01 എസ്‌യുവി : ചരിത്രത്തില്‍ ഏറ്റവും വേഗം വിറ്റുപോയ കാര്‍

01 എസ്‌യുവി : ചരിത്രത്തില്‍ ഏറ്റവും വേഗം വിറ്റുപോയ കാര്‍

ഹാങ്ഷു : ചൈനീസ് കമ്പനിയായ ലിങ്ക് ആന്‍ഡ് കമ്പനിയുടെ 01 എന്ന എസ്‌യുവി ചരിത്രത്തില്‍ ഏറ്റവും വേഗം വിറ്റുപോയ കാറായി മാറി. ആറായിരം കാറുകള്‍ വില്‍ക്കുന്നതിനുള്ള പ്രീ-ഓര്‍ഡര്‍ നവംബര്‍ 17 നാണ് ലിങ്ക് ആന്‍ഡ് കമ്പനി സ്വീകരിച്ചുതുടങ്ങിയത്. എന്നാല്‍ വെറും 137 സെക്കന്‍ഡ് സമയത്തിനുള്ളില്‍ 6,000 കാറുകളും ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വിറ്റുപോയി. കാറുകള്‍ വില്‍ക്കുന്നതിന് ചൈനയിലുടനീളം 150 സ്‌റ്റോറുകള്‍ തുറന്നത് വെറുതേയായി.

ലിങ്ക് ആന്‍ഡ് കമ്പനിയുടെ 01 എസ്‌യുവി ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യം ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗീലി പരിഗണിച്ചേക്കും

വാഹന ചരിത്രത്തില്‍ ഏറ്റവും വേഗം വിറ്റുപോയ കാര്‍ എന്ന ഖ്യാതിയാണ് 01 എസ്‌യുവി കരസ്ഥമാക്കിയത്. 01 എസ്‌യുവി ഇത്ര വേഗം വിറ്റുതീര്‍ന്നത് അതിശയപ്പെടുത്തുന്നതാണെന്നും എന്നാല്‍ വളരെയേറെ അഭിമാനിക്കുന്നതായും ലിങ്ക് ആന്‍ഡ് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് അലെയ്ന്‍ വിസ്സര്‍ പറഞ്ഞു.

ആറായിരം കാറുകള്‍ വില്‍ക്കുന്നതിനുള്ള പ്രീ-ഓര്‍ഡര്‍ നവംബര്‍ 17 നാണ് സ്വീകരിച്ചുതുടങ്ങിയത്. എന്നാല്‍ വെറും 137 സെക്കന്‍ഡിനുള്ളില്‍ 6,000 കാറുകളും ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വിറ്റുപോയി

ചൈനീസ് വാഹന ഗ്രൂപ്പായ ഗീലി ഒരു വര്‍ഷം മുമ്പാണ് ലിങ്ക് ആന്‍ഡ് കമ്പനി എന്ന ഓട്ടോമോട്ടീവ് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. പ്രധാനമായും ചൈനീസ് വിപണിയെന്ന ലക്ഷ്യത്തോടെ ലിങ്ക് ആന്‍ഡ് കമ്പനി പുതിയ കോംപാക്റ്റ് എസ്‌യുവി നിര്‍മ്മിക്കുമെന്ന് വോള്‍വോ, ലോട്ടസ് കമ്പനികളുടെ ഉടമസ്ഥരായ ഗീലി പ്രഖ്യാപിക്കുകയും ചെയ്തു. 01 എസ്‌യുവി ഈ വര്‍ഷമാദ്യമാണ് പ്രദര്‍ശിപ്പിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കി.

വോള്‍വോയില്‍നിന്ന് കടമെടുത്ത പെട്രോള്‍ എന്‍ജിനുകളാണ് നിലവില്‍ 01 എസ്‌യുവി ഉപയോഗിക്കുന്നത്. സമീപ ഭാവിയില്‍ 01 എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍ അവതരിപ്പിക്കാനാണ് ലിങ്ക് ആന്‍ഡ് കമ്പനിയുടെ തീരുമാനം. എല്ലാ ലോക വിപണികളിലും 01 എസ്‌യുവി വില്‍പ്പനയ്‌ക്കെത്തിക്കും.

വോള്‍വോ എക്‌സ്‌സി 40 നിര്‍മ്മിച്ച അതേ സിഎംഎ പ്ലാറ്റ്‌ഫോമിലാണ് 01 എസ്‌യുവി പണിതീര്‍ത്തത്. ഇന്ത്യന്‍ രൂപയുമായി ഒത്തുനോക്കുമ്പോള്‍, 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് ചൈനയില്‍ 01 എസ്‌യുവിയുടെ വില. യൂറോപ്പിലെത്തുമ്പോള്‍ വില വര്‍ധിക്കും.

എംജി ബ്രാന്‍ഡുമായി ഇന്ത്യയില്‍ പ്രവേശിക്കുന്നതിന്റെ തിരക്കിലാണ് ചൈനീസ് കമ്പനിയായ എസ്എഐസി. 01 എസ്‌യുവി ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യം മറ്റൊരു ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗീലി പരിഗണിച്ചേക്കും. വോള്‍വോ ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിച്ചുതുടങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

Comments

comments

Categories: Auto