സംരംഭകത്വ വഴിയിലെ നല്ല ഇടയന്‍

സംരംഭകത്വ വഴിയിലെ നല്ല ഇടയന്‍

ഒരു പൊതു സേവന സംരംഭം എങ്ങനെ തുടങ്ങണമെന്നും അതിനെ എങ്ങനെ വിജയകരമായി നയിക്കണമെന്നും ഡോ. ഏബ്രഹാം മുളമൂട്ടിലിനോളം അനുഭവജ്ഞാനമുള്ളവര്‍ കേരളത്തില്‍ ഇന്ന് അധികമുണ്ടാകില്ല. വലുതും ചെറുതുമായ നിരവധി സംരംഭങ്ങളുടെ സ്രഷ്ടാവും സാരഥിയുമായ ഈ അറുപത്തി മൂന്നുകാരന്‍ തന്റെ സ്വപ്‌ന സംരംഭമായ ഏഷ്യന്‍ സാങ്ച്വറി ഓഫ് നോളജ് യാഥാര്‍ഥ്യമാക്കുന്നതിന് സാമ്പത്തിക പിന്തുണ തേടിയുള്ള നിരന്തരമായ യാത്രയിലാണ്.

സാമൂഹ്യസേവനവും സംരംഭകത്വവും രക്തത്തിലലിഞ്ഞു ചേര്‍ന്ന വ്യക്തിത്വമാണ് റവ. ഡോ. ഏബ്രഹാം മുളമൂട്ടിലിന്റേത്. ഒരു സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ എന്ന നിലയില്‍ മധ്യതിരുവിതാംകൂറിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഫാ. ഏബ്രഹാം മുളമൂട്ടില്‍ പൗരോഹിത്യ ദൗത്യത്തിന് പുതിയൊരു മാനവും ദര്‍ശനവും നല്‍കിയ വ്യക്തിയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ സമുന്നത സ്ഥാപനങ്ങളിലൊന്നായ തിരുവല്ല മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ (മാക്ഫാസ്റ്റ്) സ്ഥാപകനും പ്രിന്‍സിപ്പാളും, പുഷ്പഗിരി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ച ചെയര്‍മാന്‍, കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് കമ്മ്യൂണിറ്റി റേഡിയോ ആയി തുടങ്ങി തിരുവല്ലയുടെ ഹൃദയത്തുടിപ്പായി മാറിയ മാക്ഫാസ്റ്റ് റേഡിയോ നിലയത്തിന്റെ സ്ഥാപകന്‍, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ഇന്‍ അഫോര്‍ഡബിള്‍ ടെക്‌നോളജി (സിഡാറ്റ്)യുടെ സ്ഥാപകന്‍, പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷീരോല്‍പാദകരായ നിരണം ക്ഷീരോല്‍പാദക സംഘത്തിന്റെ സ്ഥാപകന്‍, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സ്ഥാപകന്‍, ഏഷ്യന്‍ സാങ്ച്വറി ഓഫ് നോളജ്, കൊച്ചിന്‍ ബയോസാങ്ച്വറി എന്നിവയുടെ സ്ഥാപക ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവും. ഫാ. ഏബ്രഹാം മുളമൂട്ടില്‍ എന്ന സോഷ്യല്‍ ഓണ്‍ട്രപ്രണറെ അറിയാന്‍ ഈ സ്ഥാപനങ്ങളുടെ മികവിനെക്കുറിച്ച് അറിഞ്ഞാല്‍ മതി. കൂടുതല്‍ ബൃഹത്തായ ആശയങ്ങളുടെ സാക്ഷാത്കാരത്തിനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍. യുവാക്കളുടെ മേഖലയായ സ്റ്റാര്‍ട്ടപ്പ് വേദികളിലും വേറിട്ട മുഖമായി ഫാ. മുളമൂട്ടിലിനെ കാണാം.

പൗരോഹിത്യം പരിവര്‍ത്തനത്തിന്

തന്റെ പൗരോഹിത്യ ദൗത്യം സാമൂഹ്യപരിവര്‍ത്തനമാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ പള്ളിമേടയില്‍ നിന്ന് സമൂഹത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. 1981ല്‍ തൃശൂര്‍ വടക്കാഞ്ചേരി കൊമ്പഴ പള്ളി വികാരിയായിരിക്കെ നാട്ടുകാരെ അണിനിരത്തി ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ച് തുടങ്ങിയതാണ് അദ്ദേഹത്തിന്റെ സാമൂഹ്യ ഇടപെടലുകള്‍. സേവനമനുഷ്ഠിച്ച പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം ഫാ. മുളമൂട്ടില്‍ വേറിട്ട സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ മായാത്ത മുദ്രപതിപ്പിച്ചു.

യൂറോപ്പില്‍ തിയോളജിയില്‍ ഉന്നത പഠനത്തിന് പോയതോടെയാണ് തന്റെ സേവന മാര്‍ഗം വിദ്യാഭ്യാസ മേഖലയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ബെല്‍ജിയത്തില്‍ ഏഴ് വര്‍ഷം നടത്തിയ ദൈവശാസ്ത്രപഠനം മുളമൂട്ടിലച്ചന്റെ കാഴ്ചപ്പാടുകളില്‍ പുതിയ പരിവര്‍ത്തനങ്ങളുണ്ടാക്കി. യൂറോപ്പില്‍ അക്കാലത്ത് ഇന്ത്യയെക്കുറിച്ചുള്ള ഇമേജ് വളരെ മോശമായിരുന്നു. പാമ്പാട്ടികളുടെയും കാളവണ്ടികളുടെയും ചേരികളുടെയും രാജ്യം എന്നതാണ് ഇന്ത്യയെക്കുറിച്ച് യൂറോപ്യന്‍ മീഡിയ നല്‍കിയിരുന്ന പൊതുചിത്രം. ഇത് വലിയ വിഷമം സൃഷ്ടിച്ചിരുന്നു. അക്കാലത്ത് അമേരിക്കയുടെ വഴി പിന്തുടര്‍ന്ന് ജര്‍മനി കമ്പ്യൂട്ടര്‍ സയന്‍സില്‍ വിസ കൊടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്ക് രക്ഷപ്പെടാനുള്ള വഴി കമ്പ്യൂട്ടര്‍ സയന്‍സ് ആണ് എന്ന തിരിച്ചറിവുണ്ടായത്. സയന്‍സ് ആന്റ് ടെക്‌നോളജിയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് ബോധ്യമായി. രണ്ട് എം എ ബിരുദങ്ങളും പി എച്ച് ഡിയുമെടുത്ത ശേഷം 1998ല്‍ തിരുവല്ലയില്‍ തിരിച്ചെത്തിയ ഉടനെ കമ്പ്യൂട്ടര്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചു. അവിടെ നിന്നായിരുന്നു മാക്ഫാസ്റ്റിന്റെ പിറവി.

മാക്ഫാസ്റ്റും പുഷ്പഗിരി മെഡിക്കല്‍ കോളേജും

മാക്ഫാസ്റ്റില്‍ അന്ന് കേരളത്തില്‍ ലഭ്യമല്ലാതിരുന്ന നിരവധി പുതിയ കോഴ്‌സുകള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. 2002ല്‍ കേരളത്തില്‍ ആദ്യമായി എം എസ് സി ബയോ ഇന്‍ഫോമാറ്റിക്‌സ്, പ്ലാന്റ് ബയോടെക്‌നോളജി കോഴ്‌സുകള്‍ ആരംഭിച്ചു. എം ജി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ആദ്യമായി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് തുടക്കമിട്ടു. 2005ല്‍ ഫൈറ്റോമെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്ന കോഴ്‌സ് കേരളത്തിലാദ്യമായി തുടങ്ങിയതും ഫാ. മുളമൂട്ടില്‍ തന്നെ. 30 കിലോ വാട്ടിന്റെ സോളാര്‍ പ്രോജക്ടിലൂടെ സോളാര്‍ വൈദ്യുതീകരണം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ ക്യാമ്പസാക്കി മാക്ഫാസ്റ്റിനെ അദ്ദേഹം മാറ്റി.

മാക്ഫാസ്റ്റിന് മുമ്പ് പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ തുടക്കം അദ്ദേഹത്തിലൂടെയായിരുന്നു. വെള്ളവും വെളിച്ചവും പദ്ധതിയിലൂടെ പുഷ്പഗിരി മെഡിക്കല്‍ കോളേജിന് ആവശ്യമായ സോളാര്‍ വൈദ്യുതിയും റിവേഴ്‌സ് ഓസ്‌മോസിസിലൂടെ ശുദ്ധജലവും ഉല്‍പാദിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. ഏറ്റെടുക്കുന്ന ജോലികളിലെല്ലാം നവീനത്വം കൊണ്ടുവരിക എന്നത് ഫാ. മുളമൂട്ടിലിന്റെ സഹജസ്വഭാവമാണ്. തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പുതുക്കിപ്പണിയാനുള്ള ചുമതല ബിഷപ് ഏല്‍പിച്ചത് രൂപതാ ചാന്‍സലര്‍ കൂടിയായിരുന്ന ഫാ. മുളമൂട്ടിലിനെയാണ്. കേരള വാസ്തുവിദ്യാ ശൈലിയില്‍ പള്ളി പുതുക്കിപ്പണിതുകൊണ്ട് അവിടെയും അദ്ദേഹം പുതിയ വഴിയിലൂടെ സഞ്ചരിച്ചു.

സാമൂഹ്യസംരംഭകന്‍

വിദ്യാഭ്യാസ മേഖലയില്‍ മാത്രം അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഒതുങ്ങി നിന്നില്ല. പീസ് പീപ്പിള്‍ ഡോട്ട് ഓര്‍ഗ്, ഇന്നൊവേറ്റ് ഔര്‍ സ്‌പേസ് എന്ന പേരില്‍ ആരോഗ്യ – വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ഏജന്‍സിക്ക് തുടക്കം കുറിച്ചു. നിര്‍ധനര്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന ഹൃദയസ്പന്ദനം പദ്ധതി 2010ല്‍ നടപ്പിലാക്കി. റെയില്‍വെ വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട 34 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. തിരുവല്ലയില്‍ കുടുംബ ഡോക്ടര്‍ പദ്ധതി നടപ്പിലാക്കി. ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന വിഖ്യാത ബൈബിള്‍ ചലചിത്രം കേരളത്തില്‍ വിതരണം ചെയ്തത് ഡോ. ഏബ്രഹാം മുളമൂട്ടില്‍ ഡയറക്ടറായ മാക്ഫാസ്റ്റ് ഫിലിംസാണ്.

നിരണം ക്ഷീരോല്‍പാദക സഹകരണ സംഘമാണ് ഡോ. മുളമൂട്ടിലിന്റെ സംരംഭകമികവിന്റെ മറ്റൊരുദാഹരണം. 1983ല്‍ നിരണം സെന്റ് ജോസഫ്‌സ് പള്ളിയില്‍ പുരോഹിതനായി ചുമതലയേറ്റതോടെയാണ് മില്‍മ മോഡലില്‍ ക്ഷീരോല്‍പാദക സൊസൈറ്റി രൂപീകരിക്കാന്‍ അച്ഛന്‍ മുന്നിട്ടിറങ്ങിയത്. നിരക്ഷരരായ ഗ്രാമീണരെ പറഞ്ഞു ബോധ്യപ്പെടുത്തി ഇത്തരമൊരു സംരംഭത്തിലേക്ക് കൊണ്ടുവരുന്നത് ശ്രമകരമായ ജോലിയായിരുന്നുവെങ്കിലും അതെല്ലാം ഫാ. മുളമൂട്ടിലിന്റെ ഇച്ഛാശക്തിക്കും സംഘാടന മികവിനും മുന്നില്‍ വഴിപ്പെട്ടു. ഇന്ന് പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ഷീരോല്‍പാദകരായ നിരണം ക്ഷീരോല്‍പാദക സംഘം ഫാ. മുളമൂട്ടിലിന്റെ ദീര്‍ഘവീക്ഷണത്തിന്റെ തെളിമയുള്ള തെളിവാണ്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ ഒരു ഓഫ് ക്യാമ്പസ് കേരളത്തില്‍ തുടങ്ങുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഫാ. ഏബ്രഹാം മുളമൂട്ടിലിന്റെ സഞ്ചാരം. സീഡ് ഫൗണ്ടേഷന്‍ എന്ന നോട്ട് ഫോര്‍ പ്രോഫിറ്റ് കമ്പനിയും ഇതിനായി ഉണ്ടാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നേടിയ തലമുറയെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്ന ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന മികവിന്റെ കേന്ദ്രമായ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് അദ്ദേഹത്തിന്റെ സ്വപ്‌നത്തിലുള്ളത്.

സ്വപ്‌നസംരംഭത്തിന് പിന്നാലെ

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ ഒരു ഓഫ് ക്യാമ്പസ് കേരളത്തില്‍ തുടങ്ങുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഫാ. ഏബ്രഹാം മുളമൂട്ടിലിന്റെ സഞ്ചാരം. സീഡ് ഫൗണ്ടേഷന്‍ എന്ന നോട്ട് ഫോര്‍ പ്രോഫിറ്റ് കമ്പനിയും ഇതിനായി ഉണ്ടാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നേടിയ തലമുറയെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്ന ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന മികവിന്റെ കേന്ദ്രമായ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് അദ്ദേഹത്തിന്റെ സ്വപ്‌നത്തിലുള്ളത്. ദല്‍ഹിയിലും മുംബൈയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ രണ്ട് ക്യാമ്പസുകളുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമ്പസ് നിര്‍മിക്കാനാണ് ഫാ. മുളമൂട്ടിലിന്റെ ശ്രമം. പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് സി എസ് ആര്‍ ഫണ്ടുകളിലൂടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള പുതിയൊരു മാനേജ്‌മെന്റ് സംവിധാനവും അദ്ദേഹത്തിന്റെ മനസിലുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് ദിശാബോധമില്ലാത്ത് പലമേഖലകളിലും നമ്മുടെ കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘എക്‌സലന്‍സ് ഇല്ല എന്നതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശ്‌നം. മാറുന്ന കാലത്തിന്റെ സാങ്കേതിക വിദ്യകളായ റോബോട്ടിക്‌സ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രീ ഡി പ്രിന്റിംഗ്, തുടങ്ങിയ പുതിയ സാധ്യതകള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. യൂണിവേഴ്‌സിറ്റികളാണ് ഇത്തരം കോഴ്‌സുകള്‍ ആവിഷ്‌കരിക്കാനും എഞ്ചിനീയറിംഗ് കോളേജുകളോട് ഈ കോഴ്‌സുകള്‍ക്ക് പ്രാധാന്യം കൊടുക്കാനും നിര്‍ദേശിക്കേണ്ടത്. ഇപ്പോള്‍ പഠിപ്പിക്കുന്ന എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ നിന്ന് മാറേണ്ട സമയം അതിക്രമിച്ചു. യൂണിവേഴ്‌സിറ്റികള്‍ക്ക് മികവുള്ള കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യാന്‍ കഴിയണം. അതിന് സാധിക്കാത്തത് പോളിസി തിങ്കിങ്ങ് മാറാത്തതിനാലാണ്. ഇത് മാറിയാലേ കേരളത്തിന് രക്ഷയുള്ളൂ. വിദേശ സര്‍വകലാശാലകളോട് കേരളത്തിലുള്ള എതിര്‍പ്പിന് പിന്നില്‍ സങ്കുചിത താല്‍പര്യങ്ങള്‍ മാത്രമാണ്. ചൈനയാണ് ഏറ്റവുമധികം വിദേശ യൂണിവേഴ്‌സിറ്റികളെ കൊണ്ടുവരുന്ന രാജ്യം. ലോകത്തെ എല്ലാവരും അങ്ങനെയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ലിബറലൈസേഷന്റെ ഫലമായി വിദേശത്തു നിന്ന് എന്തെല്ലാം വന്നു. വിദ്യാഭ്യാസം മാത്രം വരാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും. അങ്ങനെ വന്നാലല്ലേ വിദ്യാഭ്യാസ രംഗത്ത് ആരോഗ്യകരമായ മത്സരമുണ്ടാകൂ’ – അദ്ദേഹം ചോദിക്കുന്നു.

വിദ്യാഭ്യാസം സേവനമേഖലയായി കണ്ട് ലാഭേതരമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടതെന്ന് ഫാ. മുളമൂട്ടില്‍ നിര്‍ദേശിക്കുന്നു. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ വരുന്നത് ബ്ലേഡ് കമ്പനിക്കാരന്റെ മനോഭാവവുമായാണ്. ഇത്തരത്തില്‍ മെറിറ്റ് നോക്കാതെ വന്നവര്‍ക്കെല്ലാം പ്രൊഫഷണല്‍ കോളേജുകള്‍ അനുവദിച്ചതാണ് നിലവാരത്തകര്‍ച്ചക്കുള്ള പ്രധാന കാരണം. അമേരിക്കയിലൊക്കെ സ്വകാര്യ വിദ്യാഭ്യാസ മേഖല ലാഭേതരമായാണ് പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റ് അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഇത് മാതൃകയാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മോദി ചെയ്തതും അച്ചന്‍ എഴുതിയതും

ഡിമോണിറ്റൈസേഷനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയും രാജ്യത്ത് സജീവ ചര്‍ച്ചയാകുമ്പോള്‍ നാല് വര്‍ഷം മുമ്പ് ഇതിന്റെ സാധ്യത മുന്‍കൂട്ടി കാണുകയും ഇതേക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തയാളാണ് ഫാ. ഏബ്രഹാം മുളമൂട്ടില്‍. 2013ല്‍ ഡിമോണിറ്റൈസേഷന്‍, ഡിജിറ്റല്‍ മണി എന്നിവയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമ്പോള്‍ അച്ചന് വേറെ പണിയില്ലേ എന്ന് ചോദിച്ചവരാണ് അധികവും. എന്നാല്‍ തന്റെ ആശയങ്ങളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച് ഡിജിറ്റല്‍ ഇടപാടുകളുടെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഫാ. മുളമൂട്ടില്‍ ഇറങ്ങിത്തിരിച്ചു. ഫാ. ഏബ്രഹാം മുളമൂട്ടില്‍ രചിച്ച ഇ റൂപ്പി ടു റീഇന്‍വെന്റ് ഇന്ത്യ എന്ന പുസ്തകം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌ലി 2014 ലാണ് പ്രകാശനം ചെയ്തത്.
2016 നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഫാ. ഏബ്രഹാം മുളമൂട്ടില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ തന്റെ ഓഫീസിലിരുന്ന ആഹ്ലാദത്തോടെ പറഞ്ഞു, പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കറന്‍സി രഹിത സമൂഹത്തിനായുള്ള ഇന്ത്യയുടെ ആദ്യചുവടുവെപ്പാണെന്ന്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയം വിജയിപ്പിച്ച മാതൃകയില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇ റൂപ്പി പദ്ധതിയും മോദി സര്‍ക്കാരിന് ഘട്ടംഘട്ടമായി വിജയപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് ഫാ. ഏബ്രഹാം മുളമൂട്ടില്‍ വിശ്വാസം പ്രകടിപ്പിച്ചു.

ഡിമോണിറ്റൈസേഷന്‍ നടപ്പിലാക്കിയതില്‍ വന്ന ഒരേയൊരു പാളിച്ചയായി ഫാ. മുളമൂട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് 2000 രൂപാ നോട്ടുകള്‍ അച്ചടിച്ചതാണ്. സാധാരണക്കാര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് 100. 200 രൂപകള്‍ മാത്രം റിസര്‍വ് ബാങ്ക് അച്ചടിച്ചിറക്കുകയും 200 രൂപയ്ക്ക് മുകളില്‍ വരുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും ഇലക്‌ട്രോണിക് മണി സംവിധാനത്തിലൂടെ നടപ്പാക്കുകയും ചെയ്താല്‍ അഴിമതിയും കള്ളപ്പണവും പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ തിയറി. രാജ്യത്ത് നോട്ട് അച്ചടിക്കുന്നതിന് ചെലവാക്കുന്ന കോടിക്കണക്കിന് രൂപയുടെ നാലിലൊരു ഭാഗം മുടക്കി ഐ ടി മേഖലയില്‍ സെര്‍വറുകള്‍ സ്ഥാപിച്ചാല്‍ ഇ റൂപ്പി പദ്ധതി പ്രായോഗികതലത്തില്‍ അനായാസം വിജയിപ്പിച്ചെടുക്കാമെന്ന് ഫാ. ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട് ഫോണുകളിലൂടെയും എ ടി എം മാതൃകയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളിലൂടെയും ഇലക്‌ട്രോണിക് മണിയുടെ വിനിമയം സാധ്യമാകും. ഇ റുപ്പിയിലൂടെ പണം കൈമാറ്റം ചെയ്യുമ്പോഴുണ്ടായേക്കാവുന്ന സുരക്ഷിതത്വം സംബന്ധിച്ച ജനങ്ങളുടെ ആശങ്കയ്ക്ക് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി എന്ന സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാനാകുമെന്ന് ഫാ. ഏബ്രഹാം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ഇനിയും വലിയ പ്രചാരണം ലഭിച്ചിട്ടില്ലാത്ത ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ വിവരിക്കുന്ന പുസ്തകം അദ്ദേഹം രചിച്ചുകൊണ്ടിരിക്കുകയാണ്.

Comments

comments

Categories: FK Special