സമുദ്രങ്ങള്‍ അഭിമുഖീകരിക്കുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി: സര്‍ ഡേവിഡ് ആറ്റന്‍ബറോ

സമുദ്രങ്ങള്‍ അഭിമുഖീകരിക്കുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി: സര്‍ ഡേവിഡ് ആറ്റന്‍ബറോ

ലോകത്തിലെ സമുദ്രങ്ങള്‍ അഭിമുഖീകരിക്കുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയാണെന്നു സര്‍ ഡേവിഡ് ആറ്റന്‍ബറോ. ആഗോള ജൈവവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണു സമുദ്രങ്ങളെന്നും ഭൂമിയിലെ എല്ലാ ജീവികളുടെയും ഭാവി, മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, പ്ലാസ്റ്റിക് മാലിന്യം, അമിതതോതിലുള്ള മല്‍സ്യബന്ധനം, ശബ്ദമലിനീകരണം തുടങ്ങിയവ സമുദ്രങ്ങളിലുണ്ടാക്കുന്ന ദുരന്തങ്ങളെ കുറിച്ചു പരമ്പരയായ ബ്ലൂ പ്ലാന്റ്-2 ന്റെ അവസാന ഭാഗത്ത് വിവരിക്കുമെന്ന് ഡേവിഡ് ആറ്റന്‍ബറോ പറഞ്ഞു.

‘സമുദ്രം വളരെ വലുതാണെന്നു നമ്മള്‍ വര്‍ഷങ്ങളോളം കരുതിയിരുന്നു. അതില്‍ വസിക്കുന്നവര്‍ അസംഖ്യമായിരുന്നുവെന്നും നമ്മള്‍ കരുതിയിരുന്നു. അതു കൊണ്ടു തന്നെ നമ്മളുടെ പ്രവര്‍ത്തികള്‍ അവയെ ബാധിക്കില്ലെന്നും കരുതിയിരുന്നു. എന്നാല്‍ ആ ധാരണ തെറ്റായിരുന്നെന്നു ബോദ്ധ്യപ്പെട്ടിരിക്കുന്നെന്ന് ‘ ആറ്റന്‍ബറോ പറഞ്ഞു. മനുഷ്യന്റെ ഓരോ പ്രവര്‍ത്തികള്‍ക്കും സമുദ്രത്തില്‍ സുപ്രധാനമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ളതാണ്. തീര്‍ച്ചയായും നമ്മുടെ നീലഗ്രഹത്തെ(ഭൂമിയെയാണ് നീല ഗ്രഹം അഥവാ ബ്ലൂ പ്ലാനറ്റ് എന്നു വിശേഷിപ്പിക്കുന്നത്) പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതി സ്‌നേഹിയും ബിബിസി ബ്രോഡ്കാസ്റ്ററുമായും പ്രവര്‍ത്തിക്കുകയാണ് 91-കാരനായ സര്‍ ഡേവിഡ് ഫ്രെഡറിക് ആറ്റന്‍ബറോ. ബിബിസിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ബ്ലൂ പ്ലാനറ്റിന്റെ അവതാരകനാണ് ആറ്റന്‍ബറോ. ബ്ലൂ പ്ലാനറ്റ്-2 ന്റെ അവസാന ഭാഗം ഈ മാസം പത്തിന് ബിബിസിയില്‍ സംപ്രേക്ഷണം ചെയ്യും. ഈ സീരിയല്‍ ചിത്രീകരിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആറ്റന്‍ബറോ സഞ്ചരിച്ചിരുന്നു.

Comments

comments

Categories: FK Special