ഫോക്‌സ്‌വാഗണ്‍ മുന്‍ എക്‌സിക്യൂട്ടീവിന് ഏഴ് വര്‍ഷം ജയില്‍

ഫോക്‌സ്‌വാഗണ്‍ മുന്‍ എക്‌സിക്യൂട്ടീവിന് ഏഴ് വര്‍ഷം ജയില്‍

ജര്‍മ്മന്‍ സ്വദേശിയായ ഒളിവര്‍ ഷ്മിറ്റ് നാല് ലക്ഷം ഡോളര്‍ പിഴയും ഒടുക്കണം

ഡിട്രോയിറ്റ് : ഫോക്‌സ്‌വാഗണ്‍ വാഹനങ്ങളുടെ ബഹിര്‍ഗമന കാര്യങ്ങളില്‍ മേല്‍നോട്ടം വഹിച്ചിരുന്ന എക്‌സിക്യൂട്ടീവിന് അമേരിക്കന്‍ കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജര്‍മ്മന്‍ സ്വദേശിയായ ഒളിവര്‍ ഷ്മിറ്റ് നാല് ലക്ഷം ഡോളര്‍ പിഴയും ഒടുക്കണം. ഡീസല്‍ ബഹിര്‍ഗമന തട്ടിപ്പില്‍ ഇദ്ദേഹത്തിന് പങ്കുള്ളതായി കോടതി കണ്ടെത്തിയതിനെതുടര്‍ന്നാണ് ശിക്ഷ. യുഎസ് റെഗുലേറ്ററി സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നും ശുദ്ധ വായു നിയമങ്ങള്‍ ലംഘിച്ചെന്നും ഒളിവര്‍ ഷ്മിറ്റ് നേരത്തെ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്.

ഒളിവര്‍ ഷ്മിറ്റിനെതിരെ കോടതി രൂക്ഷമായ ഭാഷ പ്രയോഗിച്ചു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനെ വഞ്ചിക്കുന്നതില്‍ ഒളിവര്‍ ഷ്മിറ്റ് ഗൂഢാലോചന നടത്തി. ഡീസല്‍ ബഹിര്‍ഗമന തട്ടിപ്പിലൂടെ കമ്പനിക്കുമുന്നില്‍ സ്വയം ഷൈന്‍ ചെയ്യുകയായിരുന്നു. അതുവഴി ഫോക്‌സ്‌വാഗണിന്റെ ഉന്നത സ്ഥാനങ്ങളിലെത്താമെന്ന് സ്വപ്‌നം കണ്ടു എന്നും ഡിട്രോയിറ്റ് ജില്ലാ കോടതി ജഡ്ജി സീന്‍ കോക്‌സ് വിമര്‍ശിച്ചു. ഇതിനിടെ കുറ്റം സമ്മതിച്ചുകൊണ്ടുള്ള എഴുതിതയ്യാറാക്കിയ പ്രസ്താവന ഒളിവര്‍ ഷ്മിറ്റ് കോടതി മുമ്പാകെ വായിച്ചു. തെറ്റായ തീരുമാനങ്ങളാണ് എടുത്തതെന്നും അതിയായി ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒളിവര്‍ ഷ്മിറ്റിനെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

2015 ഫെബ്രുവരി വരെ മിഷിഗണിലെ ഔബേണ്‍ ഹില്‍സില്‍ പരിസ്ഥിതി, എന്‍ജിനീയറിംഗ് ഓഫീസിന്റെ ചുമതല ഒളിവര്‍ ഷ്മിറ്റിന് ആയിരുന്നു

ഫോക്‌സ്‌വാഗണില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നതില്‍ ഒളിവര്‍ ഷ്മിറ്റിന് സ്ഥാനമുണ്ടായിരുന്നുവെന്ന് യുഎസ് നീതിന്യായ വകുപ്പിനുവേണ്ടി അഭിഭാഷകനായ ബെഞ്ചമിന്‍ സിംഗര്‍ വാദിച്ചു. വാഹനങ്ങളുടെ ബഹിര്‍ഗമന ഫലം സംബന്ധിച്ച വസ്തുത റെഗുലേറ്റര്‍മാര്‍ക്കുമുന്നില്‍ തുറന്നുപറയുന്നതിന് പകരം ഷ്മിറ്റ് ഓരോ തവണയും കള്ളം പറയുകയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. എമിഷന്‍ ടെസ്റ്റുകളില്‍നിന്ന് രക്ഷപ്പെടുന്നതിന് വാഹനങ്ങളില്‍ രഹസ്യ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിരുന്നതായി മാര്‍ച്ച് മാസത്തില്‍ ഫോക്‌സ്‌വാഗണ്‍ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു.

ഒളിവര്‍ ഷ്മിറ്റിനുമേല്‍ പതിനൊന്ന് വകുപ്പുകളാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയിരുന്നത്. പരമാവധി 169 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ കുറ്റം സമ്മതിച്ചതോടെ മിക്ക വകുപ്പുകളും പ്രോസിക്യൂട്ടര്‍മാര്‍ ഒഴിവാക്കി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഷ്മിറ്റിനെ നാടുകടത്തും. 2015 ഫെബ്രുവരി വരെ മിഷിഗണിലെ ഔബേണ്‍ ഹില്‍സില്‍ പരിസ്ഥിതി, എന്‍ജിനീയറിംഗ് ഓഫീസിന്റെ ചുമതലയാണ് ഒളിവര്‍ ഷ്മിറ്റിന് ഫോക്‌സ്‌വാഗണ്‍ നല്‍കിയിരുന്നത്. വാഹനങ്ങളുടെ ബഹിര്‍ഗമന സംബന്ധമായ വിഷയങ്ങള്‍ ഇദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്.

2015 ഫെബ്രുവരിയില്‍ ജര്‍മ്മനിയിലെത്തിയ ഒളിവര്‍ ഷ്മിറ്റ് വാഹനങ്ങളില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിരുന്നതായി വെളിപ്പെടുത്തുകയായിരുന്നു. തട്ടിപ്പ് മറച്ചുവെയ്ക്കുന്നതിന് മറ്റ് എക്‌സിക്യൂട്ടീവുകളുമായി ഗൂഢാലോചനടത്തി. ഫോക്‌സ്‌വാഗണിന്റെ ഡീസല്‍ തട്ടിപ്പ് പുറത്തുവന്നതിനെതുടര്‍ന്ന് വാഹന വ്യവസായ മേഖലയില്‍ വലിയ കോളിളക്കമാണ് സംഭവിച്ചത്. യുഎസ്സിലെയും യൂറോപ്പിലെയും അധികൃതരുടെ സംശയം മറ്റെല്ലാ വാഹന കമ്പനികളിലേക്കും തിരിഞ്ഞു. ഡീസല്‍ എമിഷന്‍ സംബന്ധിച്ച് ഇവര്‍ അന്വേഷണം നടത്തിവരികയാണ്. ബിഎംഡബ്ല്യുവിന് എതിരെ പ്രാഥമിക അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പുകമഞ്ഞ് സൃഷ്ടിക്കുന്ന നൈട്രജന്‍ ഓക്‌സൈഡുകള്‍ അനുവദനീയമായതിനേക്കാള്‍ ഏഴ് മടങ്ങ് അധികം ബഹിര്‍ഗമനം നടത്തുന്ന വാഹനം വില്‍ക്കുന്നു എന്നാണ് ആരോപണം.

Comments

comments

Categories: Auto