ഇത് പൊരുതി നേടിയ വിജയം

ഇത് പൊരുതി നേടിയ വിജയം

കെട്ടിടങ്ങള്‍ മാത്രമല്ല, സ്വന്തം ജീവിതം തന്നെ ഡിസെന്‍ ചെയ്ത് വിജയിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശിയും മികച്ച ഇന്റീരിയര്‍ ഡിസൈനറും സംരംഭകയുമായ സിന്ധു കൃഷ്ണകുമാര്‍. ജീവിതത്തെ വെല്ലുവിളിച്ച കാന്‍സര്‍ രോഗത്തെപോലും കീഴ്‌പ്പെടുത്തിയാണ് അവര്‍ ബിസിനസില്‍ വിജയം അരക്കിട്ടുറപ്പിച്ചത്.

ആര്‍ക്കിട്ടെക്റ്റ് എന്നു കേള്‍ക്കുമ്പോഴുള്ള പുരുഷ സങ്കല്പത്തെ മാറ്റി മറിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയാണ് കോഴിക്കോട് സ്വദേശിയായ സിന്ധു കൃഷ്ണകുമാറിന് പറയാനുള്ളത്. ഡെക്കോവുഡ് വെനീറില്‍ അവര്‍ ചെയ്ത വീടിന് മികച്ച രൂപകല്‍പനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതോടെ സിന്ധു വി ടെക് എന്ന സംരംഭത്തിന്റെ പ്രശസ്തി ഇന്ത്യയൊട്ടാകെ വ്യാപിക്കുകയാണ്. യുകെ സര്‍വകലാശാലയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ഗോള്‍മെഡല്‍ നേടിയ അവര്‍ ജീവിതത്തെ പിടിച്ചുലച്ച കാന്‍സറിനെ പോലും സധൈര്യം നേരിട്ട് തന്റെ പ്രവര്‍ത്തന മേഖലയില്‍ വിജയം നേടിയിരിക്കുകയാണ്

സിന്ധു വി ടെക് എന്ന സംരംഭത്തെകുറിച്ച് ?

എറണാകുളത്താണ് ഞാന്‍ പഠിച്ചതും വളര്‍ന്നതും. 2003 യുകെയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദം നേടി അവിടെനിന്നും തിരികെ വന്നശേഷമാണ് സിന്ധു വി ടെക് എന്ന സംരംഭത്തിന് തുടക്കമിടുന്നത്. വെറും മൂന്ന് എന്‍ജിനീയര്‍മാരുമായി തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ പത്തില്‍പരം എന്‍ജിനീയര്‍മാരുണ്ട്. വളരെ ചെറിയ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന സ്ഥാപനം സമീപകാലത്താണ് കൂടുതല്‍ വിപുലമാക്കിയത്. 2006ല്‍ ഒരു അമേരിക്കന്‍ ചോക്ലേറ്റ് ഫാക്റ്ററിയുടെ ഡിസൈന്‍ ചെയ്തതോടെ സംരംഭം കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. വീട്, ഹോസ്പിറ്റല്‍, റിസോര്‍ട്ട്, ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റേഴ്‌സ് തുടങ്ങി എല്ലാവിധ കെട്ടിടങ്ങളുടേയും രൂപകല്‍പനകള്‍ ഞങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്.

കോഴിക്കോട് താങ്കള്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത വീടിന് മികച്ച രൂപകല്‍പനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിനെകുറിച്ച് ?

‘ സ്‌പെക്റ്റാക്കുലര്‍ റെസിഡെന്‍സ് വിത്ത് ഡെക്കോവുഡ് വെനീര്‍സ് ‘ മല്‍സരത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ഏറ്റവും മികച്ച 10 ഡിസൈനുകളില്‍ ഒന്നായി ഞാന്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത വീട് തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ വെനീര്‍ നിര്‍മാതാക്കളായ ഡെക്കോവുഡും ആര്‍ക്കിടെക്റ്റ് ആന്‍ഡ് ഇന്റീരിയേഴ്‌സ് ഇന്ത്യ മാഗസിനും ചേര്‍ന്നായിരുന്നു മല്‍സരം സംഘടിപ്പിച്ചത്. ഇന്ത്യയൊട്ടാകെ ഡെക്കോവുഡ് വെനീര്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത 350ലേറെ വീടുകളെയാണ് മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇന്നത്തെ തലമുറയുടെ വീട് എന്ന സങ്കല്‍പ്പത്തെകുറിച്ച് ?

ഇന്ന് 40 വയസ് കഴിയുമ്പോഴേക്കും സ്വന്തമായൊരു വീട് പണിയണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. മാത്രവുമല്ല ഇന്നത്തെ കാലത്ത് വീടു നിര്‍മാണത്തിനായ് ധാരാളം വായ്പകളും സുലഭമാണ്. അതുകൊണ്ടുതന്നെ ആളുകള്‍ വായ്പയെടുത്ത് ഒരു വീട് നിര്‍മിക്കും. പിന്നീട് ജീവിതകാലം മുഴുവന്‍ ആ വായ്പ തിരിച്ചടയ്ക്കുന്നതിനായി മാറ്റിവെക്കും. ആദ്യമായി ഒരു വീട് പണിയാന്‍ ആഗ്രഹിച്ചാല്‍, നമുക്ക് എന്താണ് വേണ്ടതെന്നും അവ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്നും നമ്മുടെ ആവശ്യങ്ങളും കൃത്യമായി മനസിലാക്കിയിരിക്കണം. അതൊടൊപ്പം അവരവരുടെ ബഡ്ജറ്റിനെക്കുറിച്ചും വ്യക്തമായ ധാരണയോടെയായിരിക്കണം ഒരു ആര്‍ക്കിട്ടെക്റ്റിനെ സമീപിക്കേണ്ടത്.

ആദ്യമായി ഒരു വീട് പണിയാന്‍ ആഗ്രഹിച്ചാല്‍, നമുക്ക് എന്താണ് വേണ്ടതെന്നും അവ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്നും നമ്മുടെ ആവശ്യങ്ങളും കൃത്യമായി മനസിലാക്കിയിരിക്കണം. അതൊടൊപ്പം അവരവരുടെ ബഡ്ജറ്റിനെക്കുറിച്ചും വ്യക്തമായ ധാരണയോടെയായിരിക്കണം ഒരു ആര്‍ക്കിട്ടെക്റ്റിനെ സമീപിക്കേണ്ടത്

സിന്ധു കൃഷ്ണകുമാര്‍

സ്ഥാപക സിന്ധു വി ടെക്

താങ്കളുടെ റോള്‍മോഡല്‍ ആരാണ് ?

ചില വ്യക്തികളോട് എനിക്ക് ആരാധന തോന്നിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ ഒരുപാടിഷ്ടമാണ്. കൂടാതെ പതിനെട്ടാം നൂറ്റാണ്ടില്‍ യുകെ രാജ്ഞിയായിരുന്ന എലിസബത്ത്I നെ കുറിച്ചുള്ള പുസ്തകം വായിച്ചതിനുശേഷം അവരോട് വല്ലാത്ത ആരാധന തോന്നി. വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ച് ഒറ്റപ്പെട്ടു ജീവിച്ചിരുന്ന സ്ത്രീയായിരുന്നു അവര്‍. അതുപോലെ എന്റെ മുത്തച്ഛി എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പതിമൂന്നാം വയസില്‍ വിവാഹിതയാവുകയും മുപ്പതാം വയസില്‍ വിധവയാകേണ്ടിയും വന്ന സ്ത്രീയാണവര്‍. മൂന്ന് പെണ്‍മക്കളെയും പഠിപ്പിച്ച് അവര്‍ ജോലി നേടിയതിനുശേഷമാണ് വിവാഹം ചെയ്ത് അയച്ചത്. ശരിക്കും ജീവിതത്തോടു പൊരുതിയ ഈ വ്യക്തിത്വം ഞാന്‍ അറിയാതെതന്നെ എന്റെ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ആര്‍ക്കിട്ടെക്റ്റ് മേഖലയില്‍ കൂടുതലും പുരുഷന്മാരാണ്. ഒരു സ്ത്രീ എന്ന രീതിയില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നോ ?

തീര്‍ച്ചയായും. ആര്‍ക്കിട്ടെക്റ്റ് എന്നു പറയുമ്പോള്‍ ഒരു പുരുഷനെയാണ് നാം പൊതുവേ സങ്കല്‍പ്പിക്കുക. മാത്രമല്ല മേഖലയില്‍ പുരുഷന്മാരാണ് കൂടുതലും. സ്ത്രീകളെ സംബന്ധിച്ച് ഒരു സംരംഭം എന്നു പറയുമ്പോള്‍ അവര്‍ ആദ്യം ചിന്തിക്കുക ഒരു ബ്യൂട്ടിക് തുടങ്ങുന്നതിനെ കുറിച്ചായിരിക്കും. ഇത്തരത്തില്‍ ഒരു ആര്‍ക്കിടെക്റ്റ് സംരംഭം തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളും കുടുംബവും പരിഹസിക്കുകയുണ്ടായി. എനിക്കിതിനു കഴിയില്ല എന്നു വരെ പറഞ്ഞു. ആ കാലയളവില്‍ എനിക്ക് കാന്‍സര്‍ പിടിപെട്ടു. ഈ സംരംഭവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല, ഇവിടെ വച്ച് ഉപേക്ഷിക്കാമെന്നു അച്ഛനും പറഞ്ഞു. പക്ഷേ ഇതു പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ എനിക്കു തോന്നിയില്ല. എനിക്ക് കഴിയും എന്ന ആത്മവിശ്വാസം മുന്നോട്ടു നയിച്ചു. വെല്ലുവിളികള്‍ നേരിടാനുള്ള മനസും ധൈര്യവും ഉണ്ടായതുകൊണ്ടാകാം കാന്‍സറിനെ വരെ തോല്‍പിക്കാന്‍ സാധിച്ചത്. ഒപ്പം ഒരു ആര്‍കിട്ടെക്റ്റ് എന്ന മേല്‍വിലാസം എനിക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞു. ഞാന്‍ ഒരിക്കലും ഒരു സ്ത്രീയാണ് എന്നു ചിന്തിക്കാറില്ല. സ്ത്രീ, പുരുഷന്‍ എന്നീ വിഭജനങ്ങളോട് യോജിക്കുന്നുമില്ല. ശാരീരികമായി വ്യത്യാസങ്ങളുണ്ട് എന്നത് ശരിതന്നെ, എല്ലാ കാര്യങ്ങളിലും ആ വേര്‍തിരിവിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.

യുവതലമുറയില്‍ കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് എന്‍ജിനീയറിംഗ് ആണ്. ഇതിനെക്കുറിച്ച് ?

കേരളത്തില്‍ എവിടെ നോക്കിയാലും എന്‍ജിനീയറിംഗ് കോളെജുകളാണ്. ഇവിടെ നിന്നെല്ലാം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എവിടെ ജോലി ചെയ്യുമെന്ന കാര്യത്തിലാണ് സംശയം. പണം കൊടുത്ത് പഠിച്ചിട്ട് കാര്യമില്ല ആ പഠനത്തിന് മൂല്യം വേണം. എന്റെ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിന് എത്തുന്നവരില്‍ മെറിറ്റില്‍ പഠിച്ചവരെ മാത്രമേ എടുക്കാറുള്ളൂ, മറ്റുള്ളവരുടെ താല്‍പര്യത്തിന് വഴങ്ങി പണം ചെലവഴിച്ച് എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ജോലിയില്‍ ശോഭിക്കാനാവില്ല. അവര്‍ക്ക് ജോലിയോട് താല്‍പര്യവും ഉണ്ടാകില്ല എന്നതാണ് സത്യം. ഡോക്റ്റര്‍ അഥവാ എന്‍ജിനീയറാകണം എന്നാഗ്രഹിക്കുന്നവരാണ് യുവതലമുറയില്‍ ഭൂരിഭാഗവും. ഡോക്റ്ററും എന്‍ജിനീയറും എന്നതിലുപരി വ്യത്യസ്ത കഴിവുകളുള്ളവരാണ് ഓരോരുത്തരും. അത് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം. ഓരോ ജോലിക്കും അതിന്റേതായ പ്രധാന്യമുണ്ട്.

Comments

comments

Categories: FK Special, Slider