ആര്‍കോമിനെതിരെ പാപ്പരത്ത പരാതിക്കൊരുങ്ങി കൂടുതല്‍ ചൈനീസ് ബാങ്കുകള്‍

ആര്‍കോമിനെതിരെ പാപ്പരത്ത പരാതിക്കൊരുങ്ങി കൂടുതല്‍ ചൈനീസ് ബാങ്കുകള്‍

കോടതിക്ക് പുറത്തുവെച്ച് സിഡിബിയുമായുള്ള ഒത്തുതീര്‍പ്പ് ബുദ്ധിമുട്ടായിരിക്കുമെന്ന് വിലയിരുത്തല്‍

ഹോങ്കോംഗ്: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സി(ആര്‍കോം)നെതിരെ ചൈന ഡെവലപ്‌മെന്റ് ബാങ്ക് നല്‍കിയ പാപ്പരത്ത പരാതിയെ പിന്തുണയ്ക്കുന്നതിന് ചൈനയിലെ രണ്ട് പ്രമുഖ വായ്പാദാതാക്കള്‍ തയാറെടുക്കുന്നു. ചൈന ഡെവലപ്‌മെന്റ് ബാങ്കിന് (സിഡിബി) 2 ബില്യണ്‍ ഡോളറാണ് ആര്‍കോം നല്‍കാനുള്ളത്. ആസ്തിയിയുടെ അടിസ്ഥാനത്തില്‍ ചൈനയിലെ ഏറ്റവും വലിയ ലിസ്റ്റഡ് വായ്പാദാതാക്കളായ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ് ബാങ്ക് ഓഫ് ചൈന(ഐസിബിസി), എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവയാണ് സിഡിബിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ആര്‍കോമിനെതിരെ സിഡിബി പാപ്പരത്ത ഹര്‍ജി നല്‍കിയത്.

ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ചൈനീസ് ബാങ്കുകള്‍ ആക്രമണോത്സുക നീക്കങ്ങള്‍ നടത്തുമ്പോഴാണ് ചൈനീസ് വായ്പാദാതാക്കളുടെ ഈ നീക്കമെന്നത് കൗതുകകരമാണ്. കടത്തില്‍ പുനഃക്രമീകരണം നടത്താന്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള ആര്‍കോം നടത്തി വരുന്ന ശ്രമങ്ങള്‍ക്കും ഈ നീക്കം തിരിച്ചടിയാകും. സിഡിബിയുടെ പാപ്പരത്ത ഹര്‍ജിക്ക് തങ്ങളുടെ ഭൂരിപക്ഷം വായ്പാദാതാക്കളും എതിരാണെന്ന് കഴിഞ്ഞയാഴ്ച ആര്‍കോം വ്യക്തമാക്കിയിരുന്നു.

2017 മാര്‍ച്ചിലെ കണക്ക്പ്രകാരം 45,733 കോടി രൂപയാണ് ആര്‍കോമിന്റെ മൊത്തം കടം. അതേസമയം സിഡിബിയുടെ പരാതിയെ ഇന്ത്യന്‍ ബാങ്കുകള്‍ എതിര്‍ക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ആര്‍കോമിന്റെ വായ്പാപാദാതാക്കളെല്ലാം ചേര്‍ന്ന് രൂപീകരിച്ച ജോയ്ന്റ് ലെന്‍ഡേഴ്‌സ് ഫോറത്തില്‍ ചൈനീസ് ബാങ്കുകളും അംഗങ്ങളാണ്. എന്നാല്‍ ഫോറത്തിലെ ഒരു വായ്പാദാതാവിനെ പാപ്പരത്ത പ്രക്രിയക്കായുള്ള നീക്കത്തില്‍ നിന്ന് തടയാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

തിരിച്ചടവില്‍ ആര്‍കോം വന്‍വീഴ്ച വരുത്തിയതിനാല്‍ തന്നെ കോടതിക്ക് പുറത്തുവെച്ച് സിഡിബിയുമായുള്ള ഒത്തുതീര്‍പ്പ് ബുദ്ധിമുട്ടായിരിക്കും. വാഗ്ദാനം പാലിക്കാത്ത ആര്‍കോമിന്റെ നടപടിയില്‍ സിഡിബിയ്ക്ക് കടുത്ത അതൃപ്തിയുള്ളതിനാലാണിത്.

Comments

comments

Categories: Business & Economy