ഇന്ത്യയില്‍ ഫാക്റ്ററി സ്ഥാപിക്കാനുള്ള തീരുമാനം മരിവിപ്പിച്ച് ട്രൈന സോളാര്‍

ഇന്ത്യയില്‍ ഫാക്റ്ററി സ്ഥാപിക്കാനുള്ള തീരുമാനം മരിവിപ്പിച്ച് ട്രൈന സോളാര്‍

ലോകത്തെ ഏറ്റവും വലിയ സോളാര്‍ പാനല്‍ കമ്പനിയാണ് ട്രൈന

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സോളാര്‍ ഉപകരണ ഘടക നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ചൈനീസ് കമ്പനി ട്രൈന സോളാര്‍. വിലക്കുറവും അനുകൂലമല്ലാത്ത സര്‍ക്കാര്‍ നയങ്ങളുമാണ് ട്രൈനയുടെ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ വേണ്ടത്ര ഇളവുകള്‍ ലഭിച്ചാല്‍ 500 മില്ല്യണ്‍ ഡോളര്‍ ഇന്ത്യയില്‍ അവര്‍ മുതല്‍മുടക്കുമെന്നാണ് സൂചന. ലോകത്തെ ഏറ്റവും വലിയ സോളാര്‍ പാനല്‍ കമ്പനിയാണ് ട്രൈന.
സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും നിര്‍മിക്കുന്ന ഫാക്റ്ററി സ്ഥാപിക്കുന്നതിന് 2015ല്‍ ട്രൈന വിശാഖപട്ടണത്തു ഭൂമി വാങ്ങിയിരുന്നു. ആയിരം മെഗാവാട്ട് ശേഷിയുടെ നിര്‍മാണ യൂണിറ്റിനാണ് പദ്ധതിയിട്ടിരുന്നത്. സ്‌കില്‍ ഇന്ത്യ എന്ന പദ്ധതിക്ക് കീഴില്‍ 2000- 3000 പേര്‍ക്ക് പരിശീലനം നല്‍കാനും അവരെ ഫാക്റ്ററിയിലെ ജോലിക്ക് നിയോഗിക്കാനും ട്രൈന തീരുമാനിച്ചിരുന്നു.

വിലക്കുറവും അനുകൂലമല്ലാത്ത സര്‍ക്കാര്‍ നയങ്ങളുമാണ് ട്രൈനയുടെ തീരുമാനത്തിന് പിന്നില്‍

ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാനുള്ള തീരുമാനം തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. വിലക്കുറവാണ് അതിനു കാരണം. ആഗോള തലത്തില്‍ തന്നെ സോളാര്‍ ഘടകങ്ങളുടെ അമിത ഉല്‍പ്പാദനം നടക്കുന്ന സമയത്ത് നിക്ഷേപിക്കുന്നത് ഗുണം ചെയ്യില്ല- ട്രൈന സോളാറിന്റെ ഇന്ത്യ സെയില്‍സ് ഹെഡ്ഡ് ഗൗരവ് മാത്തൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് തുറക്കാന്‍ കമ്പനി തയാറാണ്. സോളാര്‍ വ്യവസായത്തിന് ചില ഇളവുകള്‍ വേണം. സര്‍ക്കാര്‍ നയം അനുകൂലമായാല്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കും.

വിശാഖപട്ടണത്തെ പ്ലാന്റിന് 500 മില്ല്യണ്‍ ഡോളറിന്റെ വരെ നിക്ഷേപം വേണ്ടിവരും. വിലക്കുറവിന്റെ പ്രശ്‌നങ്ങളുണ്ടെങ്കിലും ട്രൈനയെ സംബന്ധിച്ച് ഇന്ത്യ പ്രധാന വിപണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിലയെക്കുറിച്ച് ഏറെ ആകുലപ്പെടുന്ന വിപണിയാണ് ഇന്ത്യ. സോളാര്‍ ഘടകങ്ങള്‍ക്ക് ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വില നല്‍കുന്നത് ഇന്ത്യയിലെ ഊര്‍ജ കമ്പനികളാണെന്നും സോളാര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ബ്രിഡ്ജ് ടു ഇന്ത്യയുടെ ഡയറക്റ്റര്‍ വിനയ് റസ്തഗി പറഞ്ഞു.

Comments

comments

Categories: More