ഉപഭോക്തൃ ആത്മവിശ്വാസ സൂചിക നാല് വര്‍ഷത്തെ തഴ്ന്ന നിലയില്‍

ഉപഭോക്തൃ ആത്മവിശ്വാസ സൂചിക നാല് വര്‍ഷത്തെ തഴ്ന്ന നിലയില്‍

നോട്ട് അസാധുവാക്കല്‍ നയവും ജിഎസ്ടിയും രാജ്യത്തെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചു

ന്യൂഡെല്‍ഹി: നവംബറില്‍ ഉപഭോക്തൃ ആത്മവിശ്വാസ സൂചിക (സിസിഐ) 91.1 എന്ന തലത്തിലേക്ക് ഇടിഞ്ഞതായി കേന്ദ്ര ബാങ്ക് സര്‍വെ. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലമാണിത്. ഇതിനു മുന്‍പ് 2013 സെപ്റ്റംബറിലാണ് ഉപഭോക്തൃ ആത്മവിശ്വാസ സൂചിക ഇതിനേക്കാള്‍ താഴേക്ക് പോയിട്ടുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കി. അന്ന് 87.2 എന്ന തലത്തിലാണ് ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിന്റെ തോത് കണക്കാക്കിയിരുന്നത്.

സൂചിക 100ന് മുകളിലാണെങ്കില്‍ ശുഭാപ്തിവിശ്വാസത്തെയും 100ല്‍ താഴെയാണെങ്കില്‍ ആത്മവിശ്വാസക്കുറവിനെയുമാണ് സൂചിപ്പിക്കുന്നത്. തൊഴില്‍ സാധ്യതകളെ കുറിച്ചുള്ള ആശങ്കകളാണ് ഉപഭോക്തൃ ആത്മവിശ്വാസം കുറയാനുള്ള പ്രധാന കാരണമായി ആര്‍ബിഐ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുടെ ശതമാനം 2013 സെപ്റ്റംബറിനെ അപേക്ഷിച്ച് കുറവാണെന്നും ആര്‍ബിഐ സര്‍വെ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കല്‍ നയവും ജിഎസ്ടിയും രാജ്യത്തെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സര്‍വെ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം മേയ് മുതലുള്ള കണക്കെടുത്താല്‍ ഉപഭോക്തൃ ആത്മവിശ്വാസത്തില്‍ കുത്തനെയുള്ള ഇടിവ് നിരീക്ഷിച്ചതായും സര്‍വെ വെളിപ്പെടുത്തുന്നു. സെപ്റ്റംബറിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) അനുസരിച്ചാണ് സര്‍വെ ഫലം തയാറാക്കിയിട്ടുള്ളത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഉപഭോഗ വളര്‍ച്ച കഴിഞ്ഞ എട്ട് പാദങ്ങളിലെ ഏറ്റവും മോശം തലത്തിലായിരുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡെല്‍ഹി എന്നീ ആറ് മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വെ നടത്തിയത്.

Comments

comments

Categories: More