ഡബ്ല്യുടിഒയ്ക്ക് മുന്‍കൂര്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഇന്ത്യ

ഡബ്ല്യുടിഒയ്ക്ക് മുന്‍കൂര്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഇന്ത്യ

കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ലോക വ്യാപാര സംഘടന ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രാണ് രാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത്

ന്യൂഡെല്‍ഹി: ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഇതു സംബന്ധിച്ച് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യ്ക്ക് രാജ്യങ്ങള്‍ മുന്‍കൂറായി നോട്ടീസ് അയക്കണമെന്ന നിര്‍ദേശം തള്ളി ഇന്ത്യ. ഇത്തരത്തില്‍ നോട്ടീസ് അയക്കുന്നത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഉദ്ദേശ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് പ്രായോഗികമല്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ലോക വ്യാപാര സംഘടനയെ മുന്‍കൂട്ടി അറിയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശം സിംഗപ്പൂരാണ് മുന്നോട്ടുവെച്ചത്. ഈ മാസം 10 മുതല്‍ 13 വരെ ലോക വ്യാപാര സംഘടനയിലെ അംഗ രാഷ്ട്രങ്ങളുടെ സമ്മേളനം നടക്കാനിരിക്കെയാണ് സിംഗപ്പൂര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ജപ്പാനും ഇസ്രയേലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് 30 ദിവസം മുന്‍പ് ഇക്കാര്യം ലോക വ്യാപാര സംഘടനയെ അറിയിക്കണമെന്നും നിയന്ത്രണം കൊണ്ടുവരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കില്ലെന്ന വ്യക്തമായ നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്.

ലോക വ്യാപാര സംഘടനയുടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇറക്കുമതിയേക്കാള്‍ ഭക്ഷ്യ കയറ്റുമതി അധികമുള്ള വികസ്വര രാഷ്ട്രങ്ങളാണ് ഇതുസംബന്ധിച്ച വിശദീകരണം സമര്‍പ്പിക്കേണ്ടത്. ഇത് തിരുത്തി ഒരു വികസ്വര രാജ്യം ഭക്ഷ്യ ഇറക്കുമതിക്കാരാണെങ്കില്‍ അതിനുള്ള സാഹചര്യവും ഡാറ്റയും വ്യക്തമാക്കണമെന്ന രീതിയിലേക്ക് മാറ്റുന്നതിനെയും ഇന്ത്യ എതിര്‍ത്തു.

ആഭ്യന്തര വിപണിയില്‍ ക്ഷാമം നേരിട്ടപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതിനു വേണ്ടി ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി ഇന്ത്യ നിയന്ത്രിച്ചിട്ടുണ്ട്. ഉള്ളി, ഗോതമ്പ്, അരി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയ അവശ്യ ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി നിരുത്സാഹപ്പെടുത്തുന്നതിനും ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിനും വേണ്ടി ഇവയ്ക്ക് ഇന്ത്യ ഏറ്റവും കുറഞ്ഞ കയറ്റുമതി വിലയും ചില സമയങ്ങളില്‍ ഇന്ത്യ നിശ്ചയിക്കാറുണ്ട്.

കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ലോക വ്യാപാര സംഘടന ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രാണ് രാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. നിയന്ത്രണം താല്‍ക്കാലികവും അവശ്യ ഭക്ഷ്യസാധനങ്ങള്‍ക്ക് മാത്രമായുള്ളതും ആയിരിക്കണം. രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഭക്ഷ്യ സംഭരണത്തിന് മേലുള്ള നിയന്ത്രണം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെടുന്ന നിര്‍ദേശം ഇത് രണ്ടാം തവണയാണ് സിംഗപ്പൂര്‍ മുന്നോട്ടുവെക്കുന്നത്. കയറ്റുമതിയിലെ സുതാര്യത മെച്ചപ്പെടുത്തണമെന്ന വാദവുമായി ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം സിംഗപ്പൂര്‍ പേപ്പര്‍ സമര്‍പ്പിച്ചത്.

Comments

comments

Categories: Top Stories

Related Articles