ഓട്ടോഗ്രാഫുകളാകുന്ന ഫോട്ടോഗ്രാഫുകള്‍

ഓട്ടോഗ്രാഫുകളാകുന്ന ഫോട്ടോഗ്രാഫുകള്‍

ചെന്നൈ നഗരത്തിലെ ഫോട്ടോസ്റ്റുഡിയോകളിലെ ഫോട്ടോഗ്രാഫുകള്‍ നവീകരിക്കാനുള്ള ബ്രിട്ടീഷ് ലൈബ്രറിയുടെ ഗവേഷണപദ്ധതി ഉടമകള്‍ക്ക് പ്രത്യാശയേകുന്നു

ഫോട്ടോഗ്രാഫറെ ആശ്രയിച്ച് ചടങ്ങുകള്‍ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ എത്താന്‍ വൈകിയാല്‍ സംഘാടകര്‍ തന്നെ ഉദ്ഘാടനം വൈകി തുടങ്ങിയാല്‍ മതിയെന്നു പറയുന്ന കാലം. ഒരു കുടുംബത്തിലെ മൂന്നു തലമുറയുടെ വിവാഹമടക്കമുള്ള അനര്‍ഘ ജീവിത നിമിഷങ്ങള്‍ ഫ്രെയിമിലൊതുക്കി സമ്മാനിച്ച ഫോട്ടോഗ്രാഫര്‍മാര്‍ ഇവിടെയുണ്ടായിരുന്നു. അന്ന് ഒരു ഫോട്ടോഗ്രാഫറെ കിട്ടാന്‍ സ്റ്റുഡിയോയിലെത്തി നേരവും കാലവും നോക്കി ബുക്ക് ചെയ്യണമായിരുന്നു. ഇന്ന് കാലം മാറിയിരിക്കുന്നു. കൈയിലിരിക്കുന്ന മൊബീല്‍ ഫോണില്‍ ഫോട്ടോയെടുത്ത് സൂക്ഷിക്കാമെന്നതിനാല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും സ്റ്റുഡിയോകളുടെയും പ്രസക്തി ഏറെക്കുറെ നഷ്ടമായിരിക്കുന്നു. ഡിജിറ്റല്‍ടെക്‌നോളജിയുടെ കാലത്ത് ഫോട്ടോസ്റ്റുഡിയോകള്‍ക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അവയില്‍ ചിലതെങ്കിലും ഷട്ടറിടാന്‍ വിസമ്മതിച്ചു നില്‍ക്കുമ്പോള്‍ അവയുടെ പാരമ്പര്യം സംരക്ഷിക്കാന്‍ തയാറായി ഒരു ഗവേഷണദൗത്യം ഉദയം ചെയ്തിരിക്കുന്നു. ഫിലിം കാമറകളില്‍ എടുത്ത ഫോട്ടോകള്‍ പലതും പഴകി നിറം മങ്ങുകയും ഇരട്ടവാലനും മറ്റും കരണ്ട് കീറുകയും ചെയ്തിരിക്കുന്നു. ഇവ ഡിജിറ്റൈസേഷനിലൂടെ നവീകരിച്ചു സൂക്ഷിക്കുകയാണ് ലക്ഷ്യം.

ബ്രിട്ടീഷ് ലൈബ്രറിയുടെ ധനസഹായത്തോടെയുള്ള ദൗത്യത്തില്‍ തമിഴ്‌നാട്ടിലെ 100 സ്റ്റുഡിയോകളിലുള്ള 10,000 ഫോട്ടോകളാണ് ഡിജിറ്റൈസ് ചെയ്യുക. 1880- 1980 കാലഘട്ടത്തിലെ കുടുംബഫോട്ടോകള്‍, വിവാഹ, ശവസംസ്‌കാര ചടങ്ങുകളുടെ ഫോട്ടോകള്‍, നടീനടന്മാരുടെ ഫോട്ടോകള്‍ എന്നിവയാണ് നവീകരിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്ത് ആദ്യമായി നടക്കുന്ന പദ്ധതിയാണിതെന്ന് ഗവേഷകനായ സോയ ഇ ഹാര്‍ഡ്‌ലി പറയുന്നു. തമിഴ്‌നാട്ടിലെ 19-ാം നൂറ്റാണ്ടിലെ ജീവിതാവസ്ഥയെന്തെന്ന് അറിയാന്‍ താല്‍പ്പര്യപ്പെടുന്ന ചരിത്രകുതുകികള്‍ക്ക് ഇതു മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പദ്ധതി ഒരു സ്വര്‍ണഖനിയായിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ രമേഷ് കുമാറിന്റെ നിരീക്ഷണം. ഡിജിറ്റല്‍ കാമറകള്‍ നമ്മുടെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമെത്തും മുമ്പ് ഫോട്ടോഗ്രാഫര്‍മാര്‍ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളിലേക്ക് ഗവേഷണം വെളിച്ചം വിതറും. മിക്കവാറും പഴയ ഫോട്ടോകള്‍ സ്റ്റുഡിയോയുടെ മച്ചില്‍ കൂമ്പാരമാക്കിയിടുകയോ കപ്‌ബോഡില്‍ അലസമായിടുകയോ ആണ് പതിവ്. അവ വൃത്തിയാക്കാന്‍ പോലും ആരും മെനക്കെടാറില്ല. അങ്ങനെ പല ഫോട്ടോകളും ചൂടും ഈര്‍പ്പവും മൂലം നശിച്ചു പോയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോകളുടെ യഥാര്‍ത്ഥ കണക്കുകള്‍ ഗവേഷണസംഘത്തിന് വ്യക്തമായി അറിയാന്‍കഴിഞ്ഞിട്ടില്ല. ഡിജിറ്റല്‍ വിപ്ലവം സ്റ്റുഡിയോകളുടെ തലവര മാറ്റിയെഴുതിയിരിക്കുന്നു. നഗരത്തിലെ ആര്‍കെ മുട്ട് റോഡിലേക്കു കടന്നാല്‍ നിറം മങ്ങിയ ചുവരുകളുള്ള ഒരു ചെറിയ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് കാണാം. ഫോട്ടോസ്റ്റാറ്റ് കടയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു വീഡിയോ- ഫോട്ടോ സ്റ്റുഡിയോ. 1930 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന സത്യം സ്റ്റുഡിയോ ആണിത്. ഇതിനകത്തു പ്രവേശിച്ചാല്‍ ബോളിവുഡ് താരം ഹേമമാലിനിയുടെ പഴയകാല ഫോട്ടോയും മുന്‍ രാഷ്ട്രപതി വി വി ഗിരിയുടെ ചിത്രവുമാണ് വരവേല്‍ക്കുക. ആനന്ദ് രാജു, ബാലചന്ദ്ര രാജു സഹോദരന്മാരാണ് സ്റ്റുഡിയോയുടെ ഇപ്പോഴത്തെ ഉടമകള്‍. ഇവരുടെ മുത്തച്ഛനാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഈ സ്റ്റുഡിയോ സ്ഥാപിച്ചത്. സ്റ്റുഡിയോയുടെ ഒരറ്റത്ത് പുരാതനമായ ഡാഗ്യുറോടൈപ്പ് കാമറ ഒരു തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫിയുടെ ആദ്യകാലങ്ങളില്‍ ഉണ്ടാക്കപ്പെട്ട ഡാഗ്യുറോടൈപ്പ് കാമറയില്‍ അയോഡിന്‍ സെന്‍സിറ്റൈസ് ചെയ്ത വെള്ളിത്തകിടുകളുടെയും മെര്‍ക്കുറി ആവിയുടെയും വിനിയോഗത്താലാണ് ഫോട്ടോകള്‍ രൂപപ്പെട്ടിരുന്നത്.

ബ്രിട്ടീഷ് ലൈബ്രറിയുടെ ധനസഹായത്തോടെയുള്ള ദൗത്യത്തില്‍ തമിഴ്‌നാട്ടിലെ 100 സ്റ്റുഡിയോകളിലുള്ള 10,000 ഫോട്ടോകളാണ് ഡിജിറ്റൈസ് ചെയ്യുക. 1880- 1980 വരെയുള്ള വര്‍ഷങ്ങളിലെ കുടുംബഫോട്ടോകള്‍, വിവാഹ, ശവസംസ്‌കാര ചടങ്ങുകളുടെ ഫോട്ടോകള്‍, നടീനടന്മാരുടെ ഫോട്ടോകള്‍ എന്നിവയാണ് നവീകരിക്കുന്നത്

സ്റ്റുഡിയോ ബിസിനസിന്റെ പ്രഭ മങ്ങിയിരിക്കുന്നുവെന്ന് ആനന്ദ് രാജു പറയുന്നു. മുത്തച്ഛന്‍ സ്റ്റുഡിയോ നിര്‍മിച്ച കാലത്ത് രാജാവിന്റെ പ്രതാപത്തോടെയാണ് കഴിഞ്ഞിരുന്നത്. ഒരിക്കല്‍ ഗ്ലാമറിന്റെ ഒളി വീശിയിരുന്ന സ്റ്റുഡിയോയുടെ ഡാര്‍ക്ക് റൂം ഇന്ന് പഴയ സാധനങ്ങള്‍ കൂമ്പാരമാക്കിയിട്ടിരിക്കുന്ന സ്‌റ്റോര്‍ റൂമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നഗരമധ്യത്തില്‍സ്ഥിതി ചെയ്യുന്ന ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള നല്ലപിള്ളൈ സ്റ്റുഡിയോയുടെ ഗതിയും ഏറെക്കുറെ സമാനമാണ്. ഉടമ രംഗനാഥന് മുത്തച്ഛന്‍ സ്ഥാപിച്ച സ്റ്റുഡിയോ നടത്തിക്കൊണ്ടു പോകാന്‍ പ്രതിമാസം 20,000 രൂപ വേണ്ടി വരുന്നു. എന്നാല്‍ ഇതിനു തക്ക വരുമാനം കിട്ടുന്നില്ല. ബിസിനസ് മുമ്പോട്ട് കൊണ്ടുപോകാന്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട് അദ്ദേഹം. മുമ്പത്തെപ്പോലെ ചടങ്ങുകള്‍ കവര്‍ ചെയ്യാന്‍ അധികമാരും വിളിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതിനിപ്പോള്‍ എല്ലാവരുടെയും കൈയില്‍ സ്മാര്‍ട്ട്‌ഫോണുണ്ടല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇപ്പോഴുള്ള സ്റ്റുഡിയോകള്‍ പോലും ഉണ്ടാകില്ലെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.

ബ്രിട്ടീഷ് ലൈബ്രറിയുടെ ദൗത്യത്തെ ആനന്ദ് രാജു സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. ഇത് നല്ലൊരു കാര്യമാണ്. ഇത് തന്റെ സ്റ്റുഡിയോയെ രക്ഷിക്കുമോയെന്ന് അറിയില്ല. എന്നാല്‍ സ്റ്റുഡിയോയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന അവരില്‍ പഴയ ഫോട്ടോകള്‍ സൃഷ്ടിക്കുന്ന ആവേശവും അമ്പരപ്പും കാണുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. അവര്‍ ഈ ഫോട്ടോകള്‍ക്ക് പുനര്‍ജന്മമേകുമെന്ന ഉറപ്പുണ്ടെന്ന് അദ്ദേഹം പ്രതികരിക്കുന്നു. ഏതായാലും കാലം നിറം ചോര്‍ത്തിയ ജീവിത മുഹൂര്‍ത്തങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഒരു കാലത്തിന്റെ ഓജസും തേജസുമുള്ള ചരിത്രത്തിന്റെ നേര്‍ച്ചിത്രം രചിക്കുന്നമെന്നതില്‍ ഈ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തികഞ്ഞ പ്രത്യാശയാണുള്ളത്. അവരുടെ ഫോട്ടോഗ്രാഫുകള്‍ നഗരത്തിന്റെ ഗൃഹാതുരത്വം പേറുന്ന ഓട്ടോഗ്രാഫുകളാകുന്നത് അഭിമാനാര്‍ഹം തന്നെ.

 

Comments

comments

Categories: FK Special, Slider