2018 യമഹ വൈഇസഡ്എഫ്-ആര്‍1 പുറത്തിറക്കി

2018 യമഹ വൈഇസഡ്എഫ്-ആര്‍1 പുറത്തിറക്കി

ന്യൂ ഡെല്‍ഹി : 2018 യമഹ വൈഇസഡ്എഫ്-ആര്‍1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടോക്കിയോ മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം കുറിച്ച് ഒട്ടും സമയം കളയാതെയാണ് സൂപ്പര്‍ബൈക്ക് ഇന്ത്യയിലെത്തിച്ചേര്‍ന്നത്. ജാപ്പനീസ് കമ്പനിയുടെ ഫഌഗ്ഷിപ്പ് ബൈക്കിന് 20.73 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫീച്ചറുകളും ടെക്‌നോളജികളും മെച്ചപ്പെടുത്തിയതിനൊപ്പം യമഹ വൈഇസഡ്എഫ്-ആര്‍1 ന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും യമഹ സമയം കണ്ടെത്തി. മുന്‍ഗാമിയെപ്പോലെ 2018 മോഡലും ഇന്ത്യയിലേക്ക് പൂര്‍ണ്ണമായി ഇറക്കുമതി ചെയ്യുകയാണ്. ടെക് ബ്ലാക്ക്, യമഹ ബ്ലൂ എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും.

 

                                                 ഡെല്‍ഹി എക്‌സ് ഷോറൂം വില 20.73 ലക്ഷം രൂപ

പുതിയ വൈഇസഡ്എഫ്-ആര്‍1 ഇന്ത്യന്‍ വിപണിയിലെ സൂപ്പര്‍ബൈക്ക് സെഗ്‌മെന്റില്‍ യമഹയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് യമഹ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ പറഞ്ഞു. റേസിംഗ് മെഷീന്‍ എന്ന് അറിയപ്പെടുന്ന യമഹയുടെ വൈഇസഡ്ആര്‍-എം1 ല്‍നിന്നുള്ള സാങ്കേതികവിദ്യയാണ് പുതിയ വൈഇസഡ്എഫ്-ആര്‍1 സ്വീകരിച്ചിരിക്കുന്നത്. യമഹയുടെ മികച്ച എയ്‌റോഡൈനാമിക്‌സാണ് വൈഇസഡ്എഫ്-ആര്‍1 ന്റെ പ്രത്യേകത. മോട്ടോജിപി മത്സരങ്ങള്‍ക്കുവേണ്ട ഗുണഗണങ്ങളും ഒരു പരിധി വരെ വൈഇസഡ്എഫ്-ആര്‍1 ന് നല്‍കിയിട്ടുണ്ട്. പുതിയ വൈഇസഡ്എഫ്-ആര്‍1 പുറത്തിറക്കുന്നതിലൂടെ സൂപ്പര്‍സ്‌പോര്‍ട്‌സ് സെഗ്‌മെന്റിലെ വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് യമഹയുടെ ലക്ഷ്യം. റേസിംഗ് തല്‍പ്പരരായ യുവാക്കളെയാണ് ഉപയോക്താക്കളായി യമഹ പ്രതീക്ഷിക്കുന്നത്.

ടെക് ബ്ലാക്ക്, യമഹ ബ്ലൂ എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും

മുന്‍ഗാമിയേക്കാള്‍ 2018 യമഹ വൈഇസഡ്എഫ്-ആര്‍1 ല്‍ മാറ്റങ്ങളൊന്നുമില്ല. അതേ ഡിസൈന്‍ ലാംഗ്വേജ് തന്നെ. എം1 ല്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാംപും. ഫെയറിംഗിനുള്ളില്‍ അതേ 998 സിസി ക്രോസ്-പ്ലെയ്ന്‍, 4 സിലിണ്ടര്‍, 4 വാല്‍വ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 197 ബിച്ച്പി കരുത്ത് പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് ഈ എന്‍ജിന്‍. നീളമേറിയ സ്വിംഗ്ആം, മഗ്നീഷ്യം റിയര്‍ ഫ്രെയിം, മഗ്നീഷ്യം വീലുകള്‍ എന്നിവ നല്‍കി.

ക്ലച്ച് ഉപയോഗിക്കാതെ അതിവേഗം ഗിയറുകള്‍ മാറ്റാന്‍ കഴിയുന്ന പുതിയ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം (ക്യുഎസ്എസ്) 2018 യമഹ ആര്‍1 ന് ലഭിച്ചു. 199 കിലോഗ്രാമാണ് ബൈക്കിന്റെ കെര്‍ബ് വെയ്റ്റ്. ഹോണ്ട സിബിആര്‍ 1000 ആര്‍ആര്‍ ഫയര്‍ബ്ലേഡ്, സുസുകി ജിഎസ്എക്‌സ്-ആര്‍ 1000 ആര്‍, കാവസാക്കി നിന്‍ജ ഇസഡ്എക്‌സ്-10 ആര്‍, ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍, അപ്രീലിയ ആര്‍എസ്‌വി-4 ഫാക്ടറി എന്നിവയാണ് എതിരാളികള്‍.

 

 

 

 

 

 

 

 

 

 

 

Comments

comments

Categories: Auto