സംസ്ഥാനത്ത് പുതിയ 20 ചെറുകിട ജലവൈദ്യുതപദ്ധതികള്‍

സംസ്ഥാനത്ത് പുതിയ 20 ചെറുകിട ജലവൈദ്യുതപദ്ധതികള്‍

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുതപദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. 2012ലെ ചെറുകിടജലവൈദ്യുതി നയം അനുസരിച്ച് ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രോജക്റ്റ് വിഭാഗത്തിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവെക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്റ്റേറ്റ് റെഗുലേറ്ററി കമ്മീഷന്‍ നിരക്ക് നിശ്ചയിക്കും.

മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ നിയമം ഭേദഗതി നടപ്പാക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള കേരള വനിതാ കമ്മീഷന്‍ നിയമപ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ.
ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ കാന്തിപ്പാറ വില്ലേജില്‍ 83.98 ആര്‍ പുറമ്പോക്ക് ഭൂമി, പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് ധാന്യസംഭരണശാല നിര്‍മിക്കുന്നതിനായി നല്‍കാന്‍ തീരുമാനിച്ചു.

ലോകകേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാരവകുപ്പും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പസസ്യഫലകൃഷി പ്രദര്‍ശനത്തില്‍ പങ്കെടുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്വന്തം ഫണ്ടില്‍ നിന്നും പരമാവധി അഞ്ചുലക്ഷം രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.

ഓഖി ദുരന്തബാധിതര്‍ക്ക് സമഗ്ര നഷ്ടപരിഹാര പാക്കേജ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു മൂലം ദുരന്തം നേരിട്ടവര്‍ക്ക് സമഗ്ര നഷ്ടപരിഹാര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പാക്കേജ് അംഗീകരിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കും. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം, ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആകെ 20 ലക്ഷം രൂപ ഓരോ കുടുംബത്തിനും നല്‍കുന്നത്.

ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ ജീവിതോപാധി കണ്ടെത്തുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കും. ദുരന്തത്തിനിരയായവര്‍ക്ക് നല്‍കുന്ന സഹായവും തുടര്‍ സഹായങ്ങളും വിലയിരുത്തി നിര്‍േദശങ്ങള്‍ നല്‍കുന്നതിന് റവന്യു വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എന്നിവരെ അംഗങ്ങളാക്കി കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 40 രൂപയും എന്ന കണക്കില്‍ ഏഴ് ദിവസത്തേക്ക് അനുവദിക്കും. സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് നല്‍കാനും തീരുമാനിച്ചു. ചുഴലിക്കാറ്റില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടം കണക്കാക്കി തതുല്യമായ തുക നല്‍കും. മരിക്കുകയോ കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവ നല്‍കും. ഏതെങ്കിലും മത്സ്യത്തൊഴിലാളിയെ കണ്ടെത്താനാകാതെ വന്നാല്‍ അവരുടെ കുടുംബത്തിന്റെ കാര്യത്തില്‍ സഹായം നല്‍ുകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് റവന്യുഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റ് അഡീ. ചീഫ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളിലേക്ക് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി.

ദുരന്ത നിരവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാനും അടിയന്തിര പ്രവര്‍ത്തന കേന്ദ്രം തിരുവനന്തപുരത്തും എല്ലാ ജില്ലകളിലും സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകട മേഖലയിലുള്ള എല്ലാ വീടുകളും ഒഴിപ്പിക്കുകയും അവര്‍ക്കായി 52 ക്യാംപുകള്‍ സ്ഥാപിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങലുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ രക്ഷപെട്ടെത്തിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 92 പേരെയാണ് ഇനി കണ്ടെത്താന്‍ ബാക്കിയുള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കൂടുതല്‍ ആള്‍ക്കാരുണ്ടോ എന്ന കാര്യം പരിശോധിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിവിധ വകുപ്പുകള്‍ക്കും സ്ഥലം സന്ദര്‍ശിക്കുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത കേന്ദ്രമന്ത്രിമാര്‍ക്കും നന്ദിപറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories