കശ്മീര്‍ താഴ്‌വര ലക്ഷ്യമാക്കി ഹോട്ടല്‍ ഗ്രൂപ്പുകള്‍

കശ്മീര്‍ താഴ്‌വര ലക്ഷ്യമാക്കി ഹോട്ടല്‍ ഗ്രൂപ്പുകള്‍

ഓഗസ്റ്റില്‍ ഐടിസി തങ്ങളുടെ ഫോര്‍ച്യൂണ്‍ റിസോര്‍ട്ട് ഹീവന്‍ ശ്രീനഗറില്‍ ലോഞ്ച് ചെയ്തിരുന്നു

ന്യൂഡെല്‍ഹി: ഹോട്ടല്‍ ശൃംഖലകളുടെ ചൂടന്‍ വിപണിയായി ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കശ്മീര്‍ താഴ്‌വര മാറുന്നു. മാനേജ്‌മെന്റ് കരാറുകള്‍ക്കുവേണ്ടി പ്രാദേശിക ഹോട്ടല്‍ ഉടമകള്‍ വന്‍കിട ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നു. താജിനും ലളിതിനും കശ്മീര്‍ താഴ്‌വരയില്‍ ഹോട്ടലുകള്‍ ഉണ്ട്. മറ്റുള്ളവരും ഇന്ന് ഈ ഗ്രൂപ്പുകളുടെ പാത പിന്തുടരുകയാണ്.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഐടിസി തങ്ങളുടെ ഫോര്‍ച്യൂണ്‍ റിസോര്‍ട്ട് ഹീവന്‍ ശ്രീനഗറില്‍ ലോഞ്ച് ചെയ്തിരുന്നു. ഇവരുടെ തന്നെ വെല്‍ക്കം ഹോട്ടലായ പഹല്‍ഗാമിലെ പൈന്‍ ആന്‍ഡ് പീക്ക് ഈ മാസം അതിഥികള്‍ക്കായി തുറക്കും. ഐടിസി നീഡസ് എന്ന മറ്റൊരു ഹോട്ടല്‍ 2020ഓടെ ശ്രീനഗറില്‍ തുറക്കാനും പദ്ധതിയുണ്ട്.

ഇടത്തരം ഹോട്ടല്‍ ശൃംഖല ലെമണ്‍ ട്രീ ശ്രീനഗറിലെ ആദ്യ പ്രൊജക്റ്റിന് അടുത്ത വര്‍ഷം മാര്‍ച്ചോടെ തുടക്കം കുറിക്കും. ഗുല്‍മാര്‍ഗില്‍ കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. ശ്രീനഗറില്‍ ഹോട്ടലിനായി കരാര്‍ ഒപ്പുവച്ചു കഴിഞ്ഞെന്ന് ലെമണ്‍ ട്രീ ഹോട്ടല്‍സിന്റെ ഡെപ്യൂട്ടി എംഡി രത്തന്‍ കേശ്വാനി പറഞ്ഞു. ബ്രാന്‍ഡിംഗുമായി ബന്ധപ്പെട്ട ചില ജോലികള്‍ കൂടി കഴിഞ്ഞാല്‍ മാര്‍ച്ച് ആദ്യത്തോടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങള്‍ വിലക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി ഘടകങ്ങളുണ്ടെങ്കിലും പ്രധാന നഗരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളില്ലെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ ഷെറാട്ടണ്‍, മെറീഡിയന്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ മാരിയറ്റും കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞെന്നാണ് വിവരം

റാഡിസണ്‍ ഹോട്ടല്‍സിനും ഈ മാസം ശ്രീനഗറില്‍ തുടക്കമിടുമെന്ന് കാള്‍സണ്‍ റേസിഡര്‍ ഗ്രൂപ്പ് വ്യക്തമാക്കി. കശ്മീരിലെ ആദ്യ റാഡിസണ്‍ പ്രൊജക്റ്റാണിതെന്ന് അവര്‍ പറഞ്ഞു. പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം പുതിയ ഹോട്ടലുകള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് കാള്‍സണ്‍ റേഡിസര്‍ സൗത്ത് ഏഷ്യ സിഇഒ രാജ് റാണ അറിയിച്ചു. കശ്മീര്‍ സന്ദര്‍ശിക്കാന്‍ എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് മികച്ച ബ്രാന്‍ഡഡ് താമസ സൗകര്യം ആവശ്യമാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇവിടെ ലഭ്യമാക്കും. അങ്ങനെ ആഭ്യന്തര- അന്താരാഷ്ട്ര ടൂറിസവും മെച്ചപ്പെടും – അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ ഏഴ് പ്രോപ്പര്‍ട്ടികളിലായി 817 റൂമുകള്‍ ഒരുക്കാന്‍ മുശ്താഖ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സുമായി ഇവര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

കശ്മീരില്‍ ഷെറാട്ടണ്‍, മെറീഡിയന്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ മാരിയറ്റും കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞുവെന്നാണ് വിവരം. എന്നാല്‍ ഇതിനോട് കമ്പനി പ്രതികരിച്ചിട്ടില്ല. പഹല്‍ഗാമിലെ വെല്‍ക്കം ഹോട്ടല്‍ പൈന്‍ ആന്‍ഡ് പീക്കിനായും ശ്രീനഗറിലെ ഹീവന്‍ ഹോട്ടലിനായും ആസാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ഐ ടി സിയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിരുന്നു. ഈ കൂട്ടുകെട്ട് സാമ്പത്തിക ഏകീകരണത്തിനും പ്രാദേശിക ജനതയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും കാരണമാകുമെന്ന് ആസാദിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഇക്ബാല്‍ ബര്‍സ പറഞ്ഞു.

Comments

comments

Categories: Business & Economy