ വിഭാഗത്തെയും മറികടന്നാണ് ചൈനീസ് കമ്പനികള്‍ ഈ നേട്ടത്തിലെത്തിയത്.

നടപ്പു വര്‍ഷം ഇന്ത്യയില്‍ 3.5 മടങ്ങ് വില്‍പ്പന വളര്‍ച്ച ഷഓമി കൈവരിക്കുമെന്നാണ് ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് സ്ഥാപനം കൗണ്ടര്‍പോയ്ന്റ് വിലയിരുത്തുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്ക്പ്രകാരം ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പകുതിയിലധികവും ചൈനീസ് ബ്രാന്‍ഡുകളാണ് കൈയടക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തിലിത് 33 ശതമാനം മാത്രമായിരുന്നു. അതേസമയം ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യമാകട്ടെ സമാനകാലയളവില്‍ 33 ശതമാനത്തില്‍ നിന്നും 14 ശതമാനമായി ഇടിഞ്ഞിട്ടുമുണ്ട്.

Comments

comments

Categories: Business & Economy