നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ ജിഎസ്ടി ഡാറ്റ ഉപയോഗിച്ചേക്കും

നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ ജിഎസ്ടി ഡാറ്റ ഉപയോഗിച്ചേക്കും

അനലിറ്റിക്‌സ് സഹായത്തോടെ വരുമാന നികുതി ഡാറ്റയും ജിഎസ്ടി ഡാറ്റയും ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് സാങ്കേതികമായി സാധ്യമാണ്

മുംബൈ: നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ ഡാറ്റ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചേക്കും. ജിഎസ്ടി റിപ്പോര്‍ട്ടിലൂടെ ലഭ്യമാകുന്ന ഡാറ്റയും വരുമാന നികുതി ഫയലിംഗ്‌സിലെ വിവരങ്ങളും ചേര്‍ന്നുപോകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. കമ്പനികളുടെയും പ്രമോട്ടര്‍മാരുടെയും വരുമാനം നികുതി റിട്ടേണ്‍ ഫയലിംഗുമായി ഒത്തുനോക്കുന്നതിനുള്ള ഒരു ഡാറ്റാബേസ് സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. മുന്‍വര്‍ഷങ്ങളിലെ നികുതി വെട്ടിപ്പുകള്‍ കണ്ടെത്താനും ഈ ഡാറ്റ സര്‍ക്കാര്‍ ഉപയോഗിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. വളരെ പ്രാഥമിക ഘട്ടത്തിലാണ് ഈ നീക്കങ്ങള്‍ ഇപ്പോഴുള്ളത്.

‘അനലിറ്റിക്‌സ് സഹായത്തോടെ വരുമാന നികുതി ഡാറ്റയും ജിഎസ്ടി ഡാറ്റയും ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് സാങ്കേതികമായി സാധ്യമാണ്. നിലവില്‍ ജിഎസ്ടിഎനിന്റെയും നികുതി വകുപ്പിന്റെയും കൈയില്‍ ഇതിനായുള്ള ഡാറ്റയുണ്ട്,’ ഡെലോയ്റ്റ് ഇന്ത്യ പാര്‍ട്ണറായ ജാസ്‌കിരണ്‍ ഭാട്ടിയ പറഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനും ചരക്കുകള്‍ വിതരണം ചെയ്യുന്നതിനും മുന്‍പ് രേഖകള്‍ ഒന്നും തന്നെയില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇതില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ല. അങ്ങനെ ചെയ്താല്‍ കമ്പനിയുടെ വരുമാനത്തില്‍ പെട്ടെന്ന് ഉയര്‍ച്ച കാണിക്കും. അതിനാല്‍ ഉയര്‍ന്ന വരുമാന നികുതിയുടെ പരിധിയേക്കാള്‍ താഴെയാണ് കമ്പനിയുടെ വരുമാനമെന്ന് കാണിക്കാന്‍ പ്രമോട്ടര്‍മാര്‍ മറ്റ് വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് നികുതി ഉപദേശകര്‍ പറയുന്നത്. ജിഎസ്ടി റിട്ടേണും നികുതി ഓഫീസില്‍ സമര്‍പ്പിച്ച സാമ്പത്തിക വിവരങ്ങളും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് അശോക് മഹേശ്വരി ആന്‍ഡ് അസോസിയേറ്റ്‌സ് പാര്‍ട്ണര്‍ അമിത് മഹേശ്വരി പറയുന്നത്. ഒരു കമ്പനിയുടെ വരുമാനത്തില്‍ പെട്ടെന്ന് വന്‍ വളര്‍ച്ചയുണ്ടായാല്‍ മുന്‍വര്‍ഷവുമായി ഇത് താരതമ്യം ചെയ്തതിന് ശേഷം നികുതി ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം ആവശ്യപ്പെടാന്‍ സാധിക്കുമെന്നും മഹേശ്വരി പറഞ്ഞു.

Comments

comments

Categories: More