ഇന്ത്യയിലെ ഡിട്രോയിറ്റിന്റെ പ്രതാപം മങ്ങുന്നു

ഇന്ത്യയിലെ ഡിട്രോയിറ്റിന്റെ പ്രതാപം മങ്ങുന്നു

വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ആന്ധ്ര പ്രദേശും പുതുതായി രൂപംകൊണ്ട തെലങ്കാനയും ശക്തമായി രംഗത്തുണ്ട്

ചെന്നൈ / ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഡിട്രോയിറ്റ് എന്നറിയപ്പെടുന്ന ചെന്നൈയുടെ പ്രതാപം മങ്ങുന്നു. രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങളാണ് തമിഴ്‌നാട്ടിലേക്കുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നത്. പലരും തങ്ങളുടെ വ്യവസായ സ്ഥാപനങ്ങള്‍ 1,850 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പറിച്ചുനടുന്നത് പരിഗണിക്കുന്നു. ഒരുപാട് വ്യവസായ സ്ഥാപനങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റിക്കഴിഞ്ഞു.

വാഹന വ്യവസായത്തിന്റെ പേരിലാണ് തമിഴ്‌നാടിന്റെ തലസ്ഥാനത്തിന് ഇന്ത്യയിലെ ഡിട്രോയിറ്റ് എന്ന് വിളിപ്പേര് ലഭിച്ചത്. എന്നാല്‍ അമേരിക്കന്‍ നഗരത്തിന്റെ ഈ അപരന്‍ ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്. മാനുഫാക്ച്ചറിംഗ് പവര്‍ഹൗസ് എന്ന വിശേഷണത്തിന് കോട്ടം തട്ടിയിരിക്കുന്നു. ഇന്ത്യയിലെ വികസ്വര സംസ്ഥാനങ്ങളാണ് ഇപ്പോള്‍ മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നതായി പൊളിറ്റിക്കല്‍ റിസ്‌ക് കണ്‍സള്‍ട്ടിംഗ് കമ്പനിയായ യൂറേഷ്യ ഗ്രൂപ്പിന്റെ സീനിയര്‍ ഏഷ്യ അനലിസ്റ്റ് ശൈലേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഈ മുന്നേറ്റത്തിന് കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഈ പ്രവണതയ്ക്ക് മാറ്റം വന്നിരിക്കുന്നു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ഇപ്പോള്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളൊന്നും മോശക്കാരല്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വ്യവസായ സ്ഥാപനങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ആന്ധ്ര പ്രദേശും പുതുതായി രൂപംകൊണ്ട തെലങ്കാനയും ശക്തമായി രംഗത്തുണ്ട്. ഗ്രാമീണ മേഖലകളില്‍ വലിയ തോതില്‍ സ്ഥലമേറ്റെടുക്കാന്‍ കഴിയുമെന്നതാണ് ഈ സംസ്ഥാനങ്ങളുടെ പ്രത്യേകതയെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഭൂരിപക്ഷ ഓഹരി ഉടമയായ സുന്ദരം ക്ലേടണ്‍ ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ ചൂണ്ടിക്കാണിച്ചു. ആന്ധ്രയുടെയും തെലങ്കാനയുടെയും വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പലരും തങ്ങളുടെ വ്യവസായ സ്ഥാപനങ്ങള്‍ 1,850 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പറിച്ചുനടുന്നത് പരിഗണിക്കുന്നു

ടെക് മേഖലയിലെ ആന്ധ്ര പ്രദേശിന്റെ മികവാണ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ ശക്തി. പുതിയ തലസ്ഥാനമായ അമരാവതിയെ സിംഗപുര്‍-സ്റ്റൈല്‍ ഫിന്‍ടെക് സിറ്റിയായി ഉയര്‍ത്താനാണ് നായിഡു ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സ്‌പെഷല്‍ ചീഫ് സെക്രട്ടറിയായ ജെഎ ചൗധരി ഇക്കാര്യം തലകുലുക്കി സമ്മതിക്കുന്നു. ഭരണം, നിക്ഷേപം ആകര്‍ഷിക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.

നിക്ഷേപം ആകര്‍ഷിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരത്തെ സ്വാഗതം ചെയ്യുകയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനം വിടുകയാണെന്നത് അപവാദപ്രചാരണം മാത്രമാണെന്ന് തമിഴ്‌നാട് വ്യവസായ മന്ത്രി എംസി സമ്പത്ത് പ്രതികരിച്ചു. പ്യൂഷോ, സിട്രോണ്‍ കാറുകള്‍ പുറത്തിറക്കുന്ന ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താനൊരുങ്ങുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ നല്ല സ്ഥലം ചെന്നൈ ആണെന്നും മന്ത്രി പറഞ്ഞു. 2015 മുതല്‍ തമിഴ്‌നാട്ടില്‍ 5.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം വന്നുചേര്‍ന്നതായി ആഗോള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ജെഎല്‍എല്‍ പ്രസ്താവിച്ചു.

തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കേരള, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബീഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മികച്ച സാമൂഹ്യ സൂചകങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്. 20 കോടി ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശിനേക്കാള്‍ കൂടുതല്‍ ഫാക്ടറികള്‍ 5 കോടി ജനങ്ങളുള്ള ആന്ധ്ര പ്രദേശിലുണ്ട്.

Comments

comments

Categories: Auto