ലൈംഗിക ചൂഷണത്തിനിരകളാകുന്ന കുട്ടികള്‍

ലൈംഗിക ചൂഷണത്തിനിരകളാകുന്ന കുട്ടികള്‍

നേഴ്‌സറി ക്ലാസിലെ കുട്ടികള്‍പോലും ലൈംഗിക ചൂഷണത്തിനിരകളാകുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്

കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (ഇംഹാന്‍സ്) നടത്തിയ സര്‍വെ പ്രകാരം 35.4 ശതമാനം ആണ്‍കുട്ടികളും 34 ശതമാനം പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന്റെ ഇരകളാണ്. നേഴ്‌സറി ക്ലാസിലെ കുട്ടികള്‍പോലും ലൈംഗിക ചൂഷണത്തിനിരകളാകുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. അടുത്ത ബന്ധുക്കളും പരിചയക്കാരും അധ്യാപകരുമെല്ലാം കുട്ടികളെ ദുരുപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. നമ്മുടെ സാമൂഹ്യജീവിതത്തിന്റെ നിലവാര തകര്‍ച്ചയാണിത് കാണിക്കുന്നത്. കുടുംബ-സാമൂഹ്യ ബന്ധങ്ങളിലും മൂല്യസങ്കല്‍പ്പങ്ങളിലും ഒരു പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു. ഇളംമനസില്‍ ഈ ചൂഷണം വലിയ ദുരന്തം സൃഷ്ടിക്കുമെന്ന തിരിച്ചറിവ് പകര്‍ന്നുനല്‍കാന്‍ കാലമായി.

നല്ല സ്പര്‍ശനമേത്, ചീത്ത സ്പര്‍ശനമേത് എന്നൊക്കെ ചര്‍ച്ച ചെയ്യണം. മൊബീല്‍ഫോണും ഇന്റര്‍നെറ്റുമെല്ലാം കുട്ടികളില്‍ ലൈംഗിക ബിംബങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ ദുരുപയോഗം പറഞ്ഞു ബോധ്യപ്പെടുത്തണം. നീലച്ചിത്രങ്ങള്‍ക്കും അശ്ലീല പുസ്തകങ്ങള്‍ക്കും പിന്നാലെ പോയാല്‍ ജീവിതപരാജയം ഉണ്ടാകുമെന്ന ബോധ്യം പകരണം

ശാരീരികമായും മാനസികമായും ലൈംഗികമായും പീഡനങ്ങളേല്‍ക്കുന്ന കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ വെല്ലുവിളികളുണ്ടാകും. ഉറ്റബന്ധുക്കളില്‍നിന്നുപോലും ലൈംഗിക ചൂഷണമുണ്ടാകുമ്പോള്‍ കുട്ടികള്‍ എല്ലാവരെയും അവിശ്വസിക്കാന്‍ തുടങ്ങും. ബന്ധങ്ങളില്‍ വിശ്വാസം ഇല്ലാതെ വളര്‍ന്നുവരികയും എല്ലാവരെയും സംശയത്തോടെ കാണുകയും സുദൃഢമായ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന വ്യക്തികളായി ഇവര്‍ മാറുന്നു. പ്രായത്തിനു സഹജമല്ലാത്ത ലൈംഗിക അനുഭവങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തെയും മാനസിക വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും. ഇത്തരം സാഹചര്യത്തില്‍ നിന്നുവരുന്ന കുട്ടികള്‍ ലൈംഗികമായ ശൈത്യത്തിന് അടിമപ്പെട്ടേക്കാം. അത്തരക്കാര്‍ക്ക് ലൈംഗിക ജീവിതത്തോട് പിന്നീട് വിരക്തിയുണ്ടാകാം. നല്ല ദാമ്പത്യ ജീവിതത്തിന് സാധിക്കാതെ വരാം. കുറ്റബോധത്തിന് അടിപ്പെട്ട് മാനസിക വൈകല്യങ്ങള്‍ക്കിട വരാം. മറ്റ് ചിലര്‍ അമിതമായ ലൈംഗിക ആസക്തി കാണിക്കുന്നവരായും കണ്ടുവരുന്നുണ്ട്. ഇങ്ങനെ പീഡിപ്പിക്കപ്പെട്ടവര്‍ ഭാവിയില്‍ മറ്റുള്ളവരെയും ലൈംഗിക പീഡനത്തിന് ഇരകളാക്കി മാറ്റാനിടയുണ്ട്.
പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും തുല്യഅളവില്‍തന്നെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

സ്വവര്‍ഗ്ഗരതിയിലൂടെയാണിതു നടക്കുക. ആണ്‍കുട്ടികള്‍ അധികവും ഇത് പുറത്തുപറയാറില്ല. ചിലര്‍ ഇതിനെ തമാശയുടെ രൂപത്തില്‍കണ്ട് ആ വഴിക്ക് നീങ്ങും. ചിലര്‍ അസ്വസ്തതയോടെ പ്രതികരിക്കുമ്പോള്‍ ചിലര്‍ ഒരുഘട്ടം കഴിയുമ്പോള്‍ ഇത് ആസ്വദിക്കുന്ന തരത്തിലേക്ക് നീങ്ങും. ഇതൊരു രസമായി കണ്ട് ആവിധത്തില്‍ നീങ്ങുന്നവരുമുണ്ട്. ഇക്കൂട്ടര്‍ക്കും ഭാവിയില്‍ ലൈംഗികപരമായ പ്രതിസന്ധികള്‍ ഉണ്ടാകും. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോഴാണ് അത് വലിയ വാര്‍ത്തയാകുന്നത്. ആണ്‍കുട്ടികളുടെ നേര്‍ക്കുള്ള ചൂഷണവും ഗൗരവമായി തന്നെ കാണേണ്ടതാണ്. ലൈംഗിക ചൂഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവരും പുരുഷന്മാര്‍ക്കുനേരെയാണ് വാള്‍ ഓങ്ങുന്നത്. ഇത്തരം പുരുഷന്മാരെയും വളര്‍ത്തുന്നത് അമ്മമാരാണ്. അമ്മമാര്‍ ആണ്‍മക്കളെ വളര്‍ത്തുമ്പോള്‍ സ്ത്രീയെ ആദരിക്കുവാനും ബഹുമാനിക്കുവാനും പഠിപ്പിക്കണം. സ്ത്രീത്വത്തിന്റെ മഹത്വം ബോധ്യപ്പെടുത്തണം. കുടുംബങ്ങളില്‍ത്തന്നെ സ്ത്രീത്വത്തെ മുറിപ്പെടുത്താത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. ആണ്‍കുട്ടി എങ്ങനെയാകണമെന്ന് അമ്മമാര്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം ഒരു ഫോര്‍മേഷന്‍ നല്‍കിയാല്‍ സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നതിനെ ഒരു പരിധിവരെ ഒഴിവാക്കാം.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ലൈംഗിക ചൂഷണസാധ്യത കുറവായിരുന്നു. കുട്ടികള്‍ ചൂഷണത്തിനിരയാകുന്ന സാഹചര്യങ്ങള്‍ മാതാപിതാക്കള്‍ അവരെ ബോധ്യപ്പെടുത്തണം. അങ്ങനെ ആരില്‍നിന്ന് സംഭവിച്ചാലും ഉടനെ തുറന്നുപറയാനുള്ള സാഹചര്യം വീട്ടിലുണ്ടാകണം. കുട്ടികളെ കുറ്റപ്പെടുത്താതെ അനുഭാവപൂര്‍വം കേട്ട് സാന്ത്വനപ്പെടുത്തി പരിഹാരം കാണണം. കുട്ടികളില്‍ ലൈംഗിക കാര്യങ്ങളെക്കുറിച്ച് കൃത്യമായ ഉള്‍ക്കാഴ്ചയും ശാസ്ത്രീയമായ അവബോധവും ലഭ്യമാക്കണം. ഒരാള്‍ ചൂഷണ ഉദ്ദേശത്തോടെ ഇടപെടുന്നതിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന് പ്രായത്തിനനുസൃതമായി കുട്ടികള്‍ അറിഞ്ഞിരിക്കണം. കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനിടവന്നാല്‍ ഓടിമാറണമെന്നും അക്കാര്യം മാതാപിതാക്കളെ ധരിപ്പിക്കണമെന്നും കുട്ടികളോട് നിഷ്‌ക്കര്‍ഷിക്കണം. നല്ല സ്പര്‍ശനമേത്, ചീത്ത സ്പര്‍ശനമേത് എന്നൊക്കെ ചര്‍ച്ച ചെയ്യണം. മൊബീല്‍ഫോണും ഇന്റര്‍നെറ്റുമെല്ലാം കുട്ടികളില്‍ ലൈംഗിക ബിംബങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ ദുരുപയോഗം പറഞ്ഞു ബോധ്യപ്പെടുത്തണം. നീലച്ചിത്രങ്ങള്‍ക്കും അശ്ലീല പുസ്തകങ്ങള്‍ക്കും പിന്നാലെ പോയാല്‍ ജീവിതപരാജയം ഉണ്ടാകുമെന്ന ബോധ്യം പകരണം. ആരോഗ്യകരമായ ലൈംഗിക അവബോധം അവരില്‍ സൃഷ്ടിക്കണം. എങ്കില്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ.

Comments

comments

Categories: FK Special, Slider