റെയ്ല്‍വേയുടെ സംസ്‌കാരത്തില്‍ മാറ്റം വരണം

റെയ്ല്‍വേയുടെ സംസ്‌കാരത്തില്‍ മാറ്റം വരണം

സ്വകാര്യ മേഖലയെ കൂടുതല്‍ ഉള്‍പ്പെടുത്തി റെയ്ല്‍വേ സംവിധാനത്തെ ഉടച്ചുവാര്‍ക്കേണ്ടത് അനിവാര്യമാണ്

റെയ്ല്‍വേയിലെ പ്രശ്‌നങ്ങള്‍ കാലങ്ങളായി വിവിധ സര്‍ക്കാരുകള്‍ക്ക് തലവേദനയായി തുടരുകയാണ്. ഗതാഗതരംഗത്തെ അടിസ്ഥാനസൗകര്യങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ് റെയ്ല്‍വേയുടെ മെച്ചപ്പെട്ട വികസനം. ലാഭകരമായ ഒരു സംരംഭമായി റെയ്ല്‍ വകുപ്പിനെ മാറ്റിയാല്‍ മാത്രമേ സേവനങ്ങള്‍ മെച്ചപ്പെടുകയും ഗുണനിലവാരം ഉറപ്പുവരുകയും സുരക്ഷിത യാത്രയ്ക്ക് അവസരമൊരുങ്ങുകയും ചെയ്യൂ. ട്രെയ്ന്‍ യാത്ര പലര്‍ക്കും ഇപ്പോള്‍ സുരക്ഷിതമല്ലാതാകുന്നുണ്ട്. ആവര്‍ത്തിച്ചുള്ള ട്രെയ്ന്‍ അപകടങ്ങളാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

നരേന്ദ്ര മോദി മന്ത്രിസഭയിലെ മികച്ച പെര്‍ഫോമര്‍മാരിലൊരാളായ പിയുഷ് ഗോയല്‍ വകുപ്പിന്റെ ചുമതലയേറ്റെടുത്തതോടെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ. ഒരു സേവന മേഖലയെന്ന നിലയിലും സര്‍ക്കാര്‍ വകുപ്പിന്റെ എല്ലാവിധ മോശം സ്വഭാവങ്ങളും അടിഞ്ഞുകൂടിയ നെഗറ്റീവ് ആവാസ വ്യവസ്ഥ പലയിടത്തും നിലനില്‍ക്കുന്നു എന്ന കാരണത്താലും മാറ്റങ്ങള്‍ കൊണ്ടുവരികയെന്നത് പ്രയാസമാണെന്നാണ് പലരും കരുതുന്നത്. ഇന്നും ട്രെയ്‌നുകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും യാത്രക്കാര്‍ ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ കാര്യത്തിലും സ്ഥിതി വളരെ പരിതാപകരമാണ് എന്നതാണ് വാസ്തവം.

പരിമിതികള്‍ക്കപ്പുറത്തേക്ക് ചിന്തിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ സുഗമമാകൂ. ഒരു കോര്‍പ്പറേറ്റ്‌വല്‍ക്കരണം റെയ്ല്‍വേയുടെ കാര്യത്തില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഭരണനിര്‍വഹണത്തിലെ കോര്‍പ്പറേറ്റ് ശൈലിക്ക് ഒരു സേവനത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഫലവത്തായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. ഇനിയും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് ആപത്താണ്. പ്രത്യേകിച്ചും ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍. വന്‍നിക്ഷേപം റെയ്ല്‍വേയുമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ ആവശ്യമാണ്. ഇവിടങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ പങ്കാളിത്തം ഉറപ്പാക്കണം. റെയ്ല്‍വേയിലെ പല വിഭാഗങ്ങളെ വ്യത്യസ്ത സംരംഭങ്ങളായി പരിഗണിച്ച് മത്സരാധിഷ്ഠിത സ്വഭാവം കൊണ്ടുവരാന്‍ ശ്രമിക്കാവുന്നതാണ്. ഇത്തരത്തില്‍ ഒരു പുതിയ സംസ്‌കാരത്തിലേക്ക് നമ്മള്‍ ഉയര്‍ന്നാലേ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള സേവനങ്ങള്‍ റെയ്ല്‍വേയില്‍ നിന്ന് ലഭിക്കൂ. അല്ലെങ്കില്‍ റെയ്ല്‍ വകുപ്പ് ഒരു രാഷ്ട്രീയ ആയുധം മാത്രമായി തന്നെ അവശേഷിക്കും.

Comments

comments

Categories: Editorial, Slider