ആര്‍ബിഐ ധനനയം പ്രഖ്യാപിച്ചു, നിരക്കുകളില്‍ മാറ്റമില്ല

ആര്‍ബിഐ ധനനയം പ്രഖ്യാപിച്ചു, നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡെല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ ധനനയ പ്രഖ്യാപനം. റിപ്പോ നിരക്ക് ആറ് ശതമാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി നിലനിര്‍ത്താനാണ് ആര്‍ബിഐയുടെ ആറംഗ ധനനയ സമിതിയുടെ തീരുമാനം. ഇതോടെ റിപ്പോനിരക്ക് കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ തന്നെ നിലനില്‍ക്കും. ഓഗസ്റ്റിലെ വായ്പാനയത്തില്‍ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയന്റ് ആര്‍ബിഐ വെട്ടിക്കുറച്ചിരുന്നു.

2018 സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ത്ഥ ജിവിഎ വളര്‍ച്ച പ്രതീക്ഷ 6.7 ശതമാനമാക്കി തന്നെ ആര്‍ബിഐ നിലനിര്‍ത്തി. പലിശ നിരക്ക് അതേപടി തുടരാനാണ് റിസര്‍വ് ബാങ്ക് തീരുമാനിക്കുകയെന്ന് ഭൂരിപക്ഷം ഇക്കണോമിസ്റ്റുകളും ചൂണ്ടിക്കാട്ടിയിരുന്നു.ഒക്‌റ്റോബറിലും റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

പണപ്പെരുപ്പം ഉയരാനുള്ള സാധ്യത,അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനവ്,ജിഎസ്ടി നിരക്കുകളില്‍ അടുത്തിടെ വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ തുടങ്ങിയവ കണക്കിലെടുത്താണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്.

Comments

comments

Categories: Slider, Top Stories