കയറ്റുമതി പാക്കേജ് സ്വാഗതാര്‍ഹം

കയറ്റുമതി പാക്കേജ് സ്വാഗതാര്‍ഹം

ജിഎസ്ടി നിലവില്‍ വന്ന ശേഷം കയറ്റുമതി രംഗത്ത് താളപ്പിഴകള്‍ പ്രകടമായിരുന്നു. മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ശ്രമം വികസനാത്മകമാണ്

രാജ്യത്ത് ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയ ശേഷം വിവിധ രംഗങ്ങളില്‍ ചില താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. വികസനത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ട കയറ്റുമതി രംഗത്തും അത് പ്രകടമായിരുന്നു. പ്രത്യേകിച്ചും വിതരണ സംവിധാനങ്ങളിലും മറ്റും അസ്വസ്ഥതകള്‍ ഉടലെടുത്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച്ച കയറ്റുമതി പ്രോത്സാഹിപ്പിക്കുക, മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി 8,450 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. നിലവിലെ അവസ്ഥയില്‍ അനിവാര്യമാണ് ഇത്തരത്തിലുള്ള ഉത്തേജന പാക്കേജ്. 2015-2020 വിദേശ വ്യാപാര നയത്തിന്റെ മധ്യകാല പുനരവലോകനത്തിന്റെ ഭാഗമായിട്ടായിരുന്നു പുനരുജ്ജീവനപാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

അതേസമയം, ഇത് മാത്രം പോര മേഖലയുടെ വളര്‍ച്ചയ്ക്ക്. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണം. കയറ്റുമതിക്കാര്‍ക്ക് വിവിധ സംവിധാനങ്ങളിലെ ചുവന്ന നാട പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത് ഇല്ലാതാകണം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കയറ്റുമതി മേഖലയിലും നടപ്പാക്കാന്‍ സാധിച്ചാലേ ബിസിനസ് ചെയ്യുന്നത് സുഗമമാകൂ. ഇതിനോടൊപ്പം കയറ്റുമതിയിലെ വിവിധ തലങ്ങളില്‍ അതിയന്ത്രവല്‍ക്കരണ(ഓട്ടോമേഷന്‍)ത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും വേണം. അല്ലെങ്കില്‍ ലാഭകരമായി നിലനില്‍ക്കുന്നതിന് കടുത്ത വെല്ലുവിളി അഭിമുഖീകരിക്കേണ്ടിവരും.

ഇതിനായി കേന്ദ്രം പദ്ധതിയിട്ടിരിക്കുന്ന ദ്വിമുഖ തന്ത്രം എത്രമാത്രം ഫലവത്താകും എന്നാണ് കാണേണ്ടിയിരിക്കുന്നത്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ നേരത്തെ പറഞ്ഞതുപോലുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കയറ്റുമതി സംരംഭങ്ങളുടെ ഉല്‍പ്പാദനക്ഷമത കൂട്ടിയും അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ ലളിതവല്‍ക്കരിച്ചും ഈ മേഖലയെ ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ലെതര്‍, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, കാര്‍പ്പറ്റുകള്‍, കൃഷി, ടെലികോം, ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്ററന്റ്‌സ് തുടങ്ങിയ മേഖലകളില്‍ ഇതിന്റെ പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്.

2015ല്‍ പ്രഖ്യാപിച്ച ഫോറിന്‍ ട്രേഡ് പോളിസി പ്രകാരം കയറ്റുമതി ഇരട്ടിയാക്കി 2019-20ല്‍ 900 ബില്ല്യണ്‍ ഡോളറില്‍ എത്തിക്കുകയെന്ന വമ്പന്‍ ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കയറ്റുമതിയിലുണ്ടായിരിക്കുന്നത് നേരിയ വര്‍ധന മാത്രമാണ്. ഈ ലക്ഷ്യം എത്തിപ്പിടിക്കാന്‍ നിലവിലെ പ്രവര്‍ത്തനവേഗതയില്‍ സാധിക്കുമോയെന്നത് സംശയകരമാണ്.

ജിഎസ്ടി നിലവില്‍ വന്ന ശേഷം റീഫണ്ട് നടപടി വൈകുന്നത് കയറ്റുമതിക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. പണത്തിന്റെ ലഭ്യത കുറയുന്നതുകൊണ്ട് പല നടപടികളെയും ഇത് ബാധിക്കുന്നു. മിക്ക കയറ്റുമതി മേഖലകളും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നികുതിസംബന്ധമായ കാര്യങ്ങള്‍ ലളിതമാക്കാനാണല്ലോ ജിഎസ്ടി കൊണ്ടുവന്നത്. എന്നാല്‍ തുടക്കത്തിലെ ചില പ്രശ്‌നങ്ങളില്‍ സങ്കീര്‍ണത വ്യാപാരികള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കുകയെന്നതാകണം എത്ര തവണ നയങ്ങള്‍ പുനരവലോകനം ചെയ്താലും സര്‍ക്കാരിന്റെ അജണ്ട. കഴിഞ്ഞ ദിവസം ഫിനാന്‍സ് സെക്രട്ടറി ഹസ്മുഖ് അധിയ കയറ്റുമതി മേഖലയിലെ സംരംഭകര്‍ക്ക് കൊടുത്ത ഉറപ്പുകള്‍ എന്തായാലും ആശ്വാസം പകരുന്നുണ്ട്. സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നയങ്ങളില്‍ പുനരവലോകനം നടത്തുമെന്നും ഫണ്ടുകള്‍ ലഭിക്കുന്നത് വൈകുന്നതുകാരണമുള്ള പ്രവര്‍ത്തന മൂലധനത്തിലെ വിടവ് പരിഹരിക്കാന്‍ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ലോജിസ്റ്റിക്‌സില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുള്ള നയങ്ങളും സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ കൂടുതല്‍ മത്സരക്ഷമത കൈവരിച്ചാല്‍ മാത്രമേ കയറ്റുമതി രംഗത്ത് ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. അതിനാല്‍ തന്നെ ഈ രംഗത്ത് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഓരോ നയവും സസൂക്ഷ്മം നിരീക്ഷിക്കപ്പെടേണ്ടതുണ്ട്, യഥാസമയങ്ങളില്‍ അവ പുനരവലോകനം ചെയ്യപ്പെടുകയും വേണം.

Comments

comments

Categories: Editorial, Slider