ബിറ്റ്‌കോയിനിന്റെ വ്യാപാര മൂല്യം 15,000 ഡോളര്‍ കടന്നു

ബിറ്റ്‌കോയിനിന്റെ വ്യാപാര മൂല്യം 15,000 ഡോളര്‍ കടന്നു

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ കറന്‍സി ബിറ്റ്‌കോയിനിന്റെ വിനിമയ മൂല്യം 15,000 ഡോളര്‍ കടന്നു. ഷിക്കാഗോ ബോര്‍ഡ് ഓപ്ഷന്‍ എക്‌സ്‌ചേഞ്ചില്‍ ഈ വരുന്ന ഞായറാഴ്ച ബിറ്റ്‌കോയിന്‍ ഫ്യൂച്ചേഴ്‌സ് അവതരിപ്പിക്കാനിരിക്കെയാണ് വ്യപാര മൂല്യം ചരിത്രത്തിലെ ഏറ്റവും കൂടിയ ഉയരത്തിലെത്തിയിരിക്കുന്നത്.

ഇന്നലെ രാവിലെ നടന്ന വ്യാപാരത്തിനിടെ പത്ത് മണിയോടെയാണ് ബിറ്റ്‌കോയിനിന്റെ വിനിമയ മൂല്യം 15,000 ഡോളര്‍ കടന്ന് ഒരു യൂണിറ്റിന് 15,340 ഡോളറിലെത്തിയെത്തിയത്. 24 മണിക്കൂറിനിടെയിലെ ഏറ്റവും ഉയര്‍ന്ന മൂല്യം കൂടിയാണിത്. ഒരാഴ്ച മുമ്പാണ് ബിറ്റ്‌കോയിനിന്റെ മൂല്യം പതിനായിരം കടന്നത്.

ഈ വര്‍ഷം ആദ്യം 1,000 ഡോളറില്‍ താഴെയായിരുന്നു ബിറ്റ്‌കോയിന്‍ മൂല്യം. ഇവിടെ നിന്നാണ് ഈ വര്‍ഷം വന്‍ കുതിപ്പ് ബിറ്റ്‌കോയിന്‍ നടത്തിയത്. അമ്പരപ്പോടെയാണ് സാമ്പത്തിക വിദഗ്ധര്‍ ഇത് നോക്കികാണുന്നത്. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ തങ്ങളുടെ ആസ്തിയുടെ 1-3 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തരുതെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിന്‍ നിക്ഷേപകനായ പങ്കജ് ജയ്ന്‍ ചെറുകിട നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപ തുകയുടെ 5-10 ശതമാനത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ കറന്‍സികളില്‍ നിക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബിറ്റ്‌കോയിന്‍ കുതിപ്പിനനുസരിച്ച് നീങ്ങുന്നതിനു മുന്‍പ് പുതിയ നിക്ഷേപകര്‍ ആദ്യം ഇതിന്റെ സാങ്കേതികത്വം മനസിലാക്കണമെന്നും ജയ്ന്‍ പറഞ്ഞു. 2018ല്‍ ക്രിപ്‌റ്റോകറന്‍സി വിനിമയ മൂല്യം എളുപ്പത്തില്‍ 40,000 ഡോളറിലെത്തുമെന്നാണ് ശതകോടീശ്വരനായ മൈക്ക് നോവോഗ്രാറ്റ്‌സ് പ്രതികരിച്ചത്. വിവരസാങ്കേതിവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത സാങ്കല്‍പിക കറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഇന്റര്‍നെറ്റിലൂടെ മാത്രം വിനിമയം സാധ്യമാകുന്ന ക്രിപ്‌റ്റോകറന്‍സികളില്‍ ബിറ്റ്‌കോയിനാണ് പ്രസിദ്ധം. ഇത്തരം ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ അംഗീകരമില്ല.

Comments

comments

Categories: Slider, Top Stories