മതേതര സോഷ്യലിസ്റ്റ് ഇന്ത്യ

മതേതര സോഷ്യലിസ്റ്റ് ഇന്ത്യ

വൈദേശിക ആധിപത്യത്തില്‍ നിന്നു വിമോചനം നേടി സ്വതന്ത്ര പരമാധികാര രാഷ്ട്രമാകുമ്പോള്‍ ഇന്ത്യന്‍ ജനത താലോലിച്ച സ്വപ്‌നമായിരുന്നു മതേതര സോഷ്യലിസ്റ്റ് ഇന്ത്യ. 1949 നവംബര്‍ 24ന് ഭരണഘടനാ നിര്‍മാണ സഭ ഇന്ത്യന്‍ ഭരണഘടന നിയമമാക്കി ജനങ്ങള്‍ക്ക് കൈമാറുമ്പോള്‍ അതിന്റെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് എന്ന വാക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. യാദൃശ്ചികമായ ഒഴിവാക്കലായിരുന്നു ഇതെന്ന് പറയാന്‍ കഴിയില്ല. ഭരണഘടന നിര്‍മിച്ചവരുടെ മനസില്‍ അതിനുള്ള കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം, അവരത് പ്രകടിപ്പിച്ചില്ലെങ്കിലും. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ വിമോചിതമാകുകയും രാജ്യം ഭരിക്കുന്നതിനുള്ള സ്വതന്ത്ര പരമാധികാരം രാജ്യത്തെ ജനങ്ങള്‍ക്ക് തന്നെ ലഭിക്കുകയും ചെയ്തപ്പോള്‍ പുതുതായി കൈവന്ന സ്വാതന്ത്ര്യത്തോട് ജനത ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകുമായിരുന്നില്ല. അനുഭവ പരിചയത്തിന്് മാത്രമേ ഇതിന് മറുപടി നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് എന്ന വാക്ക് ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ഭരണാധികാരികള്‍ക്ക് ബോധ്യപ്പെടാന്‍ 30 വര്‍ഷം വേണ്ടിവന്നു.

ശക്തമായ ഒരു രാഷ്ട്രീയ ഭരണക്രമം എന്ന നിലയില്‍ സെക്യുലര്‍ സോഷ്യലിസ്റ്റ് ഫിലോസഫി രാജ്യത്ത് വളര്‍ന്ന് വികസിക്കുകയും ഏതൊരു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും സെക്യുലര്‍ സോഷ്യലിസ്റ്റ് ദര്‍ശനത്തില്‍ അധിഷ്ഠിതമായിരിക്കും ഇന്ത്യയുടെ ഭാവിയുടെ ഭരണക്രമം എന്നതെന്ന ആത്മവിശ്വാസം ജനങ്ങളുടെ മനസില്‍ നിറയുകയും ചെയ്തിരുന്നു. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചാല്‍ രാജ്യത്തെ വലിയ ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷികള്‍ സെക്യുലറിസത്തിനും സോഷ്യലിസത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരാണ്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഇങ്ങനെ പ്രഖ്യാപിച്ചു: ‘സോഷ്യലിസം എന്നത് എനിക്ക് വെറുമൊരു സാമ്പത്തിക സിദ്ധാന്തമല്ല. എന്റെ മനസിലും ഹൃദയത്തിലും ചേര്‍ത്തു പിടിക്കുന്ന മഹത്തായൊരു വിശ്വാസ പ്രമാണമാണ്.’ വൈദേശികാധിപത്യത്തെ വെറുക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സോഷ്യലിസം എന്ന വിശ്വാസ പ്രമാണത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ ഒരു ദേശീയവാദിയില്‍ നിന്നാണ് ഈ വാക്കുകള്‍ വന്നത്. സാമ്പത്തിക തത്വസംഹിത എന്നതിലുപരി മഹാന്‍മാരായ നേതാക്കളുടെ ജീവിതശൈലി തന്നെയായ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുടെ പാന്ഥാവിലൂടെയാണ് രാജ്യം മുന്നേറാന്‍ പോകുന്നതെന്ന് വിശ്വസിക്കാന്‍ മറ്റെന്താണ് നമുക്ക് വേണ്ടത്.

രാജ്യം സോഷ്യലിസ്റ്റ് സാമ്പത്തിക ക്രമത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ തിരിച്ചറിവുണ്ടായി. ഇത് ഭരണഘടനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി ഇതിന് ശക്തമായൊരു അടിത്തറയുണ്ടാക്കാന്‍ ദേശീയ നേതാക്കളെയും രാഷ്ട്രീയ കക്ഷികളെയും ഒരുപോലെ നിര്‍ബന്ധിതരാക്കി. ഈ അനിവാര്യതയാണ് 1976 ല്‍ 42-ാം ഭരണഘടനാ ഭേദഗതിക്കാധാരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരാനും ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് എന്ന വാക്ക് ഉള്‍പ്പെടുത്താനും ഇടയാക്കിയത്. അങ്ങനെ 1977 ജനുവരി 3ന് ഇന്ത്യ ഒരു സമ്പൂര്‍ണ സെക്യുലര്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായി മാറുകയായിരുന്നു.

ഇന്ത്യയില്‍ നിലവിലുള്ള സെക്യുലറിസം മതവിരുദ്ധമല്ല, മതേതരമാണ്. ഇക്കാര്യം ഇന്ത്യന്‍ ഭരണഘടനയുടെ വിവിധ വ്യവസ്ഥകളിലൂടെ ശരിയായ രീതിയില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ‘ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല, എല്ലാ മതങ്ങളെയും അതിന്റെ സത്യ സ്ഥിതിയില്‍ അംഗീകരിക്കുകയും ചെയ്യുന്നു.’സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ പ്രസംഗത്തിലെ വിഖ്യാതമായ വാക്കുകളാണിത്. സെക്യുലറിസം എന്ന വാക്കിന് രാജ്യത്തിന്റെ പ്രഥമ ഉപരാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ നല്‍കിയ വ്യാഖ്യാനത്തില്‍ സ്വാമി വിവേകാനന്ദന്റെ മേല്‍ പറഞ്ഞ പ്രസ്താവനയാണ് ഉദ്ധരിക്കുന്നത്. സെക്യുലറിസം എന്നതിന് മതസഹിഷ്ണുത എന്നും കാഴ്ചപ്പാടിലെ സാര്‍വജനീനത എന്നും വ്യാഖ്യാനമുണ്ട്.
അടുത്തിടെ രാജ്യത്ത് നടന്ന ഇടക്കാല തെരഞ്ഞെടുപ്പുകളെത്തുടര്‍ന്ന് നിയമസഭകളില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുകയുണ്ടായി. ചില മന്ത്രിമാര്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തപ്പോള്‍ മറ്റു ചിലര്‍ ദൃഢപ്രതിജ്ഞയാണ് എടുത്തത്. മുഖ്യമന്ത്രിമാരില്‍ ഒരാള്‍ അള്ളാഹുവിന്റെ നാമത്തിലും ഈശ്വരന്റെ നാമത്തിലും സത്യപ്രതിജ്ഞയെടുത്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത് മതത്തോടുള്ള ആദരവാണ്. മതസഹിഷ്ണുതയും പരസ്പര ബഹുമാനവുമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. അതിനാല്‍ ഉറപ്പിച്ചു തന്നെ പറയാന്‍ സാധിക്കും, ഇന്ത്യന്‍ ഭരണഘടന മതവിരുദ്ധമല്ല, മതേതരമാണ്.

Comments

comments

Categories: FK Special, Slider