ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 അവതരിപ്പിച്ചു

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 2.05 ലക്ഷം രൂപ

ചെന്നൈ : ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫഌഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ അപ്പാച്ചെ ആര്‍ആര്‍ 310 പുറത്തിറക്കി. 2.05 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ടിവിഎസ് അകുല കണ്‍സെപ്റ്റിനേക്കാള്‍ കേമനാണ് അപ്പാച്ചെ ആര്‍ആര്‍ 310. എവരിഡേ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌ബൈക്ക് എന്ന് വിശേഷിപ്പിക്കാം. കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായും ടൂറിംഗ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനുപുറമേ ഇടയ്ക്ക് എപ്പോഴെങ്കിലും തോന്നുകയാണെങ്കില്‍ ട്രാക്കിലിറക്കാനും ഇവന്‍ മതി. ബഹുമുഖ പ്രതിഭയാണെന്നതില്‍ തര്‍ക്കം വേണ്ട.

ബിഎംഡബ്ല്യു ജി 310 ആര്‍ നിര്‍മ്മിച്ച അതേ ഷാസിയിലാണ് ആര്‍ആര്‍ 310 പണിതീര്‍ത്തിരിക്കുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനി-ബിഎംഡബ്ല്യു മോട്ടോറാഡ് പങ്കാളിത്തത്തില്‍ ടിവിഎസ്സിന്റെ ഹൊസൂര്‍ പ്ലാന്റിലാണ് ബിഎംഡബ്ല്യു ജി 310 ആര്‍ ജനിച്ചത്.

മനോഹരമായി നിര്‍മ്മിച്ച, അതിലേറെ ഭംഗിയായി രൂപകല്‍പ്പന ചെയ്ത, മികച്ച എന്‍ജിനീയറിംഗിലൂടെ പിറവിയെടുത്ത മോട്ടോര്‍സൈക്കിളാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310

4 സ്‌ട്രോക്, 4 വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍, റിവേഴ്‌സ്-ഇന്‍ക്ലൈന്‍ഡ് 312 സിസി എന്‍ജിനാണ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപയോഗിക്കുന്നത്. 9,700 ആര്‍പിഎമ്മില്‍ 33.5 ബിഎച്ച്പി കരുത്തും 7,700 ആര്‍പിഎമ്മില്‍ 27.3 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ഈ എന്‍ജിന് കഴിയും. ഫ്രണ്ട് വീലിന് സമീപത്താണ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എന്‍ജിന്റെ സ്ഥാനം. മോട്ടോര്‍സൈക്കിളിന്റെ സ്വിംഗ്ആം നീളമേറിയതാണെങ്കില്‍ വീല്‍ബേസ് കുറവാണ്. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മ്മിച്ച അപ്പാച്ചെ ആര്‍ആര്‍ 310 സ്പ്ലിറ്റ് ഷാസി ഡിസൈന്‍ ഉപയോഗിച്ചിരിക്കുന്നു. ഉയര്‍ന്ന ഡൈനാമിക്‌സ്, മികച്ച കണ്‍ട്രോള്‍, ഹാന്‍ഡ്‌ലിംഗ് എന്നിവ വാഗ്ദാനം ചെയ്താണ് അപ്പാച്ചെ ആര്‍ആര്‍ 310 വിപണിയിലെത്തുന്നത്.

ജാപ്പനീസ് കമ്പനിയായ കെവൈബിയുടെ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും റിയര്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ സമ്മാനിക്കും. മുന്‍ ചക്രത്തില്‍ 300 എംഎം പെറ്റല്‍ ഡിസ്‌കും പിന്‍ ചക്രത്തില്‍ 240 എംഎം ഡിസ്‌കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. മുന്‍ ചക്രത്തില്‍ ബൈബ്രെയുടെ റേഡിയല്‍ കാലിപര്‍ കാണാം. എബിഎസ് ഡുവല്‍ ചാനലാണ്.

ലാപ് ടൈമര്‍ ഉള്‍പ്പെടെ വിവിധങ്ങളായ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ ആര്‍ആര്‍ 310 ല്‍ കാണാം. ലംബമായാണ് ഇന്‍സ്ട്രുമെന്റ് പാനല്‍ നല്‍കിയിരിക്കുന്നത്. എല്‍ഇഡി പ്രോജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റ് എന്നിവയാണ് ലൈറ്റിംഗ് വിശേഷങ്ങള്‍. ടേണ്‍ സിംഗ്നലുകള്‍ പോലും എല്‍ഇഡിയായിരിക്കും. ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നതാണ് സ്വിച്ച്ഗിയര്‍. ഹസാര്‍ഡ് ലൈറ്റ് മറ്റൊരു സവിശേഷതയാണ്.

എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിനെ പിടിച്ചുകുലുക്കാനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വരുന്നത്

ടിവിഎസ്സിന്റെ സ്വന്തം ഡിസൈന്‍ ടീമാണ് ബൈക്ക് രൂപകല്‍പ്പന ചെയ്തത്. മികച്ച എയ്‌റോഡൈനാമിക് പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതായിരിക്കും ഈ ഫുള്‍ ഫെയേഡ് ബൈക്ക്. മികച്ച എയ്‌റോഡൈനാമിക് ലഭിക്കുന്നതിന് വിന്‍ഡ് ടണല്‍ പരീക്ഷണങ്ങള്‍ നടത്തിയശേഷമാണ് ഫുള്‍ ഫെയറിംഗ് ഡിസൈന്‍ ചെയ്തത്. കംപ്യൂട്ടര്‍ ഫഌയിഡ് ഡൈനാമിക്‌സും (സിഎഫ്ഡി) പരീക്ഷിച്ചു. അതിഗംഭീര എയ്‌റോഡൈനാമിക് പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് 200 വ്യത്യസ്ത സിഎഫ്ഡി നടത്തിയതായി ടിവിഎസ് അറിയിച്ചു. അപ്പാച്ചെ ആര്‍ആര്‍ 310 ന് ബിഎംഡബ്ല്യു ജി 310 ആര്‍ നേക്കാള്‍ കൂടുതല്‍ ടോപ് സ്പീഡ് ലഭിക്കുന്നതിന് ഈ പരീക്ഷണങ്ങള്‍ സഹായിച്ചു. ബൈക്കിന്റെ ടെസ്റ്റിംഗ് സമയങ്ങളില്‍ 163 കിമീ/മണിക്കൂര്‍ ആയിരുന്നു ടോപ് സ്പീഡ്. ടിവിഎസ് റേസിംഗിന്റെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് അപ്പാച്ചെ ആര്‍ആര്‍ 310 നിര്‍മ്മിക്കുന്നതില്‍ ഉപയോഗിച്ചതായും കമ്പനി വ്യക്തമാക്കി.

എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിനെ പിടിച്ചുകുലുക്കാനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വരുന്നത്. മനോഹരമായി നിര്‍മ്മിച്ച, അതിലേറെ ഭംഗിയായി രൂപകല്‍പ്പന ചെയ്ത, മികച്ച എന്‍ജിനീയറിംഗിലൂടെ പിറവിയെടുത്ത മോട്ടോര്‍സൈക്കിളാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310.

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വരുന്നു എന്നറിഞ്ഞതോടെ മഹീന്ദ്ര മോജോ, ബജാജ് ഡോമിനര്‍, കെടിഎം 390 ഡ്യൂക്, കെടിഎം ആര്‍സി 390, ബെനെല്ലി 302 ആര്‍ എന്നിവരുടെ ഉള്ളില്‍ തീയാണ്. ടിവിഎസ്സിന്റെ ആഗോള ഉല്‍പ്പന്നമാണ് ഈ ബൈക്ക്. റെഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ അപ്പാച്ചെ ആര്‍ആര്‍ 310 ലഭിക്കും. പുതിയ അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ ബുക്കിംഗ് ഈ മാസം അവസാനത്തോടെ സ്വീകരിച്ചുതുടങ്ങും. 2018 തുടക്കത്തില്‍ ഡെലിവറി ആരംഭിക്കും.

Comments

comments

Categories: Auto