ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൂടുതല്‍ മുതല്‍മുടക്കും

ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൂടുതല്‍ മുതല്‍മുടക്കും

2015 ല്‍ 36,000 ആഡംബര കാറുകള്‍ വിറ്റ റെക്കോഡ് 2017 ല്‍ കടപുഴകുമെന്ന് കമ്പനികള്‍ പ്രതീക്ഷിക്കുന്നു

മുംബൈ : ആഗോള ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തും. പുതു വര്‍ഷത്തില്‍ ഇന്ത്യയില്‍ ലക്ഷ്വറി കാറുകളുടെ റെക്കോഡ് വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ജിഎസ്ടി നിരക്കിനെതുടര്‍ന്ന് ഇടക്കാലത്ത് താല്‍ക്കാലികമായി വില്‍പ്പന കുറഞ്ഞത് കമ്പനികള്‍ കാര്യമാക്കുന്നില്ല.

സ്‌കോഡ ഓട്ടോയുടെ ഔറംഗാബാദിലെ ഫാക്ടറിയില്‍ പുതിയ എന്‍ജിന്‍ അസ്സംബ്ലി ലൈന്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. ഇന്ത്യയില്‍ 3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പുണെയ്ക്ക് സമീപം ചാകണിലെ ഫാക്ടറിയില്‍ 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മ്മിക്കുന്നതിന് പുറമേയാണിത്. ഔഡിയുടെ എതിരാളിയായ ബിഎംഡബ്ല്യു ഇന്ത്യയില്‍ രണ്ടാം ഘട്ട നിക്ഷേപത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ബിഎംഡബ്ല്യു ഇന്ത്യ വിപണിയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

വോള്‍വോ ഓട്ടോ ഇന്ത്യ ഈയിടെ ബെംഗളൂരുവില്‍ കാര്‍ ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ അസ്സംബ്ലിംഗ് നടത്തുന്ന കാര്യം ലെക്‌സസ് ആലോചിക്കുന്നു. മെഴ്‌സിഡസ് ബെന്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവര്‍ കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനും അതുവഴി കൂടുതല്‍ ഇന്ത്യക്കാരാകാനുമുള്ള ശ്രമത്തിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായി ആഡംബര കാര്‍ വിപണി ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച കൈവരിക്കുന്ന സമയത്താണ് വാഹന നിര്‍മ്മാതാക്കള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് തയ്യാറെടുക്കുന്നത്. 2015 ല്‍ 36,000 ആഡംബര കാറുകള്‍ വിറ്റ മുന്‍ റെക്കോഡ് 2017 ല്‍ കടപുഴകുമെന്ന് കമ്പനികള്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യ തന്ത്രപ്രധാന വളര്‍ച്ചാ വിപണിയാണെന്ന് ഔഡി ചെയര്‍മാന്‍ റൂപ്പര്‍ട്ട് സ്ട്രാഡ്‌ലര്‍ പറഞ്ഞു. ഭാവിയില്‍ പ്രീമിയം കാറുകളുടെ വലിയ വിപണിയായി ഇന്ത്യ മാറും

ഇന്ത്യ തന്ത്രപ്രധാന വളര്‍ച്ചാ വിപണിയാണെന്ന് ഔഡി ബോര്‍ഡ് ചെയര്‍മാന്‍ റൂപ്പര്‍ട്ട് സ്ട്രാഡ്‌ലര്‍ സമ്മതിച്ചു. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും വളരുന്നതിനുമുള്ള അവസരങ്ങള്‍ തീരെ പാഴാക്കില്ല. ഇന്ത്യന്‍ വിപണി അതിവേഗ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ പ്രീമിയം കാറുകളുടെ വലിയ വിപണിയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി സ്ട്രാഡ്‌ലര്‍ അറിയിച്ചു. നിക്ഷേപം നടത്തിവരുന്നു. അധികം വൈകാതെ പ്രാദേശികമായി നിര്‍മ്മിച്ച എന്‍ജിനുകള്‍ കാണാം. എന്‍ജിനുകള്‍ കൂടാതെ, കാറുകള്‍ക്കായി ഇന്ത്യയില്‍ ആക്‌സിലുകള്‍ നിര്‍മ്മിക്കുന്നതും ഔഡിയുടെ പരിഗണനയിലാണ്.

ഇന്ത്യയില്‍ അടുത്ത ഘട്ട നിക്ഷേപത്തിനാണ് ബിഎംഡബ്ല്യു ഒരുങ്ങുന്നത്. 2016 ല്‍ രാജ്യത്ത് അതിവേഗം വളരുന്ന ബ്രാന്‍ഡ് ബിഎംഡബ്ല്യു ആയിരുന്നു. 20 ശതമാനത്തിലധികമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഈ കലണ്ടര്‍ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ 17.3 ശതമാനം വളര്‍ച്ച നേടാനും കഴിഞ്ഞു. ഇന്ത്യയിലെ വളര്‍ച്ച ശക്തിപ്പെടുന്നതിന് ജിഎസ്ടി ഉപകരിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ പറഞ്ഞു.

Comments

comments

Categories: Auto