ചൈനയിലെ ശൗചാലയ വിപ്ലവം

ചൈനയിലെ ശൗചാലയ വിപ്ലവം

വിപ്ലവത്തിന്റെ പാത ചൈനയ്ക്കു പുത്തരിയല്ല. ചൈനയുടെ ചരിത്രം പഠിക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ പ്രയാസവുമുണ്ടാകില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയില്‍ ഒരു വിപ്ലവം അരങ്ങേറുകയാണ്. അതിന്റെ പേര് ടോയ്‌ലെറ്റ് റവല്യൂഷന്‍ എന്നാണ്. ഇതിലൂടെ ശുചിത്വമുള്ള രാജ്യമായി ചൈനയെ മാറ്റിയെടുക്കുകയാണു സീ ജിന്‍പിങിന്റെ ലക്ഷ്യം.

പലരംഗങ്ങളിലും ഉദാരവല്‍ക്കരണത്തിന്റെ പാതയിലാണു ചൈന. എന്നാല്‍ ചൈനയുടെ ശക്തനായ നേതാവ് സീ ജിന്‍പിങ്, വിപ്ലവം നടപ്പാക്കുക എന്ന ആ പഴയ കമ്മ്യൂണിസ്റ്റ് ലക്ഷ്യത്തിനായി പോരാടുകയാണ്. അത് പക്ഷേ ശുചിത്വത്തിന്റെ കാര്യത്തിലാണെന്നു മാത്രം. ധനകാര്യ വിപണിയുടെ ഉദാരവല്‍ക്കരണം മുതല്‍ ഇന്റര്‍നെറ്റിലെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയതു വരെയായി നിരവധി നിയന്ത്രണങ്ങള്‍ക്കാണു ചൈന സമീപകാലത്തു സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഇതിനൊക്കെ പുറമേ പുതിയൊരു പരിഷ്‌ക്കാരവും കൂടി ചൈന നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷം കൊണ്ടു ശുചിത്വമുള്ള രാജ്യമായി ചൈനയെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ചൈനയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 68,000 ശൗചാലയങ്ങള്‍ പുതിയതായി സ്ഥാപിക്കുകയോ നിലവിലുള്ളവയെ മെച്ചപ്പെടുത്തുകയോ ചെയ്തിരിക്കുന്നു. ഇതിനായി 20 ബില്യന്‍ യുവാന്‍ (ഏകദേശം 3.03 ബില്യന്‍ ഡോളര്‍) മാറ്റിവച്ചിട്ടുമുണ്ട്.

2015-ലാണു ചൈനയില്‍ പ്രാദേശിക ടൂറിസം ഭരണകൂടം ടോയ്‌ലെറ്റ് റവല്യൂഷന് (ശൗചാലയ വിപ്ലവം) തുടക്കമിട്ടത്. ചൈനയില്‍ ശൗചാലയങ്ങളുടെ അഭാവം ടൂറിസം മേഖലയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ചൈനയിലെ ടൂറിസം മേഖല നേടിയ വരുമാനം 3.9 ട്രില്യന്‍ യുവാനായിരുന്നു. ശുചിത്വത്തിന്റെ പേരില്‍ ടൂറിസം രംഗത്ത് തിരിച്ചടിയുണ്ടാകരുതെന്ന് ചൈനയ്ക്ക് ആഗ്രഹമുണ്ട്. ഇതിനുള്ള പരിഹാരമെന്ന നിലയില്‍ കൂടിയാണു ശൗചാലയ വിപ്ലവത്തിനു തുടക്കമിട്ടത്. ‘ ടോയ്‌ലെറ്റുമായി ബന്ധപ്പെട്ട വിഷയം നിസാരമല്ലെന്നും പരിഷ്‌കൃത സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ മികച്ച രീതിയിലുള്ള ശുചിത്വ സംസ്‌കാരം വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും’ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് പറയുകയുണ്ടായി. ഇതില്‍ ശൗചാലയം വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശൗചാലയ വിപ്ലവം ഫലപ്രദമാക്കുവാന്‍ ലോക ടോയ്‌ലെറ്റ് ദിനമായി ആചരിക്കുന്ന നവംബര്‍ 19നു ‘ചൈന ടോയ്‌ലെറ്റ് റവല്യൂഷന്‍ അവയര്‍നെസ് ദിന’മായി കൂടി ആചരിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്.

വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ കണക്ക്പ്രകാരം, 2016-ല്‍ വിദേശ സഞ്ചാരികളെ ഏറ്റവുമധികം സ്വീകരിച്ച രാജ്യങ്ങളില്‍ നാലാം സ്ഥാനമായിരുന്നു ചൈനയ്ക്ക്. 59.3 മില്യന്‍ ഇന്റര്‍നാഷണല്‍ ടൂറിസ്റ്റുകളാണു കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ചത്.

ചൈനയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മുതല്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് വരെയുള്ള സേവനം നല്‍കുന്ന ജനകീയ സ്മാര്‍ട്ട്‌ഫോണ്‍ പോര്‍ട്ടലായ വീ ചാറ്റ് (WeChat) ശൗചാലയ വിപ്ലവത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ലോക ശൗചാലയ ദിനമായ നവംബര്‍ 19ന് വീ ചാറ്റ് പുതിയൊരു ആപ്പ് പുറത്തിറക്കി. ഈ ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പബ്ലിക് ടോയ്‌ലെറ്റുകളുടെ വിവരം സ്വന്തം ഫോണില്‍ ലഭ്യമാകും. ചൈനയിലെ 29 പ്രൊവിന്‍ഷ്യല്‍ റീജിയണുകളിലെ 3,30,000 ടോയ്‌ലെറ്റുകളുടെ വിവരം ഇത്തരത്തില്‍ ആപ്പിലൂടെ അറിയാന്‍ സാധിക്കും.

വൃത്തിയുള്ള ശൗചാലയം വേണമെന്ന ആവശ്യം ചൈനയില്‍ ആദ്യമായി ഉയര്‍ന്നു കേട്ടത് 2006-ലാണ്. വൃത്തിയില്ലാത്ത, വാതില്‍ ഇല്ലാത്ത പബ്ലിക് ടോയ്‌ലെറ്റിന്റെ അവസ്ഥ കാണാനിടയായ തായ്‌വാന്‍ മോഡലും അറിയപ്പെടുന്ന ടിവി അവതാരകയുമായ മെംഗ് ഗുവാങ്‌മെയ് അതിനെതിരേ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവരികയുണ്ടായി. ഇത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 2008-ല്‍ ബീജിംഗ് ഒളിംപിക്‌സിനുള്ള തയാറെടുപ്പിലായിരുന്നു ചൈന. എന്നാല്‍ തായ്‌വാന്‍ മോഡലിന്റെ രൂക്ഷമായ പ്രതികരണം ചൈനീസ് ഭരണാധികാരികളുടെ കണ്ണു തുറപ്പിച്ചു. വിവാദങ്ങളിലൂടെ ഒളിംപിക്‌സിന്റെ നിറം കെട്ടു പോകാതിരിക്കാന്‍ അവര്‍ ചൈനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 64 ഫോര്‍ സ്റ്റാര്‍, 197 ത്രീ സ്റ്റാര്‍, 118 വണ്‍ സ്റ്റാര്‍ ടോയ്‌ലെറ്റുകള്‍ നിര്‍മിക്കാന്‍ ഉത്തരവിട്ടു. 2008-ല്‍ ഒളിംപിക്‌സ് ഭംഗിയായി പര്യവസാനിച്ചെങ്കിലും, വൃത്തിയുള്ള ശൗചാലയം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ചൈനയുടെ ശ്രമങ്ങള്‍ തുടര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കു ശേഷം ബീജിംഗ് നഗരത്തിലെ ഭരണകൂടം ഒരു ഉത്തരവിറക്കി. ഓരോ ടോയ്‌ലെറ്റുകളിലും രണ്ടില്‍ കൂടുതല്‍ ഈച്ചകള്‍ കാണരുതെന്നു നിര്‍ദേശിക്കുന്നതായിരുന്നു വിചിത്രമായ ഉത്തരവ്. 2008 ഒളിംപിക്‌സിന് ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം 2015-ലാണു ചൈന ശൗചാലയ വിപ്ലവത്തിനു തുടക്കമിട്ടത്.

ചൈനയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മുതല്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് വരെയുള്ള സേവനം നല്‍കുന്ന ജനകീയ സ്മാര്‍ട്ട്‌ഫോണ്‍ പോര്‍ട്ടലായ വീ ചാറ്റ് ശൗചാലയ വിപ്ലവത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്.

പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ബീജിംഗ് മുന്‍സിപ്പാലിറ്റി വൈ-ഫൈ സംവിധാനത്തോടു കൂടിയ 100 പുതിയ ശൗചാലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.ചൈനയിലെ ടയര്‍-1 നഗരങ്ങളിലെ ടോയ്‌ലെറ്റുകള്‍ മികച്ച രീതിയിലുള്ളവയാണെങ്കിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സൗകര്യങ്ങളും നിലവാരവും ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ടോയ്‌ലെറ്റ് വിപ്ലവം കൂടുതല്‍ ഫലപ്രദമാക്കുവാന്‍ വേണ്ടി സമീപകാലത്തു ചൈന, ലോക ടോയ്‌ലെറ്റ് ദിനമായി ആചരിക്കുന്ന നവംബര്‍ 19നു ‘ചൈന ടോയ്‌ലെറ്റ് റവല്യൂഷന്‍ അവയര്‍നെസ് ദിന’മായി കൂടി ആചരിക്കാന്‍ തീരുമാനമെടുത്തു. ശൗചാലയ വിപ്ലവം ചൈനയില്‍ വന്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. എങ്കിലും ശുചിത്വത്തിന്റെ കാര്യത്തില്‍ ചൈനയ്ക്ക് ഇന്നും അന്താരാഷ്ട്ര നിലവാരത്തിലെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ ശൗചാലയ വിപ്ലവത്തിനു തുല്യമായൊരു പദ്ധതി ഇന്ത്യയിലും നടപ്പിലാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് എന്ന പേരുള്ള പദ്ധതി 2014 ഗാന്ധിജയന്തി ദിനത്തില്‍ ‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി കൂടിയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി ആദ്യമായി ഗാന്ധിജയന്തി ദിനം പ്രവൃത്തിദിവസമായി മാറി. രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം ഡല്‍ഹി വാല്മീകി സദനിലേക്കുള്ള റോഡുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൃത്തിയാക്കി കൊണ്ടാണു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. വര്‍ഷത്തില്‍ 100 മണിക്കൂര്‍, ശുചിത്വത്തിന് വേണ്ടി സ്വമേധയാ ജോലി ചെയ്യുമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞയും ഉണ്ടായിരുന്നു.

Comments

comments

Categories: FK Special, Slider