വനിതകള്‍ക്ക് ഡിജിറ്റല്‍ തൊഴിലവസരങ്ങളുമായി ഗൂഗിളും ടാറ്റ ട്രസ്റ്റും

വനിതകള്‍ക്ക് ഡിജിറ്റല്‍ തൊഴിലവസരങ്ങളുമായി ഗൂഗിളും ടാറ്റ ട്രസ്റ്റും

ന്യൂഡെല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടി ഡിജിറ്റല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഗിളും ടാറ്റ ട്രസ്റ്റും തയാറെടുക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളെ ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഇന്റര്‍നെറ്റ് സാതി’ പ്രോഗ്രാമിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഗൂഗിള്‍-ടാറ്റ ട്രസ്റ്റ് കൂട്ടുകെട്ട് ശ്രമിക്കുന്നത്.

സ്ത്രീകളില്‍ ഡിജിറ്റല്‍ അവബോധം വളര്‍ത്തിയെടുക്കുന്നതിന് ടാറ്റ ട്രസ്റ്റുമായി സഹകരിച്ച് 2015ലാണ് ഗൂഗിള്‍ ഇന്റര്‍നെറ്റ് സാതി പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ ശ്രമം. ഇതുവരെ 30,000 സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഭാഗമായി ഗൂഗിള്‍ പരിശീലനം നല്‍കികഴിഞ്ഞു. ഇതിലൂടെ 12 മില്യണ്‍ സ്ത്രീകളില്‍ ഡിജിറ്റല്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഗൂഗിള്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായി മാറ്റിയെടുക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്ന് ഗൂഗിള്‍ സൗത്ത് ഈസ്റ്റ് ഏഷ്യ, ഇന്ത്യ മാര്‍ക്കറ്റിംഗ് മേധാവി സപ്‌ന ചധ പറഞ്ഞു. രത്തെ ഗ്രാമത്തിലെ പത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളെടുത്താല്‍ ഒരു സ്ത്രീ മാത്രമാണുണ്ടായിരുന്നത്. ഇത് പത്തില്‍ മൂന്ന് എന്ന കണക്കിലേക്ക് വളര്‍ന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്ത്രീകളില്‍ പരിശീലനത്തിനു ശേഷം സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള പുരോഗതി നിരീക്ഷിക്കാനായിട്ടുണ്ടെന്നും സപ്‌ന ചൂണ്ടിക്കാട്ടി. ഈ പ്രോഗ്രാമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ധാരാളം പേര്‍ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതാണ് ഇന്റര്‍നെറ്റ് സാതി പ്രോഗ്രാം വ്യാപിപ്പിച്ചുകൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ആശയത്തിലേക്ക് തങ്ങളെ നയിച്ചതെന്നും അവര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് സാതി വഴിയുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് കമ്പനികള്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും സൗകര്യമൊരുക്കുന്ന റൂറല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഫൗണ്ടേഷനും (ഫ്രണ്ട്) ടാറ്റ ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഇന്റര്‍നെറ്റ് സാതികളെ സംബന്ധിച്ചിടത്തോളം പുതിയൊരു വരുമാന മാര്‍ഗമാണെന്ന് സപ്‌ന കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More