റേഞ്ച് റോവര്‍ വെലാര്‍ അവതരിപ്പിച്ചു

റേഞ്ച് റോവര്‍ വെലാര്‍ അവതരിപ്പിച്ചു

മുംബൈ എക്‌സ് ഷോറൂം വില 78.83 ലക്ഷം മുതല്‍ 1.37 കോടി രൂപ വരെ

ന്യൂ ഡെല്‍ഹി : റേഞ്ച് റോവര്‍ വെലാറിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. 78.83 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. മുംബൈ എക്‌സ് ഷോറൂം വില. 2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ബേസ് വേരിയന്റുകള്‍ക്കാണ് ഈ വില. 3 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനുമായി വരുന്ന ഫസ്റ്റ് എഡിഷന്‍ എന്ന ടോപ് വേരിയന്റിന് വില 1.37 കോടി രൂപയാണ്.

ജാഗ്വാര്‍ എഫ്-പേസിന്റെയും റേഞ്ച് റോവര്‍ വെലാറിന്റെയും പ്ലാറ്റ്‌ഫോം ഒന്നാണെങ്കിലും വെലാറിന് 72 മില്ലി മീറ്റര്‍ നീളം കൂടും. 4,803 എംഎം ആണ് റേഞ്ച് റോവര്‍ വെലാറിന്റെ നീളം. ലാന്‍ഡ് റോവര്‍ വാഹന നിരയില്‍ റേഞ്ച് റോവര്‍ ഇവോക്കിനും റേഞ്ച് റോവര്‍ സ്‌പോര്‍ടിനും ഇടയിലാണ് വെലാറിന് സ്ഥാനം. ബിഎംഡബ്ല്യു എക്‌സ് 6, പോര്‍ഷെ മകാന്‍ എന്നിവയാണ് ഈ പ്രീമിയം എസ്‌യുവിയുടെ എതിരാളികള്‍. വെലാറിന്റെ ബുക്കിംഗ് നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. ജനുവരി അവസാനത്തോടെ ഡെലിവറി തുടങ്ങും.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് വെലാര്‍ പുറത്തിറക്കിയിരിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ ഇന്‍ജീനിയം മോട്ടോര്‍ 180 പിഎസ് കരുത്തും 430 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിന്‍ 300 പിഎസ് കരുത്തും 700 എന്‍എം ടോര്‍ക്കുമാണ് സമ്മാനിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 6.7 സെക്കന്‍ഡ് മതി. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ മോട്ടോറാണ് പെട്രോള്‍ വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്നത്. 250 പിഎസ് കരുത്തും 365 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും.

വെലാറിന്റെ ബുക്കിംഗ് നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. ജനുവരി അവസാനത്തോടെ ഡെലിവറി തുടങ്ങും

നിരാശാജനകമെന്നുപറയട്ടെ, 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി6 എന്‍ജിന്‍ നല്‍കിയ (380 പിഎസ് കരുത്ത്, 450 എന്‍എം ടോര്‍ക്ക്, 0-100 കിമീ/മണിക്കൂര്‍-5.3 സെക്കന്‍ഡ്) വെലാറിന്റെ ഏറ്റവും പവര്‍ഫുള്‍ വേര്‍ഷന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ല. ലാന്‍ഡ് റോവറിന്റെ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എല്ലാ മോട്ടോറുകളും ബന്ധിപ്പിച്ചിരിക്കുന്നത്.

കമ്പനിയുടെ യുകെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ പ്ലാന്റിലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാര്‍ നിര്‍മ്മിക്കുന്നത്. ജാഗ്വാര്‍ എഫ്-പേസ്, ജാഗ്വാര്‍ എക്‌സ്ഇ, റേഞ്ച് റോവര്‍ സ്‌പോര്‍ട് എന്നിവ നിര്‍മ്മിക്കുന്നതും ഇവിടെതന്നെ.

റേഞ്ച് റോവര്‍ സ്‌പോര്‍ടില്‍ കാണുന്ന ഹെഡ്‌ലൈറ്റുകളുടെ സ്ലീക്കര്‍ വേര്‍ഷനാണെന്ന് തോന്നുന്നു വെലാറിലേത്. വലിയ ഗ്രില്ല് റേഞ്ച് റോവര്‍ വോഗിനെ അനുസ്മരിപ്പിക്കും. 4,803 എംഎം നീളം, 1,903 എംഎം വീതി, 1,665 എംഎം ഉയരം എന്നിവയാണ് വെലാറിന്റെ അളവുകള്‍. 650 എംഎം ആണ് വേഡിംഗ് ഡെപ്ത്.

പുതിയ ടച്ച് പ്രോ ഡുവോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം റേഞ്ച് റോവര്‍ വെലാറിലെ ഫീച്ചറാണ്. ഡാഷ്‌ബോര്‍ഡിലും തൊട്ടുതാഴെയുമായി രണ്ട് 10 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീനുകള്‍ കാണാം. മുകളിലേത് നാവിഗേഷന്‍, മീഡിയ, ഫോണ്‍ മെനു എന്നിവയ്ക്കായി ഉപയോഗിക്കാം. ക്ലൈമറ്റ് കണ്‍ട്രോള്‍, ടെറെയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റം എന്നിവ താഴത്തെ സ്‌ക്രീനില്‍ കൈകാര്യം ചെയ്യാം.

Comments

comments

Categories: Auto