ഐഡിയ-വോഡഫോണ്‍ ലയനം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയായേക്കും

ഐഡിയ-വോഡഫോണ്‍ ലയനം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയായേക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെലികോം വിപണിയിലെ മുന്‍നിരക്കാരായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തമ്മിലുള്ള ലയന നടപടികള്‍ നിശ്ചയിച്ചതിനേക്കാള്‍ വേഗത്തില്‍ പൂര്‍ത്തിയായേക്കുമെന്ന് സൂചന. ലയനത്തിന്റെ ഭാഗമായ എല്ലാ അനുമതികളും അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ലഭിക്കുമെന്നാണ് കമ്പനി മാനേജ്‌മെന്റുകള്‍ പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് ഓഫ് മെറില്‍ ലിന്‍ച് പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്തിടെ ഐഡിയ സെല്ലുലാര്‍ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ബാങ്ക് ഓഫ് മെറില്‍ ലിന്‍ച് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

2018 സെപ്റ്റംബര്‍ മാസത്തോടെ ലയനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വോഡഫോണ്‍ ഗ്രൂപ്പ് സിഇഒ വിട്ടോറിയോ കൊളൗ അടുത്തിടെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനും ആറ് മാസം മുന്നേ തന്നെ ലയന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് മെറില്‍ ലിന്‍ച് വ്യക്തമാക്കുന്നു. നിലവില്‍ കോടതിയുടെയും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അനുമതികളാണ് ഐഡിയ-വോഡഫോണ്‍ ലയനത്തിന് ലഭിക്കാനുള്ളത്. വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയിക്കുന്നതിലൂടെ 400 മില്യണ്‍ ഉപഭോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ ഫോണ്‍ കമ്പനിയാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. നിലവില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാക്കളാണ് വോഡഫോണ്‍ ഇന്ത്യ. വിപണിയില്‍ മൂന്നാമതാണ് ഐഡിയ സെല്ലുലാറിന്റെ സ്ഥാനം.

റിലയന്‍സ് ജിയോയുടെ കടന്നുവരവും ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ നഷ്ടവും വരുമാനത്തിലുണ്ടായ ഇടിവും കാരണം പ്രതിസന്ധിയിലായ ഇരു ടെലികോം കമ്പനികളെയും സംബന്ധിച്ചിടത്തോളം ഈ ലയനം നിര്‍ണായകമാണ്. ഇരു കമ്പനികളുടെയും ലയന സംരംഭത്തിന് 2,700 കോടി രൂപ പ്രവര്‍ത്തനത്തില്‍ ലാഭിക്കാനാകുമെന്നാണ ്‌വിലയിരുത്തല്‍. 2ജി സര്‍വീസില്‍ ഐഡിയയും വോഡഫോണും ഒരുമിച്ച് വരുന്ന 70,000 സൈറ്റുകളാണുള്ളത്. ഈ സൈറ്റുകളില്‍ അധികമായുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ച് പുറത്തുകടക്കുന്നതിന് കമ്പനി പിഴ അടക്കേണ്ടി വരുമെങ്കിലും പ്രവര്‍ത്തന ചെലവില്‍ വലിയ ലാഭമുണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

4ജി സര്‍വീസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു വേണ്ടി 18,00 മെഗാ ഹെട്‌സ് ബാന്‍ഡിലും 2,100 മെഗാ ഹെട്‌സ് ബാന്‍ഡിലുമുള്ള 2ജി, 3ജി തരംഗങ്ങള്‍ വ്യാപിപ്പിക്കുന്നത് കമ്പനി നിയന്ത്രിച്ചേക്കുമെന്നും അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തോടെ വോള്‍ട്ടി അധിഷ്ഠിത 4ജി സേവനങ്ങള്‍ ആരംഭിക്കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കും ഇതെന്നും അനലിസ്റ്റുകള്‍ പറഞ്ഞു.

Comments

comments

Categories: Business & Economy