ജിഡിപി വളര്‍ച്ചയിലെ യാഥാര്‍ഥ്യങ്ങള്‍

ജിഡിപി വളര്‍ച്ചയിലെ യാഥാര്‍ഥ്യങ്ങള്‍

തുടര്‍ച്ചയായ അഞ്ചു പാദങ്ങളിലെ വീഴ്ചയ്ക്കുശേഷം ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.3 ശതമാനമായി ഉയര്‍ന്നു

രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന രണ്ടാം പാദത്തിലെ സാമ്പത്തിക വളര്‍ച്ചാ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നു. സാമ്പത്തിക വളര്‍ച്ച ഒടുവില്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നുവെന്നത് നരേന്ദ്ര മോദി സര്‍ക്കാരിന് ആശ്വാസമേകുന്ന വസ്തുതയാണ്. തുടര്‍ച്ചയായ അഞ്ചു പാദങ്ങളിലെ വീഴ്ചയ്ക്കുശേഷം ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.3 ശതമാനമായി ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 5.7 ശതമാനം മാത്രമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ തിരിച്ചുവരവ് ചെറിയ തോതിലെങ്കിലും ആശ്വാസത്തിനുള്ള വക നല്‍കുന്നുണ്ട്. എന്നിരുന്നാലും, 2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശം പാദത്തില്‍ പോലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമെന്ന നിരക്കിലേക്ക് താഴ്‌നിന്നിട്ടില്ലയെന്നത് ചൂണ്ടിക്കാട്ടാതിരിക്കാന്‍ സാധിക്കില്ല.

ആഗോള സമ്പദ് വ്യവസ്ഥ അക്കാലത്ത് അത്തരം വളര്‍ച്ചയ്ക്ക് ഉതകുന്നതായിരുന്നുവെന്നതിനാല്‍ ഈ താരതമ്യം അപര്യാപ്തമാണെന്ന് ചിലര്‍ പറയാറുണ്ട്. എന്നിരുന്നാലും കഴിഞ്ഞ അഞ്ചു പാദങ്ങളിലെ വളര്‍ച്ചാ ഇടിവില്‍ ആഭ്യന്തരമായ ഘടകങ്ങളുണ്ടാക്കിയ സ്വാധീനം നിരാകരിക്കാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച്, ആഗോള വളര്‍ച്ച 2011ല്‍ തന്നെ വേഗത്തിലായെന്ന് ഒഇസിഡി കണക്കുകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍. വളര്‍ച്ചാ നിരക്കില്‍ വന്ന ഇടിവിന്റെ കാര്യത്തില്‍ നോട്ട് അസാധുവാക്കലും ജിഎസ്ടിയും മാത്രമല്ല പ്രതികള്‍. അതിനും മുന്‍പ് തന്നെ സാമ്പത്തിക രംഗത്തെ തകര്‍ച്ച ആരംഭിച്ചിരുന്നു. കിട്ടാക്കടത്തിലുണ്ടായ വര്‍ധന സ്വകാര്യ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിച്ചു.

ജിഎസ്ടി, റെറ, പാപ്പരത്ത നിയമം എന്നിവ പോലുള്ള സമീപ കാല പരിഷ്‌കാരങ്ങളുടെ പൂര്‍ണമായ ഫലങ്ങള്‍ പ്രകടമായി തുടങ്ങുമ്പോള്‍ സ്വകാര്യ മേഖലയുടെ തിരിച്ചുവരവു സാധ്യമാകുമെന്നും ഉല്‍പ്പാദന-കയറ്റുമതി രംഗങ്ങള്‍ മുന്നോട്ട് പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്

എന്നിരുന്നാലും ഈ ഘടകങ്ങളെല്ലാം ചേര്‍ന്നുണ്ടാക്കിയ പ്രതികൂല സാഹചര്യം അതിന്റെ അവസാനത്തിലേക്ക് നീങ്ങുന്നതായാണ് കാണുന്നത്. ജിഎസ്ടിയും നോട്ട് അസാധുവാക്കലുമുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ തീവ്രത കുറയുന്നതായാണ് ജിഡിപി വളര്‍ച്ചാ നിരക്കിലുണ്ടായ ഉയര്‍ച്ച ചൂണ്ടിക്കാട്ടുന്നത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ചില സുപ്രധാന നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ നാം ഇപ്പോഴും ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം പുറത്തുകടന്നോ എന്ന ചോദ്യം ബാക്കിയാണ്.

കഴിഞ്ഞയാഴ്ച പുറത്തുവന്ന കണക്കുകള്‍, ഭാവിയില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന സൂചനയല്ല നല്‍കുന്നത്. ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ചയാണ് 6.3 ശതമാനം സാമ്പത്തിക വളര്‍ച്ചയെന്നതിന്റെ മുഖ്യ കാരണം. ഏപ്രില്‍ – ജൂണ്‍ പാദത്തിലെ 1.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഉല്‍പ്പാദന മേഖലയിലുണ്ടായത്. എന്നാല്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ (ഐഐപി) കണക്കുകള്‍ പ്രകാരം സമാന കാലയളവില്‍ ഉല്‍പ്പാദന രംഗത്തുണ്ടായ വളര്‍ച്ച 2.2 ശതമാനമാണ്. ഈ കണക്കുകള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണെന്നതാണ് വൈരുദ്ധ്യം.

കഴിഞ്ഞ അഞ്ചു പാദങ്ങളിലെ വളര്‍ച്ചാ ഇടിവില്‍ ആഭ്യന്തരമായ ഘടകങ്ങളുണ്ടാക്കിയ സ്വാധീനം നിരാകരിക്കാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച്, ആഗോള വളര്‍ച്ച 2011ല്‍ തന്നെ വേഗത്തിലായെന്ന് ഒഇസിഡി കണക്കുകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍. വളര്‍ച്ചാ നിരക്കില്‍ വന്ന ഇടിവിന്റെ കാര്യത്തില്‍ നോട്ട് അസാധുവാക്കലും ജിഎസ്ടിയും മാത്രമല്ല പ്രതികള്‍. അതിനും മുന്‍പ് തന്നെ സാമ്പത്തിക രംഗത്തെ തകര്‍ച്ച ആരംഭിച്ചിരുന്നു. കിട്ടാക്കടത്തിലുണ്ടായ വര്‍ധന സ്വകാര്യ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിച്ചു

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പ്പാദന വ്യാപ്തിയില്‍ വന്ന മാറ്റമാണ് ഐഐപി കണക്കാക്കുന്നത്. സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന മൂല്യ വര്‍ധനവാണ് ജിഡിപിയിലൂടെ വ്യക്തമാക്കുന്നത്. ഐഐപി ഡാറ്റ ഉല്‍പ്പാദന മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്താത്ത സാഹചര്യത്തിലും ജിഡിപിയില്‍ പ്രതിഫലിക്കുന്നത് അനുകൂലമായ വളര്‍ച്ചയാണ്. അതായത് ഉല്‍പ്പാദന മൂല്യത്തിന് ആനുപാതികമായി ഉല്‍പ്പാദന വ്യാപ്തിയില്‍ വളര്‍ച്ചയുണ്ടായിട്ടില്ല. തൊഴിലവസരങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് ഇത് അനുകൂലമായ പ്രവണതയല്ല. യഥാര്‍ഥ ഉല്‍പ്പാദനം നടക്കാതെയുള്ള വളര്‍ച്ചയെ പ്രധാനമായിക്കാണാന്‍ സാധിക്കില്ല.

രാജ്യത്തിന്റെ ധനക്കമ്മി കൂടുതല്‍ വഷളാകുന്നുവെന്നതാണ് മറ്റൊരു പ്രധാന വിഷയം. നടപ്പുവര്‍ഷത്തേക്ക് ബജറ്റില്‍ കണക്കാക്കിയിരിക്കുന്ന 96.1 ശതമാനത്തിലാണ് ധനക്കമ്മി എത്തിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലുമാസം ബാക്കി നില്‍ക്കേയാണ് 5.25 ലക്ഷം കോടി രൂപയായി ധനക്കമ്മി ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4.2 ലക്ഷം കോടി രൂപയായിരുന്നു ധനക്കമ്മി. ജിഡിപി കണക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഓഹരി വിപണികള്‍ പ്രതികൂലമായി പ്രതികരിച്ചത് ധനകമ്മിയിലുണ്ടായ ഈ വര്‍ധന കാരണമാണ്. സ്വകാര്യ നിക്ഷേപങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ പാദം മുതല്‍ ഗണ്യമായ പുരോഗതിയൊന്നും ദൃശ്യമായില്ല. ജിഡിപിയുമായി ശതമാന കണക്കില്‍ തട്ടിക്കുമ്പോല്‍ അറ്റ സ്ഥിര നിക്ഷേപത്തിലും ഇടിവാണുണ്ടായത്. സര്‍ക്കാര്‍ ചെലവിടലിലെ വര്‍ധനയാണ് സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ഏക ഘടകം. എന്നാല്‍ ഇതും പരിധി കടന്നിരിക്കുന്നു. വാര്‍ഷിക ലക്ഷ്യത്തിന്റെ 96 ശതമാനവും സര്‍ക്കാര്‍ നിലവില്‍ തന്നെ ചെലവിട്ടുകഴിഞ്ഞു. നേരത്തെ നിശ്ചയിച്ച പരിധിയില്‍ ചെലവിടല്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ ഭാവി വളര്‍ച്ചാ സാധ്യതകള്‍ നേട്ടമുണ്ടാക്കുന്ന തരത്തിലുള്ളതായല്ല കാണുന്നത്. സ്വകാര്യ മേഖലയുടെ ഉണര്‍വിനെ ആശ്രയിച്ചാവും ഭാവി വളര്‍ച്ചാ പ്രതീക്ഷകള്‍. നിരാശാജനകമായ പ്രകടനം കാഴ്ചവയ്ക്കുന്ന കയറ്റുമതി രംഗമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം. കഴിഞ്ഞ പാദത്തില്‍ വെറും 1.2 ശതമാനം മാത്രമായിരുന്നു കയറ്റുമതിയിലെ വളര്‍ച്ച. കയറ്റുമതിയില്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ട് ഒരു രാജ്യവും സുസ്ഥിര വളര്‍ച്ച നേടിയിട്ടില്ലെന്ന് പ്രമുഖ സാമ്പത്തിക മാധ്യമപ്രവര്‍ത്തകനായ സ്വാമിനാഥന്‍ എസ് അങ്കിലേശരീയ അയ്യര്‍ പറയുന്നു. 15 ശതമാനം വളര്‍ച്ചയെങ്കിലും കയറ്റുമതിയിലില്ലാതെ സാമ്പത്തിക വളര്‍ച്ച സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം വിലയിരുത്തി. കയറ്റുമതി രംഗത്തെ ഇന്ത്യയുടെ ഒതുങ്ങിയ പ്രകടനം കുഴപ്പിക്കുന്നതാണ്. അതിനാല്‍ വളര്‍ച്ചയെ തടസപ്പെടുത്തുന്ന ഘടകങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അടുത്തിടെ നടപ്പാക്കിയ ജിഎസ്ടി ഇതിന് ശരിയാശ ദിശ പകരും. ഈ നയങ്ങള്‍ കയറ്റുമതി വളര്‍ച്ച ഉയര്‍ത്തും.

മുകളില്‍ സൂചിപ്പിച്ച ഘടകങ്ങളും സ്വകാര്യ നിക്ഷേപം ദുര്‍ബലമായി തുടരുന്നുവെന്ന വസ്തുതയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇരുണ്ട ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്ത ഏതാനും പാദങ്ങളില്‍ കൂടി ഇതേ അവസ്ഥ തുടരും. ജിഎസ്ടി, റെറ, പാപ്പരത്ത നിയമം എന്നിവ പോലുള്ള സമീപ കാല പരിഷ്‌കാരങ്ങളുടെ പൂര്‍ണമായ ഫലങ്ങള്‍ പ്രകടമായി തുടങ്ങുമ്പോള്‍ സ്വകാര്യ മേഖലയുടെ തിരിച്ചുവരവു സാധ്യമാകുമെന്നും ഉല്‍പ്പാദന-കയറ്റുമതി രംഗങ്ങള്‍ മുന്നോട്ട് പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതുവരെയുള്ള ഏക പ്രതീക്ഷ ആകര്‍ഷകമായ ഡിമാന്‍ഡുകളുടെ സ്രോതസായ, അനുകൂല പ്രകടനം കാഴ്ചവയ്ക്കുന്ന ബാഹ്യ മേഖലയാണ് (exernal sector).

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസിന്റെ അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider