സൊഹര്‍ കാരു സിറ്റി ബാങ്കിന്റെ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് മേധാവി

സൊഹര്‍ കാരു സിറ്റി ബാങ്കിന്റെ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് മേധാവി

റീട്ടെയ്ല്‍ ബാങ്കിംഗില്‍ സിറ്റി ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്ന് കരുതപ്പെടുന്നു

മുംബൈ: സിറ്റി ബാങ്കിന്റെ ഏഷ്യ-പസഫിക് ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് മേധാവിയായി സൊഹര്‍ കാരുവിനെ നിയമിച്ചു. ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഈ മേഖലയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും രീതികളും മനസിലാക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. റീട്ടെയ്ല്‍ ബാങ്കിംഗില്‍ സിറ്റി ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്ന് കരുതപ്പെടുന്നു.

ഏഷ്യ-പസഫിക് മേഖലയിലെ ബാങ്കിംഗ് വ്യവസായത്തിലുടനീളമുള്ള സിറ്റി ബാങ്കിന്റെ ഉപഭോക്തൃ കാഴ്ച്ചപ്പാടുകളുടെയും ഡാറ്റ ആന്‍ഡ് അനലിക്റ്റിസിന്റെയും മേല്‍നോട്ടം സൊഹര്‍ കാരു വഹിക്കും. ലോകമെമ്പാടുമുള്ള ബാങ്കിന്റെ 19 കണ്‍സ്യൂമര്‍ ബാങ്കിംഗ് വിപണികളില്‍ 17 എണ്ണവും സൊഹറിന് കീഴില്‍വരും.

അതിവേഗം വളരുന്ന ഉപഭോക്തൃ വ്യവസായങ്ങള്‍ക്ക് വിശകലന സാങ്കേതിക മേഖലയിലെ തന്റെ ആഴത്തിലുള്ള അനുഭവവും അറിവും സൊഹര്‍ പ്രദാനം ചെയ്യും. സിറ്റി ബാങ്കിന്റെ ഭാഗമാകുന്നതിന് മുമ്പ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ഈബേയുടെ ചീഫ് ഡാറ്റ ഓഫീസറായിരുന്നു സൊഹര്‍. 2013 ലാണ് കമ്പനിയുടെ എക്‌സിക്യൂട്ടിവെന്ന നിലയില്‍ സൊഹര്‍ ഈബേയിലെത്തിയത്. മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രോണിക് എന്‍ജിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കിയ സൊഹര്‍ കാരു ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി ആന്‍ഡ് കോയില്‍ കരിയര്‍ ആരംഭിക്കുകയായിരുന്നു.

ഡിജിറ്റല്‍ രൂപമാറ്റത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും ഭാഗമായുള്ളതാണ് സൊഹറിന്റെ നിയമനം. ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കായി മാറുന്നതിന് ശ്രദ്ധേയമായ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കേണ്ടതുണ്ട്- ഏഷ്യ- പസഫിക് കണ്‍സ്യൂമര്‍ ബാങ്ക് തലവന്‍ ആനന്ദ് സെല്‍വ പറഞ്ഞു.

Comments

comments

Categories: Banking