‘ശാഖകള്‍ മതി, ബാങ്കിംഗില്‍ ഇനി വേണ്ടത് ഇന്നൊവേഷന്‍’

‘ശാഖകള്‍ മതി, ബാങ്കിംഗില്‍ ഇനി വേണ്ടത് ഇന്നൊവേഷന്‍’

ബാങ്കിംഗ് രംഗത്ത് നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം നല്‍കിയ ഊര്‍ജത്തോടെയാണ് എസ്ബിടിയുടെ അവസാന മാനേജിംഗ് ഡയറക്റ്റര്‍ എന്ന സ്ഥാനത്തുനിന്നും സി ആര്‍ ശശികുമാര്‍ റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് കടക്കുന്നത്. ബാങ്കിംഗ് രംഗത്തെ തന്റെ അനുഭവങ്ങളെക്കുറിച്ചും കേരളത്തിന്റെ വികസനത്തെക്കുറിച്ചും ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം മനസ് തുറക്കുന്നു

 

ബാങ്കിംഗ് രംഗത്ത് നീണ്ട നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം, അത്ര ചെറിയ കാര്യമല്ലത്. താങ്കളുടെ പ്രൊഫഷണല്‍ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?

1978ലാണ് ഞാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. അന്നത്തെക്കാലത്ത് ബാങ്കില്‍ ജോലി ലഭിക്കുക എന്നാല്‍ ഏറെ അഭിമാനകരമായ കാര്യമായിരുന്നു. പഠിച്ചിറങ്ങിയ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. ആദ്യ പോസ്റ്റിംഗ് ഗുജറാത്തില്‍ ആയിരുന്നു. പിന്നീട് 25 വര്‍ഷക്കാലം ഗുജറാത്തില്‍ പല ബ്രാഞ്ചുകള്‍ക്ക് കീഴില്‍ പല പോസ്റ്റുകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള രണ്ടു വര്‍ഷം മുംബൈയില്‍ എസ്എംഇ ബ്രാഞ്ചിന്റെ തലവനായി പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷം ബാങ്കിന്റെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മടങ്ങിയെത്തി ഒന്നര വര്‍ഷക്കാലം എസ്ബിഐ ഗ്ലോബല്‍ സെക്യൂരിറ്റീസ് സര്‍വീസസിന്റെ മുഖ്യ ചുമതല വഹിച്ചു. പിന്നീട്, ബാങ്കിന്റെ തെലങ്കാന-ആന്ധ്ര ഡിവിഷന്റെ സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ ആയിരുന്നു. അതിനുശേഷമാണ് കേരളത്തിലെത്തി എസ്ബിടിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ആയി ചുമതലയേറ്റെടുക്കുന്നത്.

മലയാളിയായ താങ്കള്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ എസ്ബിടി അനുഭവങ്ങള്‍?

എസ്ബിടി എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് നല്ല ഓര്‍മകളുടെ കലവറയാണ്. ഒന്നമതായി കേരളത്തില്‍ ജോലി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം. രണ്ടാമതായി, ഞാന്‍ അധികാരം ഏറ്റെടുക്കുന്നത് ബാങ്കിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ സമയത്തായിരുന്നു. എസ്ബിഐ-എസ്ബിടി ലയനം പ്രാവര്‍ത്തികമാകുന്ന ആ സമയത്ത്, സ്‌പെഷല്‍ പ്രൊജക്റ്റുകളുടെ ചുമതലയുള്ള മാനേജിംഗ് ഡയറക്റ്ററായി എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സമയമായി തന്നെയാണ് ഞാന്‍ ഈ കാലഘട്ടത്തെ വിലയിരുത്തുന്നത്.

മാത്രമല്ല, 40 വര്‍ഷത്തെ എന്റെ കരിയറില്‍ വച്ച് ഏറ്റവും മികച്ച ജീവനക്കാരുടെ കൂടെ ജോലി ചെയ്യാന്‍ എനിക്ക് സാധിച്ചു. എസ്ബിടിയിലെ ഓരോ അംഗവും ജോലിയോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്നവരാണ്. നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ആ ടീമിനൊപ്പമുള്ള ഓരോ ദിവസവും ഞാന്‍ ഏറെ ആസ്വദിച്ചാണ് ജോലി ചെയ്തത്.

ലയനം മൂലം ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായതായി എനിക്ക് അറിവില്ല. കുറേകൂടി മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം അവര്‍ക്ക് നല്‍കാന്‍ സാധിച്ചു എന്നാണ് തോന്നുന്നത്. ലയനം പൂര്‍ണരീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ അല്‍പ്പസമയം കൂടി എടുക്കും
സി ആര്‍ ശശികുമാര്‍

ബാങ്കിംഗ് രംഗത്ത് കേരളത്തിന്റെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു?

ബാങ്കിംഗ് രംഗത്ത് കേരളത്തിന് മികച്ച സാധ്യതകളാണുള്ളത്. എന്നാല്‍ കുറച്ചു കൂടി ഫോക്കസ്ഡ് ആകേണ്ട ആവശ്യമുണ്ട്. ഏത് മേഖലയാണോ വളര്‍ച്ചയ്ക്കുതകുന്നത്, അത് മനസിലാക്കി ലോണുകളും മറ്റും നല്‍കാന്‍ ശ്രദ്ധിക്കണം. എന്റെ അഭിപ്രായത്തില്‍ കാര്‍ഷിക, എസ്എംഇ മേഖലകളിലെ വികസനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കണം. അതേസമയം അടിക്കടിയുണ്ടാകുന്ന തൊഴിലാളി പ്രശ്‌നങ്ങള്‍, തൊഴില്‍ സമരങ്ങള്‍, നോക്കുകൂലി പ്രശ്‌നങ്ങള്‍ തുടങ്ങിയവ കേരളത്തില്‍ ബിസിനസ് സാധ്യമല്ലെന്ന ചിന്തകള്‍ക്ക് കാരണമാണ്. പരിസ്ഥിതി വാദവും വ്യാവസായിക ആശയവും തമ്മില്‍ യോജിച്ചു പോകാത്ത അവസ്ഥയുമുണ്ട്. ഒരു വ്യവസായം മെല്ലെ ഉയര്‍ന്നു വരുമ്പോഴേക്കും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അത് അടച്ചുപൂട്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഈ അവസ്ഥയില്‍ ബാങ്ക് ലോണ്‍ എടുത്ത് വ്യവസായം തുടങ്ങാന്‍ മുന്നോട്ടു വരുന്നവര്‍ വിരളമാണ്. കേരളം തീരെ ബിസിനസ് സൗഹൃദമല്ലാത്ത അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്.

കേരളത്തിലെ ബാങ്കിംഗ് രംഗം ഇനി ഏത് ദിശയിലാണ് വളരേണ്ടത്?

സംസ്ഥാനത്ത് ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നുണ്ട്, പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍. ഒരു വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും തന്നെ ബാങ്ക് എക്കൗണ്ടുകള്‍ ഉണ്ട്. മാത്രമല്ല, റൂറല്‍, സെമി അര്‍ബന്‍ ഏരിയകളില്‍ പോലും ആവശ്യത്തിലേറെ ബ്രാഞ്ചുകള്‍ എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ഒട്ടുമിക്ക നാഷണലൈസ്ഡ്, പ്രൈവറ്റ് ബാങ്കുകളുടെയും ശാഖകള്‍ കേരളത്തിലുണ്ട്. ആ നിലയ്ക്ക് നോക്കിയാല്‍, പുതിയ ശാഖകള്‍ തുടങ്ങിക്കൊണ്ടുള്ള വികസനത്തിന് കേരളത്തില്‍ ഇനിയും സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. പുതിയ സാങ്കേതികവിദ്യ, ഇന്നൊവേഷന്‍ തുടങ്ങിയവയിലാണ് ഇനി കൂടുതലായി ശ്രദ്ധിക്കേണ്ടത്. പണ്ടുകാലത്ത് ബാങ്ക് മാത്രമായിരുന്നു ജനങ്ങളുടെ നിക്ഷേപ മാര്‍ഗം. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ, സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യുച്വല്‍ ഫണ്ടുകള്‍, ചിട്ടികള്‍ തുടങ്ങി വിവിധ രംഗങ്ങളിലെ നിക്ഷേപമാര്‍ഗങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു തുടങ്ങി. അതിനാല്‍ ഈ രംഗത്ത് പുതിയ ഇന്നൊവേഷനുകള്‍ കൊണ്ടുവരുന്നിടത്തായിരിക്കണം കേരളത്തിലെ ബാങ്കുകള്‍ ശ്രദ്ധിക്കേണ്ടത്.

40 വര്‍ഷത്തെ എന്റെ കരിയറില്‍ വച്ച് ഏറ്റവും മികച്ച ജീവനക്കാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. എസ്ബിടിയിലെ ഓരോ അംഗവും ജോലിയോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്നവരാണ്. നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ആ ടീമിനൊപ്പമുള്ള ഓരോ ദിവസവും ഞാന്‍ ഏറെ ആസ്വദിച്ചാണ് ജോലി ചെയ്തത്

എസ്ബിഐ-എസ്ബിടി ലയനത്തിന് ശേഷമുള്ള കേരളത്തിലെ ബാങ്കിംഗ് അന്തരീക്ഷത്തെ എങ്ങനെ നോക്കിക്കാണുന്നു?

ലയനം കൊണ്ട് എന്താണോ സര്‍ക്കാര്‍ ഉദ്ദേശിച്ചത്, അത് അക്ഷരാര്‍ത്ഥത്തില്‍ നടന്നു. ബാങ്കുകളുടെ പ്രവര്‍ത്തന ചെലവ് ചുരുക്കുന്ന കാര്യത്തില്‍ വലിയ രീതിയില്‍ തന്നെ വിജയം കണ്ടു. ഒരേ പ്രദേശത്ത് അടുത്തടുത്ത ബ്രാഞ്ചുകളുമായി എസ്ബിഐയും എസ്ബിടിയും പരസ്പരം മല്‍സരിക്കുന്നതില്‍ എന്തുകാര്യമാണുള്ളത്? ലയനം മൂലം ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായതായി എനിക്ക് അറിവില്ല. കുറേകൂടി മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം അവര്‍ക്ക് നല്‍കാന്‍ സാധിച്ചു എന്നാണ് തോന്നുന്നത്. ലയനം പൂര്‍ണരീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ അല്‍പ്പസമയം കൂടി എടുക്കും. മെച്ചപ്പെട്ട ഫലങ്ങള്‍ കാത്തിരുന്നു കാണാം.

റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്?

കാലങ്ങള്‍ക്ക് ശേഷം റാന്നിയിലെ സ്വന്തം വീട്ടില്‍ എത്തിയതിന്റെ സന്തോഷത്തിലാണ്. റിട്ടയര്‍ ചെയ്തു എന്ന ചിന്തയില്ല. അതുകൊണ്ട് തന്നെ ദീര്‍ഘകാല പദ്ധതികള്‍ ഒന്നും ചിന്തയില്‍ ഇല്ല. കുറച്ചു യാത്രകള്‍ നടത്തണം, ബന്ധുക്കളും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കണം, കല്യാണങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കണം… ഹ്രസ്വകാല പദ്ധതികള്‍ ഇങ്ങനെ പോകുന്നു. സമൂഹത്തിന് ഗുണകരമാകുന്ന എന്തെങ്കിലും കര്‍മപരിപാടികളുടെ ഭാഗമാകണം എന്നും ആഗ്രഹിക്കുന്നു.

കുടുംബം?

ഭാര്യ സുധാബിന്ദു ബാങ്ക് ഓഫ് ബറോഡയിലാണ്. രണ്ടു പെണ്‍മക്കള്‍. മൂത്തയാള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് (മുംബൈയില്‍) പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആണ്. രണ്ടാമത്തെ മകള്‍ ഫിന്‍ലന്‍ഡില്‍ ഉപരിപഠനം നടത്തുന്നു.

Comments

comments

Categories: FK Special, Slider