ഒത്തുതീര്‍പ്പ് ചര്‍ച്ച പരിഗണനനയിലെന്ന് ആര്‍കോം, എതിര്‍പ്പുമായി സിഡിബി

ഒത്തുതീര്‍പ്പ് ചര്‍ച്ച പരിഗണനനയിലെന്ന് ആര്‍കോം, എതിര്‍പ്പുമായി സിഡിബി

മുംബൈ: ചൈന ഡെവലപ്‌മെന്റ് ബാങ്കു(സിഡിബി)മായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരിഗണിക്കുകയാണെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം). ആര്‍കോമിന്റെ ഏറ്റവും വലിയ വായ്പാദാതാക്കളിലൊന്നായ സിഡിബി പാപ്പരത്ത പരാതിയുമായി കമ്പനിക്കെതിരെ നീങ്ങിയതിനെ തുടര്‍ന്നാണ് പുതിയ നടപടി. അതേസമയം ആര്‍കോമിനെതിരായ മറ്റ് പരാതികള്‍ക്കൊപ്പം തങ്ങളുടെ പാപ്പരത്ത പരാതിയും കൂട്ടിച്ചേര്‍ക്കണമെന്നാണ് സിഡിബിയുടെ ആവശ്യം.

പരാതിക്കാരില്‍ നിന്ന് തങ്ങള്‍ക്കൊരു ഇ-മെയ്ല്‍ ലഭിച്ചുവെന്നും തങ്ങള്‍ ചര്‍ച്ചയിലാണെന്നും ആര്‍കോമിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നിയമോപദേശകനായ നവ്രൊസ് സീര്‍വൈ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) അറിയിച്ചു. അതേസമയം രണ്ട് കമ്പനികളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് തന്റെ കക്ഷികള്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് സിഡിബി അഭിഭാഷകനായ ദാരിസ് ഖംബത ട്രൈബ്യൂണലിന് മുമ്പാകെ അറിയിച്ചു.

1.78 ബില്യണ്‍ ഡോളറോളമാണ് (11,460 കോടി രൂപ)ആര്‍കോം സിഡിബിക്ക് നല്‍കാനുള്ളത്. കമ്പനിയുടെ മൊത്തം കടബാധ്യതയുടെ ഏകദേശം 37.11 ശതമാനം വരുമിത്. നവംബര്‍ അവസാനമാണ് ആര്‍കോമിനും അനുബന്ധസ്ഥാനമായ റിലയന്‍സ് ടെലികോമിനുമെതിരെ സിഡിബി പാപ്പരത്ത പരാതി നല്‍കിയത്. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ് ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവയും ഈ നീക്കത്തില്‍ സിഡിബിയെ പിന്തുണയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Comments

comments

Categories: Business & Economy