രാഹുലിന്റെ പുതു നിയോഗം

രാഹുലിന്റെ പുതു നിയോഗം

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ഇനി സാങ്കേതികമായ ചില നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കി. ബിജെപിയെ പ്രതിരോധിക്കാവുന്ന രീതിയില്‍ കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഹുലിന് സാധിക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം

പ്രതിപക്ഷം ശക്തിപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യം കൂടുതല്‍ ആരോഗ്യകരമായ പ്രകടനം കാഴ്ച്ചവെക്കൂ. ആ അര്‍ത്ഥത്തില്‍ നരേന്ദ്ര മോദി അധികാരത്തിലേറിയ മേയ് 2014ന് ശേഷം രാജ്യത്ത് പ്രതിപക്ഷ സംവിധാനങ്ങള്‍ അത്ര ശക്തിയുക്തമായിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ബലക്ഷയം സംഭവിക്കുന്ന കാഴ്ച്ചയാണുണ്ടായത്. രാഹുല്‍ ഗാന്ധി തന്നെയാണോ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയെന്ന കാര്യത്തില്‍ പോലും പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ കുറച്ചു മാസങ്ങളായി രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാണ്. തന്റെ സമീപനങ്ങളില്‍ മാറ്റം വരുത്തി കൃത്യമായ ആസൂത്രണത്തോടെ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയും ഡിജിറ്റല്‍ പ്രചരണത്തില്‍ ശ്രദ്ധ വെക്കുകയും ചെയ്തു. അതിന്റെ ഫലം നേരിയ തോതിലെങ്കിലും ഇപ്പോള്‍ കാണുന്നുണ്ട്. ബിജെപിയുടെ തട്ടകമായ ഗുജറാത്തില്‍ അവര്‍ക്ക് കുറച്ചെങ്കിലും വിയര്‍പ്പൊഴുക്കേണ്ടിവരുന്നു. പതിവില്‍ നിന്നും വിപരീതമായി രാഹുലിനെ കേള്‍ക്കാന്‍ ജനങ്ങള്‍ തയാറാകുന്നു എന്ന തോന്നലും ഉണ്ടാകുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും രാഹുല്‍ ഗാന്ധിക്കായി അജണ്ട സെറ്റ് ചെയ്തുള്ള ഇടപെടലുകളുണ്ടായത് ശ്രദ്ധേയമായിരുന്നു. ഡിജിറ്റല്‍ പ്രചരണങ്ങളില്‍ പിന്നിലാകുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന ബോധ്യം രാഹുലിന് കൃത്യമായി ഉണ്ടെന്നതാണ് അതിലെ ശരി തെറ്റുകള്‍ക്കപ്പുറത്ത് നമുക്ക് വായിച്ചെടുക്കാവുന്നത്.

കുടുംബരാഷ്ട്രീയത്തിന്റെ ജീര്‍ണിച്ച അവസ്ഥയാണ് കോണ്‍ഗ്രസിനെ തളര്‍ത്തിയത് എന്നതെല്ലാം ശരിതന്നെയാണ്. അല്ലെങ്കില്‍ ഇത്രയും പാരമ്പര്യം പേറുന്ന ഒരു പാര്‍ട്ടിക്ക് ഇന്നുണ്ടായ ശക്തിക്ഷയം സംഭവിക്കില്ലായിരുന്നു. എന്നാല്‍ നിലവില്‍ കുടുംബരാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങള്‍ മറന്ന് രാഹുലിന്റെ നേതൃത്വത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിന് എത്രമാത്രം സാധിക്കും എന്നതാണ് പ്രസക്തമായ ചോദ്യം. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് വെല്ലുവിളി ഉയര്‍ത്താന്‍ തക്ക തന്ത്രങ്ങളും ജനകീയതയും കൈവരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ? അങ്ങനെ സാധിക്കണമെങ്കില്‍ കേവലം കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കുറച്ചെങ്കിലും സമീപനത്തില്‍ മാറ്റം വരണം. ഇത് പുതിയ ഇന്ത്യയാണ്.

സാങ്കേതികവിദ്യ കുതിച്ചുചാട്ടം നടത്തുന്ന അവസ്ഥയില്‍ തൊഴില്‍ ഭീഷണിയും അതിലേറെ പുതിയ തൊഴിലവസരങ്ങളും എല്ലാം തുറക്കപ്പെടുന്ന ലോകത്ത് ഇന്ത്യന്‍ യുവത്വത്തിന് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നേതാവാണ് വേണ്ടത്. ജാതി സമവാക്യങ്ങളിലും പ്രീണനനയങ്ങളിലും ഇനിയും കുരുങ്ങി നില്‍ക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ ഒരു പക്ഷേ രാഹുല്‍ ഗാന്ധിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഉണ്ടായേക്കില്ല. അതേസമയം, ഫ്രാന്‍സിലെ മക്രോണിനെപ്പോലുള്ള നവയുഗ നേതാക്കളെ മാതൃകയാക്കി പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയിലുള്ളത് മികച്ച അവസരമാണ് താനും. ഇനിയും ജനങ്ങളെ വികസിക്കാന്‍ സഹായിക്കാത്ത തരത്തില്‍ വിഭജനരാഷ്ട്രീയമല്ല പയറ്റേണ്ടത്, ഒരു രാഷ്ട്രീയ പാര്‍ട്ടിയും.

കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ കാലം മാറുമ്പോള്‍, വന്‍ ശക്തിയാകാന്‍ കുതിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വിഭജന രാഷ്ട്രീയം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പിന്തിരിപ്പന്‍ ആശയങ്ങളുടെ മാത്രം ഫലമായാണ് നമ്മള്‍ പല മേഖലകളിലും ഇപ്പോഴും ഒരു 25 വര്‍ഷമെങ്കിലും പുറകില്‍ നടക്കുന്നത്. ഇനിയും അത് പാടില്ല. രാഷ്ട്രീയക്കാര്‍ കുറച്ചുകൂടി പ്രൊഫഷണല്‍ ആയി ഇടപെടലുകള്‍ നടത്തിയാലേ മാറ്റം സാധ്യമാകൂ. ആ പ്രൊഫഷണല്‍ രാഷ്ട്രീയത്തിലേക്ക് രാഹുല്‍ ഗാന്ധിക്ക് ഉയരാന്‍ സാധിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.

Comments

comments

Categories: Editorial, Slider