നല്ല രക്ഷകര്‍ത്താവാകാന്‍ ‘വൗ പേരന്റിംഗ്’

നല്ല രക്ഷകര്‍ത്താവാകാന്‍ ‘വൗ പേരന്റിംഗ്’

പുതുതലമുറയെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന സംരംഭമാണ് ‘വൗ പേരന്റിംഗ്’. 5 മുതല്‍ 16 വയസു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടിയാണ് ഈ പേരന്റിംഗ് പോര്‍ട്ടല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്

നിങ്ങള്‍ക്കു നല്ലൊരു രക്ഷകര്‍ത്താവാകാന്‍ കഴിയുമോ ? ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യുവതലമുറയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. സമൂഹത്തില്‍ ഇന്നു നടക്കുന്ന ഓരോ സംഭവ വികാസങ്ങളും പരിശോധിക്കുമ്പോള്‍ നല്ലൊരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രാധാന്യം എത്രത്തോളമെന്നു മനസിലാക്കാന്‍ കഴിയും. കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രാധാന്യം മറ്റൊരാള്‍ക്കും ഇല്ല. ഈ സത്യം നിലനില്‍ക്കുമ്പോള്‍ നാം ഓരോരുത്തരും ചിന്തിക്കണം, നമുക്ക് നല്ലൊരു രക്ഷകര്‍ത്താവാകാന്‍ കഴിയുമോ എന്ന കാര്യം. ആധുനിക ജനതയുടെ ഈ ആകുലത മനസിലാക്കിയാണ് വൗ പേരന്റിംഗിന്റെ തുടക്കം. നല്ല രക്ഷകര്‍ത്താവാകാനുള്ള വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്ന സംരംഭമാണ് വൗ പേരന്റിംഗ്.

ഡിജിറ്റല്‍ യുഗത്തിലെ ഓണ്‍ലൈന്‍ പേരന്റിംഗ്

ഇന്നത്തെ കാലത്ത് ഏറ്റവും തലവേദന പിടിച്ച വിഷയമാണ് എങ്ങനെ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാം എന്നത്. ഏത് കാര്യം പഠിക്കാനും കോഴ്‌സുകള്‍ നിലവിലുണ്ടെങ്കിലും പേരന്റിംഗില്‍ നിലവില്‍ കോഴ്‌സുകളൊന്നും അത്ര പ്രാബല്യത്തിലായിട്ടില്ല. അതുകൊണ്ടുതന്നെ പഠിച്ചെടുക്കാനും എളുപ്പമല്ല. രക്ഷകര്‍ത്താവാകാനുള്ള കാര്യപ്രാപ്തിയുണ്ടാവുക എന്നതാണ് ഇതില്‍ പ്രധാനമായ കാര്യം. എന്തിനും ഏതിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന തലമുറയാണ് ഇന്നുള്ളത്. മൊബീല്‍ ഫോണില്‍ ഒരു നിമിഷം കൊണ്ടു ലഭ്യമാകുന്ന എന്തും മാര്‍ക്കറ്റില്‍ ഹിറ്റാകുന്ന കാലമായതിനാല്‍ വൗ പേരന്റിംഗിന്റെ സ്ഥാപകനായ നരേന്‍ ഗോയ്ദാനിയുടെ ഈ സംരംഭം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ രക്ഷകര്‍ത്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കുട്ടികളെ ശാന്തരായി, അച്ചടക്കത്തോടെ മറ്റുള്ളവരെ ബഹുമാനിച്ചു ജീവിക്കും വിധം വളര്‍ത്താന്‍ രക്ഷകര്‍ത്താക്കളെ പഠിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണിത്.

മറ്റുള്ളവര്‍ കുട്ടികളെ ശരിയായ ദിശയില്‍ എങ്ങനെയൊക്കെ വളര്‍ത്തി എന്നുള്ള കാണിച്ചുകൊടുക്കലാണിവിടെ നടക്കുന്നത്. ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന ചോദ്യോത്തര രീതിയിലൂടെയാണ് ഈ ഓണ്‍ലൈന്‍ പേരന്റിംഗ് പോര്‍ട്ടല്‍ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്

ഇവിടെ രക്ഷകര്‍ത്താക്കളെ വ്യക്തിപരമായി പഠിപ്പിക്കുകയല്ല. മറ്റുള്ളവര്‍ കുട്ടികളെ ശരിയായ ദിശയില്‍ എങ്ങനെയൊക്കെ വളര്‍ത്തി എന്നുള്ള കാണിച്ചുകൊടുക്കലാണിവിടെ നടക്കുന്നത്. ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന ചോദ്യോത്തര രീതിയിലൂടെയാണ് ഈ ഓണ്‍ലൈന്‍ പേരന്റിംഗ് പോര്‍ട്ടല്‍ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. വിവിധ വീഡിയോ, ബ്ലോഗുകള്‍, ചില പൊടിക്കൈകള്‍ എന്നിങ്ങനെ നീണ്ടു പോകുന്നു രക്ഷകര്‍ത്താക്കള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍. 5 മുതല്‍ 16 വയസു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടിയാണ് ഈ പേരന്റിംഗ് പോര്‍ട്ടല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അണുകുടുംബത്തില്‍ പേരന്റിംഗിന്റെ പ്രസക്തി

അച്ഛനമ്മമാരാകുന്നതോടെ പുതിയൊരു ലോകം തുറക്കുകയാണ്. കുട്ടികളെ എങ്ങനെ വളര്‍ത്തണം, കൂട്ടുകാരെപോലെ വളര്‍ത്തണോ അതോ കാര്‍ക്കശ്യം കാണിച്ച് അനുസരിപ്പിക്കണോ അങ്ങനെ നിരവധി ചോദ്യങ്ങളാണ് ഓരോരുത്തരും അഭിമുഖീകരിക്കുന്നത്. അച്ചടക്കത്തോടെയും ഭയപ്പെടുത്തിയും മറ്റും കുട്ടികളെ വളര്‍ത്താന്‍ ഇന്നു യുവതലമുറയിലെ ഒട്ടുമിക്ക രക്ഷകര്‍ത്താക്കളും ആഗ്രഹിക്കുന്നില്ലെന്നതാണ് വാസ്തവം. അവര്‍ക്കു കുട്ടികളെ സ്‌നേഹത്തോടെ കൈകാര്യം ചെയ്യാനാണ് താല്‍പര്യം. ഓരോ വീട്ടിലും ഒരുപാടു കുട്ടികള്‍ എന്ന രീതി ഇന്നില്ല. അണുകുടുംബങ്ങള്‍ക്കാണ് പ്രസക്തി. അതുകൊണ്ടുതന്നെ തങ്ങളുടെ കുട്ടികളെ ഏറ്റവുമധികം സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള അവസരമായിട്ടാണ് ഒരു രക്ഷകര്‍ത്താവും പേരന്റിംഗിനെ കാണേണ്ടത്.

രക്ഷിതാക്കള്‍ കുട്ടികളോട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില വിഷയങ്ങള്‍ മനസിലാക്കി കൊടുക്കുന്നതോടൊപ്പം പണ്ടുള്ളവര്‍ പരീക്ഷിച്ചു വിജയിച്ച ചില ടെക്‌നിക്കുകളും വൗ പേരന്റിംഗ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ദൈനംദിനം ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ വെല്ലുവിളികള്‍ക്കും ഫലപ്രദമായ ഉപദേശങ്ങള്‍ നല്‍കുകയും കുട്ടികളെ മികച്ച രീതിയില്‍ പരിപോഷിപ്പിക്കാനും കളിതമാശകള്‍ക്കൊപ്പം സ്‌നേഹ സമ്പന്നരായ രക്ഷിതാക്കളാകാനും അവര്‍ സഹായിക്കുന്നു. വൗ പേരന്റിംഗ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന ചോദ്യാവലികളില്‍ കൃത്യമായി അറിയാന്‍ കഴിയാത്തവ ഉണ്ടെങ്കില്‍ അതിനുള്ള ഉത്തരം വീട്ടിലെ മറ്റു മുതിര്‍ന്ന ആളുകളോട് അന്വേഷിച്ചു രേഖപ്പെടുത്താനുള്ള സൗകര്യവും ഇവിടെ നല്‍കുന്നുണ്ട്.

പേരന്റിംഗ് എന്ന വിഭാഗത്തിന് ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ നല്ല വിപണി സാധ്യതയുണ്ട്. തീരെ ചെറിയ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നുള്ളതിന് നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ മുമ്പുതന്നെ നിലവിലുണ്ടെങ്കിലും ഇത്തരത്തില്‍ വലിയൊരു പേരന്റിംഗ് കാന്‍വാസിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ എത്തിത്തുടങ്ങിയത് സമീപ കാലത്താണ്

ബിസിനസിനൊപ്പം എഴുത്തിലും സജീവം

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പതിനെട്ടാം വയസില്‍ കുടുംബ ബിസിനസിലേക്കിറങ്ങിയതാണ് നരേന്‍. കുടുംബം ഏറ്റെടുത്തതോടെ ചിരകാല മോഹമായിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന സ്വപ്‌നം നരേന്‍ ഉപേക്ഷിച്ചു. 90കളില്‍ ഈ സംരംഭത്തിനുള്ള ആശയങ്ങള്‍ തുടങ്ങിവച്ചെങ്കിലും 2015ലാണ് വൗ പേരന്റിംഗിന് തുടക്കമിടുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലിനു പുറമെ എഴുത്തുകാരന്‍ എന്ന നിലയിലും നരേന്‍ പ്രശസ്തി നേടിയിട്ടുണ്ട്. വിവാഹം, ബിസിനസ്, പേരന്റിംഗ്, പ്രചോദനം തുടങ്ങിയ വിഷയങ്ങളുള്‍പ്പെടെ ഭയത്തെ അഭിമുഖീകരിക്കാനും വിവിധ മേഖലകളില്‍ വളര്‍ച്ച കൈവരിക്കാനും ഉതകുന്ന പതിനഞ്ചോളം പുസ്തകങ്ങളും നരേന്‍ എഴുതിയിട്ടുണ്ട്. 42,000ല്‍പരം വരിക്കാരുള്ള ലൈഫ് സ്‌കൂള്‍ മെസേജ് എന്ന പേരിലുള്ള ബ്ലോഗിലൂടെയും നരേന്‍ എഴുത്തുകളുടെ ലോകത്ത് പ്രസിദ്ധി നേടിയിട്ടുണ്ട്.

വൗ പേരന്റിംഗ് എന്ന ഓണ്‍ലൈന്‍ സംരംഭത്തിലേക്ക് നരേന്‍ ഇറങ്ങിത്തിരിച്ചിട്ട് രണ്ടു വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും കഴിഞ്ഞ പതിനാറു വര്‍ഷക്കാലമായി പേരന്റിംഗ് മേഖലയില്‍ പുസ്തകങ്ങളും മാര്‍ഗ നിര്‍ദേശങ്ങളുമായി ഓഫ്‌ലൈനില്‍ നരേന്‍ സജീവമായിരുന്നു. സംരംഭം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ പരേഷ് ഷാ എന്ന സഹസ്ഥാപകനേയും നരേന്‍ ഒപ്പം കൂട്ടിയിരുന്നു.

അവസരങ്ങള്‍ ഏറെ

പേരന്റിംഗ് എന്ന വിഭാഗത്തിന് ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ നല്ല വിപണി സാധ്യതയുണ്ട്. തീരെ ചെറിയ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നുള്ളതിന് നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ മുമ്പുതന്നെ നിലവിലുണ്ടെങ്കിലും ഇത്തരത്തില്‍ വലിയൊരു പേരന്റിംഗ് കാന്‍വാസിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ എത്തിത്തുടങ്ങിയത് സമീപ കാലത്താണ്.

എട്ടുപേരടങ്ങുന്ന വൗ പേരന്റിംഗ് ടീമിന്റെ വരുമാനം പ്രധാനമായും വരിക്കാരില്‍ നിന്നാണ് ലഭിക്കുന്നത്. അടുത്തിടെ നടത്തിയ ഒരു മാര്‍ക്കറ്റിംഗ് കാംപെയ്‌നിലൂടെ 8 ലക്ഷം രൂപ നേടാനായതായും നരേന്‍ പറയുന്നു. മാസംതോറും 250 രൂപയും വാര്‍ഷിക വരിസംഖ്യയാി 3000രൂപയുമാണ് കമ്പനി ഈടാക്കുന്നത്. വൗ പേരന്റിംഗ് പ്രതിമാസം 25 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായും നരേന്‍ വ്യക്തമാക്കുന്നുണ്ട്. 2018ഓടെ വൗ പേരന്റിംഗിന്റെ ഹിന്ദി പതിപ്പും പുറത്തിറക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി.

Comments

comments

Categories: FK Special, Slider