കടല്‍ ജീവികളെ രക്ഷിക്കാനൊരുങ്ങി ലോകം

കടല്‍ ജീവികളെ രക്ഷിക്കാനൊരുങ്ങി ലോകം

കടലിലെ പ്ലാസ്റ്റിക്ക് മാലിന്യനിക്ഷേപത്തിനെതിരേ ഒറ്റക്കെട്ടായി ലോകം

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കടല്‍ ജീവികളുടെ അന്തകരാകുമെന്ന മുറവിളികള്‍ ഇത്രനാള്‍ ബധിര കര്‍ണങ്ങളിലായിരുന്നുവോ പതിച്ചത് എന്ന സംശയത്തിനിട നല്‍കുന്ന വിധത്തിലായിരുന്നു സമുദ്രങ്ങളിലെ പ്ലാസ്റ്റിക്ക് നിക്ഷേപം നാള്‍ക്കുനാള്‍ വര്‍ധിച്ചിരുന്നത്. ഇത് കടലിനെ സമുദ്ര ജീവികളുടെ ശവവാഹിനിയാക്കുന്ന ഘട്ടമെത്തിയപ്പോള്‍ ലോകത്തിന് ഈ വിപത്തിനെതിരേ ശബ്ദമുയര്‍ത്തേണ്ടി വന്നിരിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കടലിലേക്ക് എത്താതിരിക്കുന്നതിന് കര്‍ശന നടപടികള്‍ വേണമെന്ന് ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. കെനിയയില്‍ നടന്ന പരിസ്ഥിതിമന്ത്രിമാരുടെ ഉച്ചകോടിയില്‍ ഒരുമിച്ചുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. പ്രശ്‌നത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് നിയതമായ സമയപ്പട്ടികയോ നിയമാവലിയോ ബാധകമാകാത്ത വിധത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

യുഎസിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് പാരിസ് കാലാവസ്ഥാ ഉച്ചകോടി എങ്ങുമെത്താത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് കെനിയയില്‍ ഉച്ചകോടി നടക്കുന്നത്. കടലിലെ പ്ലാസ്റ്റിക്ക് ഒഴുക്കലിനെതിരേ രാജ്യാന്തര ദൗത്യസംഘത്തെ നിയോഗിക്കണമെന്നാണ് ഉയര്‍ന്നുവന്ന ഒരു നിര്‍ദേശം. ഭൂമി നേരിടുന്ന വലിയ പ്രതിസന്ധിയാണിതെന്ന് യുഎന്‍ സമുദ്രഗവേഷണ വിഭാഗം മേധാവി ലിസ സ്വെന്‍സണ്‍ വിലയിരുത്തി. വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ വിഷയത്തെ ഗൗരവമായാണു സമീപിക്കുന്നതെങ്കിലും ഇതിനു വേണ്ടിയുള്ള നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കണമെന്നാണ് പരിസ്ഥിതിസ്‌നേഹികളുടെ ആവശ്യം.

പ്ലാസ്റ്റിക്ക് മാലിന്യം കടല്‍ ജീവികളില്‍ വരുത്തിയ നാശം പരിസ്ഥിതിയെത്തന്നെ തകരാറിലാക്കുകയാണ്. ഇതു വ്യക്തമാക്കുന്ന സംഭവമാണ് കെനിയയില്‍ കണ്ടെത്തിയ കെയ് എന്ന കടലാമയുടെ ദുരവസ്ഥയെന്ന് ലിസ സ്വെന്‍സണ്‍ പറയുന്നു. പ്ലാസ്റ്റിക് തിന്ന് ദഹനേന്ദ്രിയം തകരാറിലായ കുഞ്ഞ് ആമയാണ് കെയ്. ഒരു മാസം മുമ്പ് മല്‍സ്യത്തൊഴിലാളികളാണ് ഇതിനെ കരയ്‌ക്കെത്തിച്ചത്. കടല്‍പ്പരപ്പില്‍ നിസഹായതയോടെ കൈകാലിട്ടടിക്കുകയായിരുന്നു പാവം. പ്ലാസ്റ്റിക്ക് മാലിന്യം അകത്തു ചെന്നതായിരിക്കുമെന്ന് ആദ്യമേ മൃഗരോഗ ഡോക്റ്റര്‍മാര്‍ക്കു മനസിലായി. ആമയുടെ ഉദരത്തില്‍ അത് അടിഞ്ഞു കൂടിയിരിക്കുകയാണെന്ന് പിന്നീടു കണ്ടെത്തി. രണ്ടാഴ്ചയോളം വിരേചനൗഷധം കൊടുത്താണ് കെയുടെ വയറൊഴിച്ചത്. ആമയെ ഭേദപ്പെടുത്തി കടലിലേക്കു തിരികെ അയച്ചെങ്കിലും ഇനിയും പ്ലാസ്റ്റിക് അകത്താക്കിയാല്‍ കെയ്ക്ക് അതിജീവിക്കാനാകില്ലെന്ന് ലിസ ചൂണ്ടിക്കാട്ടുന്നു.

നെയ്‌റോബിയിലെ ആമകള്‍ക്കായുള്ള ആശുപത്രിയാണ് കെയെ ചികില്‍സിച്ചത്. ആശുപത്രി നടത്തുന്ന കാസ്പര്‍ വാന്‍ഡി ഗീറിന്റെ അഭിപ്രായത്തില്‍ കടലാമകള്‍ അത്ര ബുദ്ധിയില്ലാത്ത ജീവികളല്ല. കടലില്‍ ജെല്ലിമല്‍സ്യങ്ങളെയാണ് അവ ഭക്ഷണമാക്കാറ്. പലപ്പോഴും പ്ലാസ്റ്റിക്ക് കാണുമ്പോള്‍ ജെല്ലി മീനുകളാണെന്നു തെറ്റിദ്ധരിച്ചാണ് ആമകള്‍ അവ കഴിക്കുന്നത്. ഇവിടെയെത്തിച്ച ആമകളുടെ വയറ്റില്‍ നിന്ന് അമിതമായ തോതില്‍ പ്ലാസ്റ്റിക്ക് കണ്ടെത്തിയെന്ന് ഗീര്‍ പറയുന്നു. പകുതിയെണ്ണത്തിന്റെയും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മല്‍സ്യബന്ധനത്തിനുപയോഗിക്കുന്ന നൈലോണ്‍ വലകളുടെ കഷ്ണങ്ങള്‍ മുതല്‍ പ്ലാസ്റ്റിക്ക്ഘടകങ്ങളുടെ അംശങ്ങള്‍ വരെ കടലില്‍ നിന്നു ശേഖരിച്ചു വെച്ചിട്ടുണ്ട് ആശുപത്രി അധികൃതര്‍.

നിരോധനനീക്കത്തിനെതിരേ ആഫ്രിക്കന്‍ പ്ലാസ്റ്റിക്ക് വ്യവസായലോകത്തു നിന്ന് വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളെ ഉപയോഗിച്ച് നിരോധനത്തിനെതിരേ വ്യാപകപ്രചാരണത്തിനും ഈ ലോബി ശ്രമിക്കുന്നുണ്ട്. നിരോധനം മൂലം ഉണ്ടാകാനിടയുള്ള തൊഴില്‍ നഷ്ടങ്ങളെ സംബന്ധിച്ച് പത്രക്കാരെക്കൊണ്ട് റിപ്പോര്‍ട്ടുകളെഴുതിക്കുന്ന തന്ത്രമാണ് പയറ്റുന്നത്. പ്ലാസ്റ്റിക് ഉല്‍പ്പാദനം നിരോധിച്ചാലുണ്ടാകുന്ന ‘ഭവിഷ്യ’ത്തുകളെക്കുറിച്ച് നെടുങ്കന്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളൊന്നും ഇതിന്റെ പുനരുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചെയ്യാന്‍ തയാറാകുന്നില്ല

ഭൂമി ഒരു പ്ലാസ്റ്റിക്ക് ഗ്രഹമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് പ്ലാസ്റ്റിക്ക് ഉപയോഗം ഒഴിവാക്കുകയെന്നത് ചിന്തിക്കാന്‍ പോലുമാകില്ല. ഏതു രൂപവും കൈവരിക്കാനും ദീര്‍ഘകാലം ഈടുനില്‍ക്കാനുമുള്ള കഴിവാണ് മനുഷ്യന്റെ മറ്റ് ഏതു കണ്ടുപിടിത്തത്തേക്കാളും ഇതിന് സ്വീകാര്യത നല്‍കുന്നത്. 1950കള്‍ മുതല്‍ വ്യാവസായികമായി വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്ക്, ഭക്ഷണപ്പൊതി മുതല്‍ വിമാന ഭാഗങ്ങള്‍ വരെ നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുന്നു. എന്നാല്‍ സര്‍വ്വവ്യാപകമായ ഉപയോഗങ്ങളാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത്.

പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ദോഷവശം ഉപയോഗിക്കുന്നത്ര എളുപ്പത്തില്‍ അത് ജീര്‍ണ്ണിക്കില്ലെന്നതാണ്. കുറഞ്ഞ സമയത്തെ ഉപയോഗമേ അതിനുള്ളൂ. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നശിക്കാതെ കിടക്കും. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്ലാസിറ്റിക്കിന്റെ 70 ശതമാനവും പുറന്തള്ളപ്പെടുകയാണ്. ഇങ്ങനെയുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ ഏറിയ പങ്കും ഭൂമിയില്‍ വീണു കിടക്കുന്നു. വലിയൊരു പങ്ക് കടലിലേക്കും പോകുന്നു.

ജലത്തിലെ ഓക്‌സിജന്റെ കുറവ് മീനുകളുടെ വംശനാശത്തിനു കാരണമാകുന്നു. ഇത് വലിയൊരു വിഭാഗത്തിന്റെ ജീവനോപാധിയെത്തനെനയാണ് ബാധിക്കുന്നത്. കടല്‍ത്തീരങ്ങളില്‍ വേലിയേറ്റസമയത്ത് വലിയ തോതില്‍ പ്ലാസ്റ്റിക് നിക്ഷേപം അടിയുന്നത് സ്ഥിരം കാഴ്ചയാണ്. അതിനാല്‍ ലോകത്ത് പ്ലാസ്റ്റിക്ക് വലിയ വിപത്താണ് സൃഷ്ടിക്കുന്നതെന്ന തേഞ്ഞു പഴകിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം അതിന്റെ കണക്കുകള്‍ വെച്ചുകൊണ്ടുള്ള സുസംഘടിത ചര്‍ച്ചകളാണ് ഉച്ചകോടിയില്‍ നടന്നത്.

പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ പ്രവര്‍ത്തനങ്ങള്‍ കൂടി വരുന്നുണ്ടെന്നതു ശരിയാണ്. ജീര്‍ണിക്കുന്ന പ്ലാസ്റ്റിക്കിനു പകരം വെക്കാവുന്ന വസ്തുക്കളും ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും പ്ലാസ്റ്റിക്ക് ഉണ്ടാക്കാനുള്ള കുറഞ്ഞ ചെലവാണ് ഇവ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണം. ഓരോ വര്‍ഷവും എട്ടു മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യം കടലില്‍ തള്ളുന്നതായുള്ള റിപ്പോര്‍ട്ടുകളും ഉച്ചകോടി പരിശോധിച്ചു. മല്‍സ്യങ്ങളിലൂടെയും മറ്റു സമുദ്രവിഭവങ്ങളിലൂടെയും ഭക്ഷ്യശൃംഖലയിലേക്ക് പ്ലാസ്റ്റിക്ക് മാലിന്യം കടന്നു വരുന്നു. സൂക്ഷ്മമായ പ്ലാസ്റ്റിക് അംശങ്ങള്‍ ജലജീവികള്‍ അകത്താക്കുന്നതാണ് കാരണം.

മനുഷ്യന്റെ ആരോഗ്യത്തെപ്പോലും ഭാവിയില്‍ വലിയ തോതില്‍ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്ലാസ്റ്റിക്ക് കടലിലും കരയിലും തള്ളുന്നത് ഒഴിവാക്കണമെന്നാണ് ഇവര്‍ പറയുന്നത്. പുനരുപയോഗമാണ് പോംവഴിയെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ത്തന്നെ പുനരുപയോഗിക്കാനുള്ളവയാണെന്ന് കണ്ട് വേണം പ്രവര്‍ത്തിക്കാന്‍. അങ്ങനെയെങ്കില്‍ ഒരുപാട് തവണ പുനരുപയോഗിക്കാനാകും. ആഗോള ദൗത്യസംഘത്തെ പ്ലാസ്റ്റിക്ക് നിയന്ത്രണത്തിന്റെ ചുമതലയേല്‍പ്പിക്കണമെന്ന ചില പ്രതിനിധികളുടെ ആവശ്യം ഉച്ചകോടിയില്‍ തര്‍ക്കങ്ങള്‍ക്കിടയാക്കി. ഇതില്ലാതെ നിരോധനം വിചാരിച്ച അര്‍ത്ഥത്തില്‍ പൂര്‍ണമാകില്ലെന്ന് മന്ത്രിമാര്‍ നിലപാടെടുത്തു. എന്നാല്‍ പ്ലാസ്റ്റിക് വ്യവസായലോബികള്‍ ഇതിനെ ദശകങ്ങളായി എതിര്‍ത്തു പോരുകയാണെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരേസമയം വിപണിയില്‍ നിന്നുയരുന്ന ആവശ്യങ്ങളെ പരിഗണിക്കുകയും പ്ലാസ്റ്റിക്ക്മാലിന്യം, ജനങ്ങളെ ബാധിക്കുന്ന ആശങ്കയായി എങ്ങനെ മാറിയെന്നു മനസിലാക്കുകയുമാണ് ആദ്യം വേണ്ടതെന്ന് നോര്‍വേയിലെ പരിസ്ഥിതിമന്ത്രി വിഡാര്‍ ഹെല്‍സെന്‍ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് ഏറ്റവും വേഗത്തില്‍ വളരുന്ന പാരിസ്ഥിതികപ്രശ്‌നമാണ്. അതിനാല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളെയും ഇത് അതിവേഗം ബാധിക്കും. കാര്യങ്ങള്‍ക്കു മാറ്റം വരുത്താനാഗ്രഹിക്കുന്ന കമ്പനികളെ ഉപയോഗിച്ച് പദ്ധതി നടത്തുകയാണു വേണ്ടത്. അതിനു ശേഷം നികുതി നിന്ത്രണങ്ങളിലൂടെ കൂടുതല്‍ കമ്പനികളില്‍ സ്ഥിരത കൈവരുത്തുകയാണ് വേണ്ടത്. ഒപ്പം, പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ദൂഷ്യഫലം ബാധിച്ച മല്‍സ്യക്കൃഷി പോലുള്ളവയെ കൈപിടിച്ചുയര്‍ത്തുകയും വേണം.

നിരോധനനീക്കത്തിനെതിരേ ആഫ്രിക്കന്‍ പ്ലാസ്റ്റിക്ക് വ്യവസായലോകത്തു നിന്ന് വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളെ ഉപയോഗിച്ച് നിരോധനത്തിനെതിരേ വ്യാപകപ്രചാരണത്തിനും ഈ ലോബി ശ്രമിക്കുന്നുണ്ട്. നിരോധനം മൂലം ഉണ്ടാകാനിടയുള്ള തൊഴില്‍ നഷ്ടങ്ങളെ സംബന്ധിച്ച് പത്രക്കാരെക്കൊണ്ട് റിപ്പോര്‍ട്ടുകളെഴുതിക്കുന്ന തന്ത്രമാണ് പയറ്റുന്നത്. പ്ലാസ്റ്റിക് ഉല്‍പ്പാദനം നിരോധിച്ചാലുണ്ടാകുന്ന ‘ഭവിഷ്യ’ത്തുകളെക്കുറിച്ച് നെടുങ്കന്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളൊന്നും ഇതിന്റെ പുനരുപയോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചെയ്യാന്‍ തയാറാകുന്നില്ല. ഉദാഹരണത്തിന് ഒരു പ്ലാസ്റ്റിക്ക് കുപ്പി 20 തവണ മറ്റ് ഉല്‍പ്പന്നങ്ങളാക്കി മാറ്റാം. ഇത് പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞുകൂടുന്നത് വലിയ തോതില്‍ കുറയ്ക്കും. അതിനാല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ഒഴിവാക്കുക. പ്ലാസ്റ്റിക്കിന്റെ 90 ശതമാനവും പുനരുപയോഗിക്കാനാകുന്നതാണ്. കുടില്‍വ്യവസായ രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിക്കാനാകുന്ന കൂട നിര്‍മ്മാണം പോലുള്ളവയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നില്ല.

ചില രാജ്യങ്ങള്‍ കര്‍ശനമായ പ്ലാസ്റ്റിക്ക് നിരോധന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് ആശ്വാസകരമാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കൂടകള്‍ കര്‍ശനമായി നിരോധിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയും കാമെറൂണും ഭരം കുറഞ്ഞ പ്ലാസ്റ്റിക്ക് കൂടുകള്‍ക്ക് നികുതി ചുമത്താന്‍ നിശ്ചയിച്ചു. മൗറത്താനിയ, സെനെഗല്‍, മാലി, ഘാന, കെനിയ, എത്യോപ്യ, മലാവി, മൗറീഷ്യസ്, സാന്‍സിബാര്‍, ഉഗാണ്ട തുടങ്ങിയവ പ്ലാസ്റ്റിക്ക് പൂര്‍ണമായി നിരോധിച്ച രാജ്യങ്ങളാണ്‌

എന്നാല്‍ ചില രാജ്യങ്ങള്‍ കര്‍ശനമായ പ്ലാസ്റ്റിക്ക് നിരോധന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് ആശ്വാസകരമാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കൂടകള്‍ കര്‍ശനമായി നിരോധിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയും കാമെറൂണും ഭരം കുറഞ്ഞ പ്ലാസ്റ്റിക്ക് കൂടുകള്‍ക്ക് നികുതി ചുമത്താന്‍ നിശ്ചയിച്ചു. മൗറത്താനിയ, സെനെഗല്‍, മാലി, ഘാന, കെനിയ, എത്യോപ്യ, മലാവി, മൗറീഷ്യസ്, സാന്‍സിബാര്‍, ഉഗാണ്ട തുടങ്ങിയവ പ്ലാസ്റ്റിക്ക് പൂര്‍ണമായി നിരോധിച്ച രാജ്യങ്ങളാണ്. പ്ലാസ്റ്റിക് കൂടുകള്‍ അഴുക്കു ചാലുകളിലെ നീരൊഴുക്കു തടസപ്പെടുത്തുകയും അതുവഴി രാജ്യത്ത് വെള്ളപ്പൊക്കത്തിനു കാരണമാകുകയും ചെയ്തതോടെ 2002-ല്‍ ബംഗ്ലാദേശ് പ്ലാസ്റ്റിക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. സമാനകാരണങ്ങള്‍ മൂലം ശ്രീലങ്കയും മറ്റും പ്ലാസ്റ്റിക് നിരോധിച്ചപ്പോള്‍ രാജ്യത്തെ കന്നുകാലികള്‍ പ്ലാസ്റ്റിക്ക് തിന്ന് അസുഖബാധിതരായതോടെയാണ് മൗറത്താനിയ ഇതിനു മുതിര്‍ന്നത്.

നിരോധനമേര്‍പ്പെടുത്താനുള്ള പ്രേരണയെന്തായാലും ഇതിന്റെ ഗുണഭോക്താക്കള്‍ കടല്‍ജീവികളാണ്. പ്ലാസ്റ്റിക് വേലിയേറ്റത്തില്‍ നിന്ന് അവര്‍ക്ക് ശ്വാസം വിടാന്‍ അവസരം കിട്ടുന്നു. എടുത്ത തീരുമാനങ്ങളുമായി ഏറെ ദൂരം മുമ്പോട്ടു പോകാനുണ്ടെങ്കിലും ഉച്ചകോടി, വലിയ പുരോഗതിക്കു വഴി തെളിച്ചു കഴിഞ്ഞുവെന്നാണ് യുഎന്‍ വക്താവ് സാം ബാരറ്റ് പറയുന്നത്. മുമ്പില്ലാത്തവിധം ഗൗരവം ഈ വിഷയം കൈവരിച്ചു കഴിഞ്ഞു. മാത്രമല്ല, പ്രശ്‌നപരിഹാരത്തിനുള്ള ഊര്‍ജവും എല്ലാവരിലും കാണാനാകുന്നു. യുഎന്നിന് തനിച്ച് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. വിവിധ രാജ്യങ്ങളുടെയും ബിസിനസുകളുടെയും വ്യക്തികളുടെയും സഹകരണം വഴിയേ ഇതു സാധ്യമാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉച്ചകോടിയില്‍ പ്ലാസ്റ്റിക്ക് നിയന്ത്രണത്തിന് നടപടികളെടുത്ത മന്ത്രിമാര്‍ സ്വദേശത്തു നിന്നുള്ള അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഇതു നടത്താനാകാത്തവര്‍ക്ക് ഉപകാരപ്രദമായി മാറി. ആഫ്രിക്കന്‍ വന്‍കരയിലെ കടല്‍ത്തീരങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് രാജ്യങ്ങളുടെ സംയുക്ത ദൗത്യം വേണമെന്ന ഉച്ചകോടിയിലുയര്‍ന്ന ആവശ്യം പ്രാധാന്യമര്‍ഹിക്കുന്നു. ബ്രിട്ടണടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ പങ്കാളിയാകാമെന്നു സമ്മതിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Slider