സമ്മര്‍ദിത ടെലികോം കമ്പനികള്‍ക്കുള്ള ആശ്വാസ നടപടികള്‍ തേടി ബാങ്കുകള്‍

സമ്മര്‍ദിത ടെലികോം കമ്പനികള്‍ക്കുള്ള ആശ്വാസ നടപടികള്‍ തേടി ബാങ്കുകള്‍

മൊത്തം 5,80,000 കോടി രൂപയുടെ ബാധ്യതയാണ് ടെലികോം മേഖലയ്ക്കുള്ളത്

ന്യൂഡെല്‍ഹി: വായ്പ പുനഃക്രമീകരണ നടപടികളിലൂടെ കടന്നുപോകുന്ന ടെലികോം കമ്പനികള്‍ക്ക് എയര്‍വേവുകളുമായി ബന്ധപ്പെട്ട പേമെന്റുകള്‍ റീഫണ്ട് ചെയ്ത് നല്‍കാന്‍ ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഈ കമ്പനികള്‍ സമയ പരിധി അവസാനിച്ചിട്ടും സ്‌പെക്ട്രം ഇനത്തില്‍ നല്‍കാനുള്ള തുകകള്‍ റദ്ദാക്കണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ടെലികോം സെക്രട്ടറിക്ക് കത്തയക്കുകയായിരുന്നു.

ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, എയര്‍സെല്‍ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അത് ആശ്വാസമായിരിക്കും. ഭീമമായ നഷ്ടവും കടബാധ്യതയും മൂലം പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനികള്‍ സമര്‍പ്പിച്ചിട്ടുള്ള ബാങ്ക് ഗ്യാരണ്ടികള്‍ തിരിച്ചുനല്‍കുന്നതിനെ കുറിച്ചും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നിന്നുള്ള വായ്പയും സ്‌പെക്ട്രം പേമെന്റ് ബാധ്യതയുമടക്കം മൊത്തം 5,80,000 കോടി രൂപയുടെ ബാധ്യതയാണ് ടെലികോം മേഖലയ്ക്കുള്ളത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ടെലികോം മേഖലയില്‍ നിന്നുള്ള ക്രമീകരിച്ച മൊത്തം വരുമാനത്തില്‍ (എജിആര്‍) വാര്‍ഷികാടിസ്ഥാനത്തില്‍ 25.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്നും ഐബിഎ കത്തില്‍ ചൂണ്ടിക്കാട്ടി.

കമ്പനികളുടെ നിലവിലുള്ള വരുമാനവും പ്രവര്‍ത്തന ലാഭവും വായ്പ തിരിച്ചടയ്ക്കുന്നതിനും സ്‌പെക്ട്രം ബാധ്യത തീര്‍ക്കുന്നതിനും മതിയാകില്ലെന്നാണ് ബാങ്കുകളുടെ നിരീക്ഷണം. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുള്ള മൊബീല്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കുന്നതിന് സ്‌പെക്ട്രം ഇനത്തില്‍ ഇവര്‍ സര്‍ക്കാരിന് നല്‍കാനുള്ള തുക ഒഴിവാക്കികൊടുക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ഈ തുക ബാങ്കുകളുടെ കടം തീര്‍ക്കുന്നതിന് കമ്പനികള്‍ വിനിയോഗിക്കുമെന്നും ഐബിഎ പറഞ്ഞു. നേരത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിന്റെയും എംടിഎന്‍എലിന്റെയും കാര്യത്തില്‍ ഇതിനു സമാനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതായി ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കടബാധ്യത കുറയ്ക്കുന്നതിനുള്ള തന്ത്രപരമായ വായ്പാ പുനഃക്രമീകരണ നടപടികളിലാണ്. 45,000 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. 15,500 കോടി രൂപയുടെ ബാധ്യത നേരിടുന്ന എയര്‍സെലും സമാനമായ നീക്കം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐഡിബിഐ തുടങ്ങി 20ല്‍ അധികം ബാങ്കുകളില്‍ നിന്നാണ് ആര്‍കോം കടമെടുത്തിട്ടുള്ളത്. ചൈനീസ് ബാങ്കുകളില്‍ നിന്നായി ഒരു ബില്യണ്‍ ഡോളറിന്റെ വായ്പയും ആര്‍കോം എടുത്തിട്ടുണ്ട്. ഇത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ചൈന ഡെവലപ്പ്‌മെന്റ് ബാങ്ക് കമ്പനിക്കെതിരെ പാപ്പരത്ത നടപടികള്‍ക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്.

Comments

comments

Categories: More