ലംബോര്‍ഗിനി യൂറസ് ഹൈ പെര്‍ഫോമന്‍സ് എസ്‌യുവി അവതരിച്ചു

ലംബോര്‍ഗിനി യൂറസ് ഹൈ പെര്‍ഫോമന്‍സ് എസ്‌യുവി അവതരിച്ചു

ബൊളോഞ്ഞ (ഇറ്റലി) : ലംബോര്‍ഗിനിയുടെ ഓള്‍ ന്യൂ ഹൈ പെര്‍ഫോമന്‍സ് എസ്‌യുവിയായ യൂറസ് അനാവരണം ചെയ്തു. ഇതോടെ എസ്‌യുവി സെഗ്‌മെന്റില്‍ ലംബോര്‍ഗിനി തിരിച്ചെത്തി. സൂപ്പര്‍ കാറുകളുടെ നീണ്ട പാരമ്പര്യം അവകാശപ്പെടാനുള്ള ഇറ്റാലിയന്‍ കമ്പനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം എസ്‌യുവിയാണ് യൂറസ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന പ്രാക്ടിക്കല്‍ കാറാണ് ലംബോര്‍ഗിനി യൂറസ് എന്നുപറയാം. എംഎല്‍ബി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ ഏറ്റവും പുതിയ കാറാണ് യൂറസ്. ബെന്റ്‌ലി ബെന്റായ്ഗ, പോര്‍ഷെ കയേന്‍, ഔഡി ക്യു7 എന്നിവ നിര്‍മ്മിച്ചിരിക്കുന്നത് ഇതേ പ്ലാറ്റ്‌ഫോമിലാണ്.

ലോകത്തെ ഏറ്റവും വേഗമേറിയ എസ്‌യുവി

ഫ്രണ്ട് എന്‍ജിന്‍ ലേഔട്ടുമായാണ് ലംബോര്‍ഗിനി യൂറസ് വരുന്നത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിന്‍ 641 ബിഎച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. ലംബോര്‍ഗിനി തങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ടര്‍ബോ നല്‍കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് യൂറസ് എന്ന പെര്‍ഫോമന്‍സ് എസ്‌യുവിക്ക് 3.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ടോപ് സ്പീഡ്. 2.2 ടണ്‍ ഭാരം വരുന്ന ഒരു കാറിന് ഇത്രയും ടോപ് സ്പീഡ് ഒട്ടും മോശമല്ല. ലോകത്തെ ഏറ്റവും വേഗമേറിയ എസ്‌യുവിയാണ് ലംബോര്‍ഗിനി യൂറസ്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായാണ് വി8 എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത്. സെന്‍ട്രല്‍ ടോര്‍ഷന്‍ ഡിഫ്രന്‍ഷ്യല്‍ 4 വീല്‍ ഡ്രൈവ്, ടോര്‍ക്ക് വെക്ടറിംഗ് റിയര്‍ ഡിഫ്രന്‍ഷ്യല്‍ എന്നിവ സവിശേഷതകളാണ്.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന പ്രാക്ടിക്കല്‍ കാറാണ് ലംബോര്‍ഗിനി യൂറസ്. അടുത്ത വര്‍ഷം ഇന്ത്യയിലെത്തിയേക്കും

ഉയര്‍ന്ന ഗുരുത്വ കേന്ദ്രമുള്ള (സെന്റര്‍ ഓഫ് ഗ്രാവിറ്റി) പെര്‍ഫോമന്‍സ് എസ്‌യുവിയാണ് യൂറസ് എന്ന് ലംബോര്‍ഗിനി അവകാശപ്പെട്ടു. കൂടുതല്‍ മികച്ച എന്‍ജിന്‍ റെസ്‌പോണ്‍സ് ലഭിക്കുന്നതിന് കമ്പഷന്‍ ചേംബറുകളുടെ സമീപമാണ് സെന്‍ട്രല്‍ ടര്‍ബോചാര്‍ജര്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ വീല്‍ബേസ് ലഭിച്ച യൂറസിന് റിയര്‍ വീല്‍ സ്റ്റിയറിംഗ് നല്‍കിയിരിക്കുന്നു.

സൂപ്പര്‍ കാറുകളുടെ നീണ്ട പാരമ്പര്യം അവകാശപ്പെടാനുള്ള ഇറ്റാലിയന്‍ കമ്പനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം എസ്‌യുവിയാണ് യൂറസ്

അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ സംവിധാനമാണ് ലംബോര്‍ഗിനി യൂറസിന്റെ മറ്റൊരു സവിശേഷത. മോശം റോഡുകളില്‍ റേസ് ട്രാക്കിലേതുപോലെ സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ ഇത് സഹായിക്കും. 440 എംഎം ഫ്രണ്ട്, 370 എംഎം റിയര്‍ കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കുന്നത്. പവര്‍ നിയന്ത്രിക്കുന്നതിന് ധാരാളം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കാണാം. സ്റ്റാന്‍ഡേഡായി 21 ഇഞ്ച് വീലുകളിലാണ് ഈ ഇറ്റാലിയന്‍ എസ്‌യുവി വരുന്നത്. 23 ഇഞ്ച് വരെ സ്‌പെസിഫിക്കേഷനിലും ലഭിക്കും. യൂറസിനായി പ്രത്യേക ടയറുകള്‍ വികസിപ്പിച്ചിരിക്കുന്നു. കൂടുതല്‍ എജിലിറ്റിയും റേസിംഗ് സൗകര്യവും വാഗ്ദാനം ചെയ്യുന്നതാണ് ഈ ടയറുകള്‍.

കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചതിനേക്കാള്‍ ആകര്‍ഷകമാണ് യൂറസിന്റെ ഡിസൈന്‍. കൂടുതല്‍ പ്രാക്ടിക്കല്‍ കാര്‍ എന്ന് വിശേഷിപ്പിക്കാം. വലിയ മെഷുകളുള്ള ഗ്രില്ല്, ലേസര്‍ പോലെ മുനയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവ കാറിന് മുന്നിലെത്തിയാല്‍ ആദ്യം കാണാം. ലംബോര്‍ഗിനി യൂറസ് അടുത്ത വര്‍ഷം ഇന്ത്യയിലെത്തിയേക്കും.

 

 

 

 

 

 

 

 

 

 

 

Comments

comments

Categories: Auto