ഡിസംബറില്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍

ഡിസംബറില്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍

പ്രസിദ്ധീകരണ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന വര്‍ഷമാണ് കടന്നുപോകുന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ കഴിഞ്ഞ 11 മാസക്കാലയളവിനുള്ളില്‍ വിപണിയിലെത്തിയിരുന്നു. സാഹിത്യപരമായവയും വെറുതെ വായിച്ച് തള്ളാവുന്നവയുമായി ധാരാളം പുസ്തകങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. വായനക്കാരുടെ പക്ഷത്ത് നിന്നും ആവശ്യകതയിലുണ്ടായ വര്‍ധന റീഡര്‍ഷിപ്പ് ഉയരുന്നതിനും കാരണമായി. ജീത് തയിലിന്റെ ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയിന്റ്‌സ്, സുനിത നരൈനിന്റെ കോണ്‍ഫഌക്റ്റ്‌സ് ഓഫ് ഇന്ററസ്റ്റ് എന്നിവ വായനക്കാരുടെ ഇഷ്ടത്തിന് പാത്രമായ രചനകളില്‍പ്പെടുന്നു. മറ്റുള്ള പുസ്തകങ്ങള്‍ വായനയിലും ഓര്‍മകളിലും ഇടം നേടാതെ പോയപ്പോള്‍ ഇവ രണ്ടും ആസ്വാദകന്റെ മനസ് മുതല്‍ പത്രങ്ങളിലെ സാഹിത്യ കോളങ്ങള്‍ വരെ നിറഞ്ഞുനിന്നു.

വര്‍ഷത്തിന്റെ അവസാന മാസത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. മികച്ച നിരവധി പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അഞ്ച് സൃഷ്ടികളെ പരിചയപ്പെടാം.

1 ദാറ്റ് തിംഗ് വി കാന്‍ കോള്‍ എ ഹാര്‍ട്ട് – ഷേബാ കരീം (ബ്ലൂംസ് ബെറി)

ശബ്‌നം ഖുറേഷി എന്ന പാക്കിസ്ഥാനി- അമേരിക്കന്‍ പെണ്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടാണ് കഥ മുന്നോട്ടുപോകുന്നത്. ന്യൂ ജഴ്‌സിയിലെ പ്രൈവറ്റ് സ്‌കൂളില്‍ പഠിക്കുന്ന അവള്‍ വളരെ വികൃതിയും ചുറുചുറുക്കുമുള്ളയാളായിരുന്നു. തുടര്‍ന്ന് അവിടെ വച്ച് ജാമി എന്ന യുവാവുമായി കണ്ടുമുട്ടുന്നതും അടുക്കുന്നതുമാണ് കഥാതന്തു. അറിയാതെ തന്നെ ജാമിയുമായി ശബ്‌നം അടുക്കുമ്പോള്‍ ജാമിയെ ആകര്‍ഷിക്കുന്നത് അവളുടെ സംസ്‌കാരവും പെരുമാറ്റവും എല്ലാമാണ്. തുടര്‍ന്നുള്ള സാഹചര്യങ്ങളിലൂടെ മുന്നേറുന്ന കഥ ചിന്താപരമായ ഒട്ടനവധി വസ്തുതകള്‍ വായനക്കാരന് മുന്നിലേക്ക് വെച്ചുനീട്ടുന്നുണ്ട്. വ്യവസ്ഥാപിതമായ തടസങ്ങളെ എതിര്‍ക്കുന്ന മുസ്ലീം- അമേരിക്കന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സങ്കീര്‍ണമായ ആഖ്യാനരീതിയാണ് എഴുത്തുകാരി ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഉറുദു സാഹിത്യത്തില്‍ നിന്നെടുത്ത രൂപകമായ തലക്കെട്ട് പോലെ തന്നെ കഥയും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയുടെ വിവിധ ചിന്താഗതികളെ മനോഹരമായി കൂട്ടിയിണക്കിയാണ് കഥയുടെ സഞ്ചാരം. ആദ്യപ്രണയം, ആഗ്രഹം, സുഹൃദ്ബന്ധം, മാതാപിതാക്കളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളെല്ലാം അതിശയോക്തിയുടെ അകമ്പടിയില്ലാതെ സ്വാഭാവിക രീതിയില്‍ അഭിനന്ദനാര്‍ഹമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.

2 ദ ഫീവര്‍- സോണിയ ഷാ ( പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്)

മലേറിയ എന്ന മാരകരോഗത്തിന്റെ വിവിധ വശങ്ങളെ ക്രോഡീകരിച്ചുകൊണ്ട് സോണിയ ഷാ തയാറാക്കിയിരിക്കുന്ന ഗ്രന്ഥമാണ് ദ ഫീവര്‍. കൊതുക് പരത്തുന്ന അസുഖങ്ങളായ ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ എന്നിവ മനുഷ്യരാശിയെ കടന്നാക്രമിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. കാലാനുസൃതമായ അന്വേഷണ പരമ്പരയെന്നവിധമാണ് എഴുത്തുകാരി പുസ്തകത്തെ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യന്‍ സാങ്കേതിക വിദ്യകളെയും മരുന്നുകളെയും ഇതിന് എതിരെയുള്ള കവചങ്ങളായി ഉപയോഗിച്ച് വരികയാണെന്നാണ് എഴുത്തുകാരി പറയുന്നത്. എന്നാല്‍ അതെല്ലാം ഫലം ചെയ്യുന്ന കാലം കടന്നുപോയെന്നും അവര്‍ വിവരിക്കുന്നു. പനാമ, മലാവി, കാമറൂണ്‍, ഇന്ത്യ തുടങ്ങിയിടങ്ങളിലെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളായി മനുഷ്യരാശിയെ പിന്തുടരുന്ന വ്യാധിയെ കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്.

2017 കടന്നുപോകുന്നത് നിരവധി പ്രസിദ്ധീകരണങ്ങളെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചുകൊണ്ടാണ്. ചില പുസ്തകങ്ങള്‍ പ്രസിദ്ധിയിലേക്ക് നടന്നുകയറിയപ്പോള്‍ മറ്റു ചിലത് ഓര്‍മയില്‍ പോലും തങ്ങി നില്‍ക്കാത്തവയായി. വര്‍ഷാവസാനത്തില്‍ പുറത്തിറങ്ങിയ ചില മികച്ച പുസ്തകങ്ങളിലൂടെ…

3 ദ ന്യൂ പാക്കിസ്ഥാനി മിഡില്‍ ക്ലാസ് – അമാറ മക്‌സൂദ് (ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്)

മതതീവ്രവാദം കൊടുംപിരികൊള്ളുന്ന സ്ഥലമായിട്ടാണ് മറ്റു രാജ്യങ്ങള്‍ പാക്കിസ്ഥാനെ വിലയിരുത്താറുള്ളത്. മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകളിലൂടെയും ഇടപെടലുകളിലൂടെയും മറ്റും അവര്‍ തന്നെ അതിന് ശക്തി നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമാറ മക്‌സൂദ് ഇതില്‍ നിന്ന് വിഭിന്നമായി ലാഹോറിലെ സാധാരണക്കാരുടെ ജീവിതപശ്ചാത്തലത്തിലേക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ട് പോകുന്നത്. സംഗീതം മുതല്‍ പാക്കിസ്ഥാനി സ്ത്രീകളുടെ വസ്ത്രങ്ങള്‍ വരെ നിറയുന്ന മതം ഇടത്തരക്കാരെ എപ്രകാരമാണ് പരിചരിക്കുന്നതെന്ന് സര്‍വേകളുടെയും നിരവധി പഠനങ്ങളുടെയും മറ്റും പിന്‍ബലത്തിലാണ് എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ആധുനികതയുടെ വരവിനെ എതിര്‍ക്കുന്ന പരമ്പരാഗത വിശ്വാസങ്ങളുടെ പുനര്‍വിചിന്തനവും ഗ്രന്ഥത്തിലൂടെ അമാറ മക്‌സൂദ് നിര്‍വഹിക്കുന്നു.

4 ദി അറ്റ്‌ലസ് ഓഫ് ബ്യൂട്ടി- മിഹായേലാ നോറോക് (പര്‍ട്ടികുലര്‍ ബുക്‌സ്)

2013 മുതല്‍ തന്റെ കാമറയുമായി ലോകം ചുറ്റാനിറങ്ങിയ ആളാണ് എഴുത്തുകാരി മിഹായേലാ നോറോക്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി സ്ത്രീകളുടെ വ്യക്തിജീവിതത്തിന്റെ നേര്‍ക്കാഴ്ചയാകുന്ന നിരവധി ചിത്രങ്ങള്‍ അവര്‍ പകര്‍ത്തുകയുണ്ടായി. ഈ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ദി അറ്റ്‌ലസ് ഓഫ് ബ്യൂട്ടി തയാറാക്കിയിരിക്കുന്നത്. നിത്യ ജീവിതത്തിലെ സ്ത്രീകളുടെ വിവിധങ്ങളും വ്യത്യസ്തവുമായ ചിത്രങ്ങള്‍ പകര്‍ത്തുക വഴി സൗന്ദര്യം എന്നത് എല്ലായിടത്തുമുണ്ടെന്ന സന്ദേശം കൈമാറാനാണ് അവര്‍ ശ്രമിക്കുന്നത്. വിവിധ ദേശങ്ങളില്‍ വിവിധ സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന നിരവധിയായ സ്ത്രീകളുടെ ജീവിത ചിത്രങ്ങള്‍ പുസ്തകത്തില്‍ അണിനിരത്തിയിരിക്കുന്നു. ആമസോണ്‍ മഴക്കാടുകളില്‍ നിന്ന് ലണ്ടന്‍ തെരുവോരങ്ങള്‍ വരെയും ഇന്ത്യന്‍ അങ്ങാടികളില്‍ നിന്ന് ഹര്‍ലീം പാര്‍ക്ക് വരെയും നീളുന്ന ആ യാത്രകളില്‍ ആകമാനം കണ്ട സ്ത്രീജന്മങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ് പുസ്തകത്തെ ഹൃദ്യമാക്കുന്നത്.

5 ജിന്‍ സിറ്റി – സാദ ഇസെദ് ഹുസൈന്‍ (ആലെഫ്)

തിരക്കേറിയ ധാക്കയിലെ ഇടിഞ്ഞ് വീഴാറായ ബംഗ്ലാവില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന കുട്ടിയുടെ കഥയാണ് ജിന്‍ സിറ്റി പറയുന്നത്. തന്റെ ഗോത്രത്തിലെ ഏറ്റവും ചതിയനായ മനുഷ്യനായിരുന്നു അവന്റെ പിതാവ് കൈകോബാദ്. കുടിയനും വിഭാര്യനുമായ അയാള്‍ അവനെ സ്‌കൂളില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. ദുഷ്‌കര്‍മങ്ങള്‍ ഏറെ ചെയ്തിരുന്ന അയാള്‍ അവനെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. അങ്ങനെ ഇന്‍ഡല്‍ബെഡ് എന്ന കുട്ടിയുടെയും അവന്റെ പിതാവിന്റെയും കഥ നാടകീയതയും അല്‍പ്പം ഫാന്റസിയും കലര്‍ന്നാണ് മുന്നോട്ട് പോകുന്നത്. പിന്നീട് അയാള്‍പിശാചുക്കളെ കേന്ദ്രീകരിച്ച് നടത്തുന്ന മാന്ത്രിക വിദ്യയും അവരുടെ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുന്നതുമെല്ലാം കഥാകാരി മികവുറ്റതാക്കി അവതരിപ്പിച്ചിരിക്കുകയാണ്. മാന്ത്രികവിദ്യയില്‍ തെറ്റ് പറ്റിയതോടെ കൈകോബാദിന് എതിരെ പിശാചുക്കള്‍ തിരിയുന്നതും മകനെ ബലി നല്‍കാന്‍ ആവശ്യപ്പെടുന്നതുമെല്ലാം കഥാഗതിയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നു. അതിശയോക്തികളും അമാനുഷികതകളും ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അനുഭവമായിരിക്കും ജിന്‍ സിറ്റി.

Comments

comments

Categories: FK Special, Slider