ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കല്‍ ഉപാധികളോടെ നീട്ടും

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കല്‍ ഉപാധികളോടെ നീട്ടും

വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും

ന്യൂഡെല്‍ഹി: ബാങ്ക് എക്കൗണ്ട്, വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി നീട്ടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇനിയും ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്ക് വേണ്ടി മാത്രമാണ് സമയം നീട്ടി നല്‍കുന്നതെന്നാണ് സൂചന. ഡിസംബര്‍ 31 എന്ന നിലവിലെ സമയപരിധിയില്‍ നിന്ന് 2018 മാര്‍ച്ച് 31 ലേക്കാണ് അവസാന തീയതി നല്‍കുക.

രാജ്യത്ത് 118 കോടി ജനങ്ങള്‍ ഇതിനകം ആധാര്‍ കാര്‍ഡ് എടുത്തതായാണ് കഴിഞ്ഞ ഓഗസ്റ്റുവരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. ഇത് മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തിന് മുകളിലാണ്. ഇവരെല്ലാം ഡിസംബര്‍ 31നകം ബാങ്ക് എക്കൗണ്ട്, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കുമെന്നാണ് സൂചന.

അതേസമയം, മൊബൈല്‍ ഫോണ്‍ നമ്പരും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ് തന്നെയായിരിക്കുമെന്നും മാറ്റമില്ലെന്നും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയെ അറിയിച്ചു. സമയ പരിധിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ അസാധുവായേക്കും.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ അടുത്തയാഴ്ച കോടതി പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിഷയത്തില്‍ അന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Slider, Top Stories