ആഫ്രിക്കന്‍ വിപണികളില്‍ നിന്നുള്ള പുറത്തുകടക്കല്‍ എയര്‍ടെലിന് ഗുണകരം

ആഫ്രിക്കന്‍ വിപണികളില്‍ നിന്നുള്ള പുറത്തുകടക്കല്‍ എയര്‍ടെലിന് ഗുണകരം

നൈജീരിയയില്‍ 9മൊബിലിനെ ഏറ്റെടുത്തേക്കും

കൊല്‍ക്കത്ത: കെനിയ, റുവാന്‍ണ്ട, ടാന്‍സാനിയ എന്നിവിടങ്ങളിലെ ബിസിനസുകളില്‍ നിന്ന് പുറത്തു കടക്കാനും ലാഭകരമല്ലാത്ത അഞ്ച് വിപണികളിലെ ടവര്‍ ആസ്തികള്‍ വില്‍ക്കാനുമുള്ള തീരുമാനം ഭാരതി എയര്‍ടെലിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. ഇത് കമ്പനിയുടെ കടബാധ്യത കുറയ്ക്കുന്നതിനും മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ഈ മൂന്ന് ആഫ്രിക്കന്‍ വിപണികളില്‍ നിന്ന് ഉടന്‍ തന്നെ പുറത്ത് കടക്കുമെന്നും ഇതു സംബന്ധിച്ച് സജീവമായ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിലുള്ള ആസ്തി വില്‍പ്പന മാര്‍ജിനുകള്‍ വര്‍ധിപ്പിക്കാനും കടം കുറയ്ക്കാനും എയര്‍ടെലിനെ സഹായിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്‌സ് നിരീക്ഷിക്കുന്നത്. അതേസമയം നൈജീരിയിലെ നാലാമത്തെ വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ 9മൊബീലിനെ എയര്‍ടെല്‍ വാങ്ങുകയാണെങ്കില്‍ ഉപയോക്താക്കളുടെ അടിസ്ഥാനത്തില്‍ എയര്‍ടെലിന്റെ ആഫ്രിക്കയിലെ ഏറ്റവും വലിയ വിപണിയായി നൈജീരിയ മാറുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ഇതോടെ എയര്‍ടെലിന്റെ വരുമാനത്തിലെ 30 ശതമാനവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് നേടാന്‍ സാധിക്കും.

ഈ ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നൈജീരിയയിലെ നിലവിലെ വിപണി മേധാവിയായ എംടിഎന്നിനെ നേരിയതോതില്‍ പിന്തള്ളി എയര്‍ടെല്‍ മുന്നിലെത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ നൈജീരിയയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് എയര്‍ടെല്‍. 25 ശതമാനമാണ് എയര്‍ടെലിന്റെ ഉപഭോക്തൃ വിപണി വിഹിതം. 9മൊബീലിന് 12 ശതമാനം ഉപഭോക്തൃ വിപണി വിഹിതമാണ് ഉള്ളത്. എംടിഎന്നിന്റെ ഉപഭോക്തൃ വിപണി വിഹിതം 36 ശതമാനമാണ്. എയര്‍ടെല്‍ 9മൊബിലിനെ ഏറ്റെടുക്കുകയാണെങ്കില്‍ ഇരുകമ്പനികളുടെയും വിപണി വിഹിതം സംയോജിച്ച് 36 ശതമാനമാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ് പറയുന്നു.

ഭാരതി എയര്‍ടെലിന്റെ ആഫ്രിക്കന്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മൂന്ന്,നാല് വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയാണ്. 3.3 ബില്യണ്‍ ഡോളറോളം മൂല്യം വരുന്ന ആസ്തികള്‍ നീക്കം ചെയ്യാന്‍ സാധിച്ചത് കമ്പനിയുടെ അഫ്രിക്കന്‍ കടബാധ്യത 40 ശതമാനത്തോളം കുറയ്ക്കാന്‍ സാധിച്ചെന്നുമാണ് അനലിസ്റ്റുകള്‍ പറയുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ ആഫ്രിക്കയില്‍ 48 മില്യണ്‍ ഡോളര്‍ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 91 മില്യണ്‍ ഡോളര്‍ നഷ്ടം കമ്പനി രേഖപ്പെടുത്തിയിടത്താണ് ഈ നേട്ടം. ഡാറ്റ ഉപയോക്താക്കളുടെയും ഉപഭോഗത്തിന്റെയും വളര്‍ച്ച, കര്‍ശനമായ ചെലവ് നിയന്ത്രണങ്ങള്‍ എന്നിവയാണ് ഈ നേട്ടത്തിലേക്ക് എയര്‍ടെലിനെ എത്തിച്ചത്.

Comments

comments

Categories: Business & Economy