മയക്കുമരുന്നു കച്ചവടത്തിനും ബിറ്റ്‌കോയിന്‍ ദുരുപയോഗം

മയക്കുമരുന്നു കച്ചവടത്തിനും ബിറ്റ്‌കോയിന്‍ ദുരുപയോഗം

മയക്കുമരുന്നു കച്ചവടത്തില്‍ നിന്നുള്ള വരുമാനം ബിറ്റ് കോയിനിലാക്കി സൂക്ഷിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി പോലീസ് മുന്നറിയിപ്പ്

വെര്‍ച്വല്‍ കറന്‍സിയായ ബിറ്റ്‌കോയിനുകള്‍ക്കെതിരേ സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും ശക്തമായ നിലപാട് പ്രഖ്യാപിച്ചിരിക്കേ ഇതിന്റെ വ്യാപനം അധോലോകപ്രവര്‍ത്തനങ്ങളെ സഹായിക്കാനാണെന്ന വാദത്തിനു മൂര്‍ച്ച കൂട്ടി ബ്രിട്ടീഷ് പൊലീസ് രംഗത്തു വന്നിരിക്കുന്നു. മയക്കുമരുന്നു കച്ചവടക്കാര്‍ രാജ്യത്തെ ബിറ്റ്‌കോയിന്‍ കാഷ് മെഷീനുകളിലൂടെ പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞയാഴ്ച ബിറ്റ് കോയിനിന്റെ മൂല്യം 11,000 ഡോളറിനു മുകളിലേക്കുയര്‍ന്ന് പൊടുന്നനെ രണ്ടായിരം ഡോളര്‍ ഇടിഞ്ഞത് ഇതിന്റെ സ്ഥരിത സംബന്ധിച്ച വിശ്വാസത്തിന് വലിയ ഇടിവുണ്ടാക്കി. പിന്നാലെ ബിറ്റ് കോയിനിന് ഇന്ത്യയില്‍ അംഗീകാരമില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് കഷ്ടിച്ച് ഒരാഴ്ച മുമ്പാണ് 1.2 ലക്ഷം ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ വിയന്നയില്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. മിക്കവാറും ബിറ്റ്‌കോയിനിന്‍മേലുള്ള അവസാനത്തെ ആണിയാകും ബ്രിട്ടീഷ് പൊലീസിന്റെ മുന്നറിയിപ്പ്.

കഫേകളിലും ന്യൂസ് ഏജന്‍സികളിലും കടകളിലും അലഞ്ഞു തിരിയുന്ന മയക്കുമരുന്നു വിതരണക്കാര്‍ ബിറ്റ്‌കോയിന്‍ എടിഎമ്മുകളിലിടുന്നതായി കുറ്റാന്വേഷണവിദഗ്ധരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലണ്ടനിലും ഇതരനഗരങ്ങളിലുമായി 93 ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മെഷീനുകളില്‍ സ്റ്റെര്‍ലിംഗുകള്‍ ബിറ്റ് കോയിനിലേക്കു പരിവര്‍ത്തനം ചെയ്യുകയാണ് ഇവരുടെ രീതി. രാജ്യത്തിനു പുറത്തുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇവ പിന്‍വലിച്ച് അതാതു രാജ്യങ്ങളിലെ പണമാക്കാനാകും. ഇത് ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാനുമാകില്ല.

ചൂതാട്ടസംഘങ്ങളും പന്തയംവെപ്പുകാരുമാണ് സാധാരണയായി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ ഏറിയകൂറും. എന്നാല്‍ താമസിയാതെ ഇവരെ ക്രിപ്‌റ്റോകറന്‍സികള്‍ പിന്നിലാക്കുന്നതു കാണാനാകുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്

സംഘടിത കുറ്റകൃത്യങ്ങളുടെ ലോകത്ത് ഇന്ന് ഏറ്റവും വലിയ ഭീഷണിയായി പൊലീസ് കാണുന്നത് ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളെയാണ്. വലിയ തോതില്‍ പണം മറിക്കാന്‍ ഇത്തരം കാഷ് മെഷീനുകള്‍ അവസരം നല്‍കുന്നതായി ക്രിമിനല്‍ സംഘങ്ങള്‍ മനസിലാക്കിയിരിക്കുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ചൂതാട്ടസംഘങ്ങളും പന്തയംവെപ്പുകാരുമാണ് സാധാരണയായി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ ഏറിയകൂറും. എന്നാല്‍ താമസിയാതെ ഇവരെ ക്രിപ്‌റ്റോകറന്‍സികള്‍ പിന്നിലാക്കുന്നതു കാണാനാകുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

എല്ലാ ഓണ്‍ലൈന്‍ കറന്‍സികളും ഉന്നത നിലവാരത്തിലുള്ള സുരക്ഷ വാഗ്ദാനം ചെയ്യുകയും അതിന്റെ പേരില്‍ വിപണിയെ ആകര്‍ഷിക്കുകയുമാണു ചെയ്യുന്നത്. സ്വകാര്യതയുടെ കാര്യത്തില്‍ ഇവര്‍ പ്രത്യേക ഉറപ്പും നല്‍കി വരുന്നു. നികുതിവെട്ടിപ്പിനുള്ള അവസരവും ഇതിലൂടെ ഒരുങ്ങുന്നു. ഉപയോഗിച്ച ശേഷം കളയാനാകുന്ന ഈ ഓണ്‍ലൈന്‍ വാലറ്റുകള്‍ ആരും പിന്തുടര്‍ന്നു വരാനും പോകുന്നില്ല.

ബാങ്ക് സ്‌റ്റേറ്റ്‌മെന്റോ മറ്റു കടലാസ് ജോലികളോ ഈ എക്കൗണ്ടുമായി ബന്ധപ്പെട്ട് ഇല്ലാത്തതിനാല്‍ പൊലീസിനും ഇതിനെതിരേ നിയമനടപടിക്കു കഴിയുന്നില്ല. പ്രോമിസറി നോട്ടുകള്‍ ബിറ്റ്‌കോയിന്‍ മെഷീനുകളില്‍ നേരിട്ട് നിക്ഷേപിക്കാന്‍ സാധിക്കുന്നതിനാല്‍ ഒരുവിധ പരിശോധനയും കുറ്റവാളികള്‍ക്കു നേരിടേണ്ടി വരുന്നില്ല. ബിറ്റ് കോയിന്‍ മൂല്യം 1000 ശതമാനമാണ് ഈ വര്‍ഷം ഉയര്‍ന്നത്. ഇത് ഈ ഹൈടെക് ക്രിമിനലുകളുടെ സമ്പാദ്യം കുമിഞ്ഞുകൂടാനിടയാക്കി.

ഇതെങ്ങനെയൊക്കെ അനുകൂലമാക്കാമെന്ന കാര്യം മയക്കുമരുന്നു കള്ളക്കടത്തു സംഘങ്ങള്‍ക്കറിയാമെന്ന് പൊലീസ് പറയുന്നു. സംഘാംഗങ്ങളായ ലോക്കല്‍ ക്രിമിനലുകളെ ഉപയോഗിച്ചാണ് തെരുവുകളിലെ എടിഎമ്മുകളില്‍ ബിറ്റ് കോയിന്‍ നിറയ്ക്കുന്നത്. കൈയില്‍ പണം സൂക്ഷിക്കാത്ത ഇവര്‍ തെരുവില്‍ നിര്‍ബാധം നടക്കുകയും ചെയ്യുന്നു. ക്രിമിനല്‍സംഘത്തിന് അപകടസാധ്യത ഏറ്റവും കുറഞ്ഞ മികച്ച മാര്‍ഗമാണിത്. വന്‍തോതില്‍ പണമൊഴുക്കുകയാണെങ്കില്‍ മറ്റു ക്രിമിനല്‍ സംഘങ്ങളേക്കാള്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും.

മയക്കുമരുന്നു സംഘങ്ങള്‍ അവരുടെ പരമ്പരാഗത പോക്കറ്റുകള്‍ക്കു പുറത്താണ് ഇപ്പോള്‍ സജീവമായി ഇടപെടുന്നത്. ബിറ്റ് കോയിന്‍ മെഷീനുകളെ കേന്ദ്രീകരിച്ചു വന്‍തുകയ്ക്കുള്ള കച്ചവടങ്ങള്‍ക്ക് ഇത് അവര്‍ക്ക് അവസരം നല്‍കുന്നു. കടയുടമകളില്‍ നിന്ന് ബിറ്റ് കോയിന്‍ മെഷീനുകള്‍ക്ക് നല്ല പ്രോല്‍സാഹനവും ലഭിക്കുന്നുണ്ട്. കാരണം, പ്രതിമാസം 1,200 പൗണ്ടിനടുത്ത ഭീമമായ തുകയാണ് ഇവയിലൂടെ അവര്‍ക്കു ലഭിക്കുന്നത്.

മയക്കുമരുന്നു സംഘങ്ങള്‍ അവരുടെ പരമ്പരാഗത പോക്കറ്റുകള്‍ക്കു പുറത്താണ് ഇപ്പോള്‍ സജീവമായി ഇടപെടുന്നത്. ബിറ്റ് കോയിന്‍ മെഷീനുകളെ കേന്ദ്രീകരിച്ചു വന്‍തുകയ്ക്കുള്ള കച്ചവടങ്ങള്‍ക്ക് ഇത് അവര്‍ക്ക് അവസരം നല്‍കുന്നു. കടയുടമകളില്‍ നിന്ന് ബിറ്റ് കോയിന്‍ മെഷീനുകള്‍ക്ക് നല്ല പ്രോല്‍സാഹനവും ലഭിക്കുന്നുണ്ട്

2008-ലെ സാമ്പത്തികമാന്ദ്യത്തിനു പിന്നാലെയാണ് ബിറ്റ് കോയിനുകള്‍ രംഗപ്രവേശം ചെയ്തത്. സാധാരണ പണത്തിന്റെ വിനിമയത്തിനു സമാനമാണ് ഇവ ഉപയോഗിച്ചുള്ള ഇടപാട്. എന്നാല്‍, സംഖ്യാകോഡുപയോഗിച്ചു രൂപപ്പെടുന്ന ഇവ സൈബര്‍ഇടത്തില്‍ മാത്രം നിലനില്‍പ്പുള്ളവയാണ്. ഇവ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാമെന്നു മാത്രമല്ല, ഇവയെ സാധാരണ കറന്‍സികളാക്കി മാറ്റിയെടുക്കാനുമാകും.

ബാങ്കുകളുടെയോ രാഷ്ട്രങ്ങളുടെയോ നിയന്ത്രണം ഇവയ്ക്ക് ബാധകമല്ലെന്നതാണ് ഇവയെ സാധാരണ കണ്ടു വരുന്ന പണത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം. അജ്ഞാതനായിരുന്നു കൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഒരു കംപ്യൂട്ടര്‍ മൗസ്‌ക്ലിക്കിലൂടെയോ മൊബീല്‍ ഫോണ്‍ സന്ദേശത്തിലൂടെയോ ക്രിപ്‌റ്റോകറന്‍സികള്‍ കൈമാറ്റം ചെയ്യാം. ആരാലും ചോദ്യം ചെയ്യാത്ത വിധം എടിഎമ്മിലൂടെ ഇവ പണം കൊടുത്തു വാങ്ങിക്കാനുമാകും.

ഇന്ന് ലണ്ടനില്‍ മാത്രം 76 ബിറ്റ് കോയിന്‍ എടിഎമ്മുകളുണ്ട്. ലണ്ടനു പുറമെ ബ്രൈറ്റണ്‍, ബെര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, കാര്‍ഡിഫ്, പോര്‍ട്‌സ് മൗത്ത്, കവെന്റ്രി, ലീസെസ്റ്റര്‍, ഡെര്‍ബി, മാഞ്ചെസ്റ്റര്‍ എന്നീ നഗരങ്ങളിലും ഇവ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ മിക്കതും പെട്ടെന്ന് കണ്ണില്‍പ്പെടാത്ത വിധമാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. കടകള്‍ക്കു പിന്നിലും സലൂണുകളിലും റെസ്റ്റൊറന്റുകളിലും ടാക്‌സി ബുക്കിംഗ് ഓഫീസുകളിലുമൊക്കെയാണ് ഇവയുടെ സ്ഥാനം. അതിനാല്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടാതെ മെഷീനുകളില്‍ പണവും പ്രോമിസറി നോട്ടുകളും നിക്ഷേപിക്കാനാകും.

Comments

comments

Categories: FK Special, Slider