ആഭ്യന്തര എയര്‍ലൈനുകളുടെ നഷ്ടം 90 ശതമാനം കുറയും

ആഭ്യന്തര എയര്‍ലൈനുകളുടെ നഷ്ടം 90 ശതമാനം കുറയും

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ സീസണില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷ

മുംബൈ: ആഭ്യന്തര വ്യോമയാന മേഖലയിലെ നഷ്ടം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 90 ശതമാനം കുറയുമെന്ന് ഇന്‍ഫൊര്‍മേഷന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി (ഐസിആര്‍എ). വിമാനക്കമ്പനികളുടെ നഷ്ടം 1000 കോടി രൂപയില്‍ നിന്നും 100 കോടിയായി ചുരുങ്ങും. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ സീസണില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് ഇത്തരമൊരു നിഗമനത്തിന് കാരണം. അതേസമയം, ഈ കണക്കുകളില്‍ മുഴുവന്‍ സമയ സേവനദാതാക്കളായ വിസ്താരയും ബജറ്റ് എയര്‍ലൈന്‍ എയര്‍ ഏഷ്യയും ഉള്‍പ്പെടുന്നില്ല.

എയര്‍ഇന്ത്യയുടേതാണ് നഷ്ടക്കണക്കുകളില്‍ ഏറെയുമുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മറ്റ് പ്രധാന എയര്‍ലൈനുകളെല്ലാം ലാഭം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിആര്‍എ പറയുന്നു. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആഭ്യന്തര യാത്രക്കുള്ള ആവശ്യകതയില്‍ കുറവു സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി 20 ശതമാനത്തിന് മുകളിലുണ്ടായിരുന്ന വളര്‍ച്ച ഈ കാലയളവില്‍ 16.3 ശതമാനമായി കുറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിമാന ഇന്ധനത്തിന്റെ വിലയില്‍ കാര്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതിനെ മറികടക്കാനുള്ള എയര്‍ലൈനുകളുടെ ശേഷി വ്യോമയാന രംഗത്തെ ലാഭക്ഷമത പിന്തുണച്ചു. രണ്ടാം പകുതിയിലെ സീസണില്‍ യാത്രക്കാരുടെ വര്‍ധന പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 10 ബില്ല്യണ്‍ ഡോളറായിരുന്ന സംയോജിത അറ്റനഷ്ടം ഇക്കുറി 500 മില്ല്യണ്‍ മുതല്‍ ഒരു ബില്ല്യണ്‍ ഡോളര്‍ വരെ എന്നതിലേക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത് – ഐസിആര്‍എ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോര്‍പ്പറേറ്റ് വിഭാഗം സഹ മേധാവിയുമായ കിന്‍ജല്‍ ഷാ പറഞ്ഞു.
ഐസിആര്‍എയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ വിമാനക്കമ്പനികളുടെ അറ്റലാഭം 38.4 ബില്ല്യണ്‍ ഡോളറായി ഉയരുമെന്ന് സൂചിപ്പിക്കുന്നു.

സാമ്പത്തിക പരിതസ്ഥിതി, വിനോദസഞ്ചാര ആവശ്യകത, ഭരണപരമായ പിന്തുണ എന്നിവയിലെ പുരോഗതിയും സീസണില്‍ യാത്രാ ആവശ്യകത ഉയര്‍ന്നതുമൊക്കെ മേഖലയിലെ സഞ്ചാരികളുടെ എണ്ണം ഇരട്ടിപ്പിച്ചതായി സര്‍വെ സൂചിപ്പിച്ചു. ഇന്ധന വില വര്‍ധിച്ചത് കുറച്ച് കാലത്തേക്കെങ്കിലും വ്യോമയാന മേഖലയെ ബാധിച്ചിരുന്നുവെന്നും സര്‍വെയില്‍ പറയുന്നു.

Comments

comments

Categories: More