” എന്‍ഡിഎ വിടില്ല, പുറത്താക്കട്ടെ ”

” എന്‍ഡിഎ വിടില്ല, പുറത്താക്കട്ടെ ”

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാര നടപടികളെ പ്രതിപക്ഷ പാര്‍ട്ടികളെക്കാള്‍ എതിര്‍ത്ത് അടുത്തിടെ വാര്‍ത്തകളിലിടം പിടിച്ച എന്‍ഡിഎ സഖ്യകക്ഷിയാണ് ശിവസേന. സേനയുടെ രാഷ്ട്രീയ പദ്ധതികളും കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും തുറന്നു പറയുകയാണ് ശിവസേന സംസ്ഥാന പ്രസിഡന്റ് എംഎസ് ഭുവനചന്ദ്രന്‍

ബാല്‍ താക്കറെയെന്ന പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് 1960കളുടെ മധ്യത്തില്‍ ബോംബെ നഗരത്തില്‍ നിന്ന് മറാത്ത പ്രാദേശികവാദത്തിന്റെയും ഹിന്ദുത്വയുടെയും അടിത്തറയില്‍ സ്ഥാപിച്ച സംഘടനയാണ് ശിവസേന. ഹിന്ദു സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവാജിയുടെ സൈനികര്‍ എന്ന അര്‍ത്ഥത്തിലാണ് ശിവസേനയെന്ന പേര് ഉരുത്തിരിഞ്ഞത്. തൊഴില്‍ തേടി മുംബൈ നഗരത്തിന്റെ ഭാഗമായ മലയാളികളടക്കം അന്യസംസ്ഥാനക്കാരെ കായികമായി കൈകാര്യം ചെയ്താണ് ശിവസേന മറാത്ത മനസിലും മണ്ണിലും വേരുറപ്പിച്ചത്. ആദ്യത്തെ തിളപ്പൊന്നടങ്ങിയപ്പോള്‍ പ്രാദേശികവാദം മാറ്റിവെച്ച് ഹിന്ദുത്വ ദേശീയതയിലേക്ക് കാലൂന്നിയ സേന ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. 1995 മുതലുള്ള 5 വര്‍ഷം സംസ്ഥാനം ഭരിച്ചു. രാജ്യത്തെ ഏറ്റവും ധനികമായ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 25 വര്‍ഷമായി സേനയുടെ കൈവശമാണ്. എന്നാല്‍ മറാത്ത പ്രാദേശികവാദത്തിന്റെ പശ്ചാത്തലം സേനയെ മറ്റ് നാടുകളിലേക്ക് പടരുന്നതില്‍ നിന്ന് തടയുകയും ചെയ്തു. ബാല്‍ താക്കറെയുടെ മരണശേഷം സേനയുടെ ഗ്രാഫ് വീണ്ടും കൂപ്പുകുത്തി. ബിജെപിയുമായി നിരന്തര കലഹത്തിലൂടെ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ വളരാമെന്നാണ് സേനയുടെ പുതിയ കണക്കുകൂട്ടല്‍.

കേരളത്തില്‍ 1990ലാണ് തിരുവനന്തപുരം കേന്ദ്രമാക്കി സേനയുടെ സംസ്ഥാന ഘടകത്തിന്റെ സ്ഥാപനം. തുടര്‍ന്നിങ്ങോട്ടുള്ള കാല്‍പതിറ്റാണ്ട് ആംബുലന്‍സ് സര്‍വീസുകളും അന്നദാനവും പോലെ സേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാകാനും ഗണേശോത്സവം പോലെയുളള സാംസ്‌കാരിക പരിപാടികളിലൂടെ ജനങ്ങളിലേക്കെത്താനുമാണ് സേന ശ്രമിച്ചത്. ശ്രീപദ്മനാഭ ക്ഷേത്രത്തിന്റെ വടക്കേനടക്ക് സമീപമുള്ള സംസ്ഥാന ആസ്ഥാനത്തിരുന്ന് രണ്ടര പതിറ്റാണ്ടായി സംഘടനയെ നയിക്കുന്നത് എംഎസ് ഭുവനചന്ദ്രനാണ്. ബാല്‍ താക്കറെയുമായുണ്ടായിരുന്ന അടുത്ത ബന്ധം ഇപ്പോള്‍ മകന്‍ ഉദ്ധവുമായും നിലനിര്‍ത്തുന്ന ഭുവനചന്ദ്രന്‍ സേനയുടെ പരിപാടികള്‍ വ്യക്തമാക്കുന്നു.

ഹിന്ദുത്വ ആശയങ്ങള്‍ മുന്നോട്ടു വെച്ചാണ് ശിവസേനയും ബിജെപിയും വോട്ട് തേടിയത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടേയിരിക്കും. എന്‍ഡിഎ മുന്നണിയില്‍ നിന്ന് ഒരിക്കലും ഇറങ്ങിപ്പോരില്ല. അവര്‍ പുറത്താക്കട്ടെ എന്നാണ് കരുതുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിനാണ് മുന്നണിയില്‍ നിന്ന് പുറത്താക്കിയതെന്ന് ജനങ്ങള്‍ കാണും

എംഎസ് ഭുവനചന്ദ്രന്‍ ശിവസേന സംസ്ഥാന പ്രസിഡന്റ്

കേന്ദ്ര സര്‍ക്കാരിലും മഹാരാഷ്ട്ര സര്‍ക്കാരിലും നിന്നുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും സേന വിമര്‍ശിക്കുന്നത്. എതിര്‍പ്പിന് കാരണം?

കര്‍ഷകരും ചെറുകിടവ്യവസായികളും ചേരിനിവാസികളും അടങ്ങിയ സാധാരണക്കാര്‍ക്കായി ബിജെപിക്ക് വ്യക്തമായ പരിപാടിയില്ല എന്നതാണ് എതിര്‍പ്പിന് പ്രധാന കാരണം. കാര്‍ഷിക മേഖല നശിച്ചാല്‍ രാജ്യം നശിക്കും. വന്‍കിട വ്യവസായികളെയും നഗരവാസികളെയും മാത്രം കേന്ദ്രീകരിച്ചുള്ള ഭരണമാണ് മോദിയുടേത്. വാജ്‌പേയ് സര്‍ക്കാരിന്റെ പതനത്തിനും കാരണം ഇതായിരുന്നു.

എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പ് മാത്രമായിരുന്നോ ജിഎസ്ടിക്കും നോട്ട് അസാധുവാക്കലിനും എതിരെ ഉണ്ടായത്?

അല്ല, എല്ലാ മേഖലയെയും ബാധിക്കുന്ന രീതിയില്‍ ജിഎസ്ടി നടപ്പാക്കിയത് ഗുണകരമായില്ലെന്നാണ് ശിവസേനയുടെ അഭിപ്രായം. എല്ലാവരോടും കൂടിയാലോചിക്കാതെയും വിദഗ്ധാഭിപ്രായം തേടാതെയും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്.

തൊഴിലില്ലായ്മയടക്കം കേരളം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം തൊഴിലാളി സമരങ്ങളാണെന്ന കാഴ്ചപ്പാടിനോട് യോജിപ്പുണ്ടോ?

തൊഴിലാളികളുടെ മുകളില്‍ പഴിചാരി രക്ഷപെടാന്‍ ആര്‍ക്കും കഴിയില്ല. കേരളത്തിലെ രാഷ്ട്രീയ അതിപ്രസരമാണ് വാസ്തവത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം. കേരളത്തില്‍ ജനിക്കുന്നത് തന്നെ കമ്യൂണിസ്റ്റും കോണ്‍ഗ്രസും ക്രിസ്ത്യാനിയും മുസ്ലീമുമായാണ്. രാജ്യവികസനം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നതൊന്നും ചിന്തിക്കാതെ കൊടി മാത്രം നോക്കുന്നു. ഇത് മാറിയാലേ തൊഴിലന്വേഷിച്ചുള്ള പരക്കംപായല്‍ അവസാനിക്കൂ. മഹാരാഷ്ട്രയില്‍ 35 ലക്ഷം മലയാളികളാണ് തൊഴിലും ജീവിതവും തേടിയെത്തിയിരിക്കുന്നത്. ഗുജറാത്തില്‍ 20 ലക്ഷം മലയാളികളുണ്ട്. തമിഴ്‌നാട്ടില്‍ 6 ലക്ഷം മലയാളി വ്യവസായികളാണ് യൂണിറ്റുകള്‍ തുടങ്ങിയിരിക്കുന്നത്. കര്‍ണാടകയിലും ലക്ഷക്കണക്കിന് മലയാളികള്‍. ഉപ്പു മുതല്‍ വസ്ത്രം വരെ അന്യനാടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മാറിമാറി ഭരിച്ച രാഷ്ട്രീയക്കാരാണ് ഇതിന് ഉത്തരവാദികള്‍. നിലവിലെ ഇടത് സര്‍ക്കാരും നേരായ പാത സ്വീകരിച്ചിട്ടില്ല. ആകെ സൃഷ്ടിക്കപ്പെട്ടത് എന്‍ജിനീയറിംഗ് കോളേജുകള്‍ മാത്രമാണ്. പണപ്പിരിവ് ഉദ്ദേശിച്ച് വ്യവസായികളാണ് ഇത് തുടങ്ങിയത്.

വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുകൂല കാലാവസ്ഥയില്ലെന്ന പ്രചാരണം ശരിയാണോ?

വ്യവസായങ്ങള്‍ നാടുവിടാന്‍ കാരണം ഉദ്യോഗസ്ഥമേധാവിത്തമാണ്. അപേക്ഷ കൊടുത്താല്‍ വില്ലേജ്ഓഫീസ് മുതല്‍ പൊല്യൂഷനും വാട്ടര്‍ അതോറിറ്റിയുമടക്കം അനുമതി വൈകിപ്പിക്കുന്നു. എങ്ങനെ അനുമതി നിഷേധിക്കാമെന്നാണ് ഉദ്യോഗസ്ഥരും ബാങ്കും ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലും മറ്റും ഫൈവ് സ്റ്റാര്‍ സംവിധാനം പ്രകാരം അപേക്ഷിച്ച് 15 ദിവസത്തിനകം പരിശോധിച്ച് അനുമതി നല്‍കിയിരിക്കണം. അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി വരും.

കേരളത്തില്‍ സേനയും ബിജെപിയും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് കാര്യമായ വളര്‍ച്ച ഉണ്ടായിട്ടില്ലല്ലോ ?
ന്യൂനപക്ഷ വിഭാഗങ്ങള്‍ അന്‍പത് ശതമാനത്തിന് മുകളിലുള്ള ഇവിടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. ദേശീയത അടിസ്ഥാനമാക്കിയ രാഷ്ട്രീയമാണ് സേന മുന്നോട്ട് വെക്കുന്നത്. എതു മതമായാലും രാജ്യത്തിനോട് കൂറുള്ള ആളാവണം ഭരണാധികാരിയായി വരേണ്ടത്. മതത്തോടല്ല രാജ്യത്തോടാവണം പ്രാഥമിക കടപ്പാട്.

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തതിനെകുറിച്ച് ?

രാഷ്ട്രീയം തൊഴിലാക്കരുതെന്നാണ് സേന പറയുന്നത്. ഓരോ യൂണിറ്റും തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുകയും 5 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ തയാറാവുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്. എല്ലായിടത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍, രക്തദാനം തുടങ്ങിയവ സംഘടിപ്പിക്കണമെന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സേന പറഞ്ഞിട്ടുണ്ട്. അന്ന് പരിഹസിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് അതേ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു.

Comments

comments

Categories: FK Special, Slider