പുകയടങ്ങാത്ത പാക്കിസ്ഥാന്‍

പുകയടങ്ങാത്ത പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം പരിശുദ്ധിയുടെ നാട് എന്നാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കാര്യങ്ങള്‍ എടുത്തു നോക്കുകയാണെങ്കില്‍ അതിനെ ടെററിസ്ഥാന്‍ (ഭീകരവാദ രാഷ്ട്രം) എന്ന് വിളിക്കുകയാണ് ഉചിതം. പനാമ രേഖകളെ തുടര്‍ന്നുള്ള കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണമൊഴിയേണ്ടിവന്ന നവാസ് ഷെരീഫിന്റെ അധികാരക്കൊതി തന്നെയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പാക്കിസ്ഥാനില്‍ നടമാടുന്ന സംഘര്‍ഷാവസ്ഥകള്‍ക്ക് പ്രധാന കാരണം.

1990 മുതല്‍ മതനിന്ദ എന്ന വാദമുയര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി നാളിതുവരെ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ മാത്രം 10 ജീവനുകള്‍ മതനിന്ദാ നിയമം നടപ്പിലാക്കുന്നുവെന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി നഷ്ടപ്പെട്ടു. 200 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത പ്രക്ഷോഭങ്ങളാല്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞയില്‍ ചൊല്ലുന്ന സത്യവാചകത്തില്‍ നിസാര മാറ്റങ്ങള്‍ വരുത്താനുള്ള ഭരണഘടനാ ഭേദഗതിയാണ് അടുത്തിടെയുണ്ടായ പ്രക്ഷോഭങ്ങളുടെ മൂലകാരണം.

പാക്കിസ്ഥാനിലെ നിലവിലെ നിയമമനുസരിച്ച് രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വത്തെ അംഗീകരിക്കുന്നുവെന്നും അതിനു വിരുദ്ധമായ ആശയഗതികളിലൊന്നും അംഗീകരിക്കില്ലെന്നും സത്യവാങ്മൂലം കൊടുക്കേണ്ടതുണ്ട്. പാക്കിസ്ഥാന്‍ ഭരണഘടനയുടെ 62, 63 ഖണ്ഡിക പ്രകാരം തയാറാക്കിയ ഈ ചട്ടത്തില്‍ അയവു വരുത്തിയെന്ന് പറഞ്ഞാണ് മതതീവ്രവാദ പ്രസ്ഥാനമായ തെഹ്‌രിക് ലാബെയ്ക്ക് പാക്കിസ്ഥാന്‍ (ടിഎല്‍പി) സമരത്തിനിറങ്ങിയത്. സുന്നി ഇസ്ലാം ഒഴിച്ചുള്ള മുസ്ലീം വിഭാഗങ്ങള്‍ പോലും ഇവര്‍ക്ക് അന്യരാണ്. ഷിയ, അഹമ്മദിയ മുസ്ലീം വിഭാഗങ്ങളാകട്ടെ ഇവരുടെ കണ്‍കണ്ട ശത്രുക്കളുമാണ്.

പാക്കിസ്ഥാന്‍ ഭരണഘടനയിലെ ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി പദവികള്‍ മുസ്ലീം മതവിഭാഗക്കാര്‍ക്ക് മാത്രമുള്ളതാണ്. പാര്‍ലമെന്റില്‍ നാമമാത്ര പ്രാതിനിധ്യമുള്ള ഹിന്ദു, സിഖ്, ക്രൈസ്തവ വിഭാഗങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിയാണ് 62, 63 ഖണ്ഡികകള്‍ ഭേദഗതി ചെയ്യാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇസ്ലാമിക ചട്ടത്തില്‍ അയവു വരുത്തിയെന്ന പഴി കേള്‍ക്കേണ്ടിവന്നത് നിയമമന്ത്രിയായ സാഹിദ് ഹാമിദിനും. രാജ്യത്തെ പ്രധാന പട്ടണങ്ങളായ കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലെല്ലാം മതതീവ്രവാദികള്‍ അഴിഞ്ഞാടിയതിന്റെ ഫലമായി സാഹിദ് ഹാമിദിന് നിയമ മന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്നു. അതോടെയാണ് പാക്കിസ്ഥാനിലെ അരാജകത്വത്തിന് താല്‍ക്കാലിക ശമനമുണ്ടായത്.

പാക്കിസ്ഥാന്‍ എന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ 70 വര്‍ഷചരിത്രത്തില്‍ പകുതിയും സൈനികഭരണത്തിന്റേതാണ്. അയൂബ് ഖാന്‍, യാഗ്യാ ഖാന്‍, സിയാ ഉല്‍ ഹഖ്, പര്‍വേസ് മുഷറഫ് എന്നിവര്‍ ചേര്‍ന്ന് പകുതിയിലേറെക്കാലം സ്വതന്ത്ര പാക്കിസ്ഥാനെ നയിച്ചു. നവാസ് ഷെരീഫിന്റെ രാജിക്ക് ശേഷം അക്ഷരാര്‍ത്ഥത്തില്‍ ആ രാജ്യത്തെ നയിക്കുന്നത് സൈനികമേധാവിയായ (chief of army staff) ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയാണ്. ഖാദിം ഹുസൈന്‍ റിസ്‌വിയെന്ന മതതീവ്രവാദി നേതൃത്വം നല്‍കുന്ന ടിഎല്‍പി നവംബര്‍ നാലു മുതല്‍ തലസ്ഥാനത്തേക്കുള്ള പ്രധാന പാതകള്‍ ഉപരോധിച്ചതോടെ കത്തിപ്പടര്‍ന്ന പ്രക്ഷോഭം തണുപ്പിച്ചതും സൈനിക തലവനായ ബജ്‌വയുടെ ഇടപെടല്‍ തന്നെ.

ഭരണത്തില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടാലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാമെന്ന ഭരണഘടനാ ഭേതഗതിയും ഇതിനിടെ പാസാക്കിയിരുന്നു. അധികാരത്തില്‍ നിന്ന് നിഷ്‌കാസിതനായ നവാസ് ഷെരീഫ് ഇതിന്റെ മറപിടിച്ചുകൊണ്ട് ഭരണകക്ഷിയായ പിഎംഎല്‍(എന്‍) തലപ്പത്ത് പുനഃപ്രതിഷ്ഠ നടത്തിയതും മൂന്ന് ആഴ്ച നീണ്ടുനിന്ന തെരുവുയുദ്ധം ആളിക്കത്തിക്കുന്ന നടപടിയായി മാറി.

പാക്കിസ്ഥാനിലെ പ്രധാന പട്ടണങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന പ്രക്ഷോഭം കൈവിട്ടുപോകുമെന്ന മുന്നറിയിപ്പാണ് സൈന്യത്തേയും ഭരണനേതൃത്വത്തേയും ചെറിയൊരു വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചത്. നിയമ മന്ത്രിയുടെ രാജി, മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം, അറസ്റ്റിലായവരുടെ നിരുപാധിക മോചനം, മതനിന്ദയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള അന്വേഷണം, എന്നിവയെല്ലാമാണ് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍. തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായി ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സംയുക്ത തീരുമാനങ്ങളാണ് കൈക്കൊണ്ടതെങ്കിലും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് പ്രതിപക്ഷത്തിന് ഇപ്പോള്‍ താല്‍പര്യം. ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിയും ആസിഫലി സര്‍ദാരിയുടെ പിപിപിയും പ്രക്ഷോഭകാരികള്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നുണ്ടെന്നാണ് ഭരണകക്ഷിയുടെ ആരോപണം.

പതിവുപോലെ രാഷ്ട്രീയ അരാജകത്വത്തിന്റെ പഴി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലേക്കും പാക്കിസ്ഥാന്‍ ഉയര്‍ത്തിയിട്ടുണ്ട്. റോയുടെ അദൃശ്യകരങ്ങള്‍ പാക് പ്രക്ഷോഭകാരികള്‍ക്ക്, പ്രത്യേകിച്ചും മതതീവ്രവാദികള്‍ക്ക് പിന്നിലുണ്ടെന്ന ആരോപണത്തെ അന്തര്‍ദേശീയ നിരീക്ഷകര്‍ തികച്ചും മുഖവിലക്കെടുത്തിട്ടില്ല.

മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ‘ദൃഢ പ്രതിജ്ഞയെടുക്കുന്നു’ എന്നതിനു പകരം ‘പ്രഖ്യാപിക്കുന്നു’ എന്ന തിരുത്തേ നടത്തിയിട്ടുള്ളുവെന്ന് നിയമമന്ത്രി തന്നെ വ്യക്തമാക്കുകയുണ്ടായി. 2016 ഡിസംബറിലാണ് രാജ്യത്ത് പൊതുചര്‍ച്ചക്ക് വെച്ച ഈ ഭേദഗതി ഏകകണ്ഠമായി സമാഹരിച്ചത്. എന്നാല്‍ ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമന്യേ എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ വിഭാവനം ചെയ്യപ്പെട്ട പാക്കിസ്ഥാനില്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ സ്വപ്‌നങ്ങള്‍ക്ക് ലവലേശം പരിഗണനയില്ല, അദ്ദേഹത്തിന്റെ സ്വന്തം വിശുദ്ധിയുടെ നാട്ടില്‍.

Comments

comments

Categories: FK Special, Slider