ജനുവരി ഒന്നുമുതല്‍ സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധം

ജനുവരി ഒന്നുമുതല്‍ സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് നിര്‍ബന്ധം

ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായും ഹാജര്‍ ബന്ധിപ്പിക്കും

തിരുവനന്തപുരം: അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ സെക്രട്ടറിയറ്റില്‍ പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കികൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂവെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. എല്ലാ ജീവനക്കാരും പുറമേ കാണും വിധം തിരിച്ചറിയില്‍ കാര്‍ഡ് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

15ന് മുന്‍പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കു വേറെ ഓഫീസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താനും കഴിയുന്ന സംവിധാനമാണിത്. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായും ഹാജര്‍ ബന്ധിപ്പിക്കും.

നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിംഗ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. സ്പാര്‍ക്കുമായി പഞ്ചിംഗ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല. നിലവില്‍ പഞ്ചിംഗ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജര്‍ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിര്‍ണയിക്കുന്നത്. മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കില്‍ ഒപ്പിടലില്‍ ഇളവും ലഭിക്കും. എന്നാല്‍, സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് പഞ്ചിംഗ് വരുന്നതോടെ ഇത് നടക്കില്ല. മാത്രമല്ല മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസം അവധിയായി രേഖപ്പെടുത്തുകയും ചെയ്യും.

കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടേറെ ഓഫീസുകളില്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ നടപ്പാക്കിയ പഞ്ചിംഗ് സോഫ്റ്റ്‌വെയര്‍ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. ഇത് നടപ്പാക്കുന്നതിനു മുന്നോടിയായി സ്പാര്‍ക്കിനെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിംഗ് ഉടന്‍ നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ വഴിയാണ് പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ വാങ്ങുക.

Comments

comments

Categories: Slider, Top Stories

Related Articles