ഒരു നാടിനെ സംരംഭകത്വം പഠിപ്പിച്ച സന്ധ്യ ടീച്ചര്‍

ഒരു നാടിനെ സംരംഭകത്വം പഠിപ്പിച്ച സന്ധ്യ ടീച്ചര്‍

ഭക്ഷ്യസ്വരാജ് എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഒരു നാടിനെയൊന്നാകെ സംരംഭകത്വം പഠിപ്പിച്ച സന്ധ്യ ടീച്ചറുടെ കഥയിങ്ങനെ…

പുലര്‍ച്ചെ നാലര മണിക്ക് ആരംഭിക്കും തൃശൂര്‍ ജില്ലയിലെ പൂച്ചട്ടി സ്വദേശിനിയായ സന്ധ്യ ടീച്ചറുടെ ഒരു ദിനം. നേരെ കൃഷിയിടത്തിലേക്ക്. വീടിനോട് ചേര്‍ന്നുള്ള രണ്ടേക്കര്‍ കൃഷിയിടത്തില്‍ ഇല്ലാത്ത പച്ചക്കറിയില്ല. വെണ്ടയും വെള്ളരിയും മത്തനും കുമ്പളവും ചേനയും കായയും പലവിധം ചീരകളും ചേര്‍ന്നിങ്ങനെ വിസ്തരിച്ചു കിടക്കുന്ന ആ ജൈവ തോട്ടത്തിലാണ് സന്ധ്യടീച്ചറുടെ ദിവസം ആരംഭിക്കുന്നത്. കളകള്‍ നീക്കി, വിളകള്‍ പരിശോധിച്ച് പറമ്പിലുള്ള കിണറ്റിലെ വെള്ളം കൊണ്ട് കൃഷിയിടം നനച്ചു കഴിഞ്ഞാല്‍ പിന്നെ നേരെ ഫാമിലേക്കാണ് നടപ്പ്.

അവിടെ ടീച്ചറെ കാത്ത് അനുസരണയുള്ള കുട്ടികളെപ്പോലെ പശുക്കളും ആടുകളും നില്‍പ്പുണ്ടാകും. അവയെ കുളിപ്പിച്ച്, പാല്‍ കറന്നെടുത്ത്, പുല്ലും വൈക്കോലും നല്‍കി പുറത്തേക്കിറങ്ങിയാല്‍ അടുത്ത ലക്ഷ്യം കോഴിക്കൂടുകളാണ്. നല്ല നാടന്‍ മുട്ടയിടുന്ന കോഴികള്‍, മുട്ടകള്‍ ശേഖരിച്ച് അവയ്ക്ക് തീറ്റയും കൊടുത്ത് ടീച്ചര്‍ വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും മണി എട്ടര കഴിഞ്ഞിരിക്കും.

പുലര്‍ച്ചയ്ക്ക് നോക്കി വച്ച വിളവൊത്ത പച്ചക്കറികള്‍ ശേഖരിക്കലാണ് അടുത്ത നടപടി. അത് കഴിഞ്ഞാല്‍ നേരെ നാട്ടു ചന്തയെന്ന കാര്‍ഷിക കൂട്ടായ്മയിലേക്ക്. സന്ധ്യ ടീച്ചറുടെ ജൈവ പച്ചക്കറികള്‍ക്ക് അവിടെ വലിയ ഡിമാന്റാണ്. തിരിച്ച് വീട്ടിലെത്തിയാല്‍ ഉടന്‍ ആരംഭിക്കുകയായി, വെന്ത വെളിച്ചെണ്ണ, വിവിധയിനം അച്ചാറുകള്‍, പലഹാരങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ നിര്‍മാണം. എല്ലാത്തിനും ടീച്ചര്‍ക്ക് ചുറ്റും മികച്ച വിപണി സാധ്യതകള്‍. ഭക്ഷ്യോല്‍പ്പന്ന നിര്‍മാണം വൈകുന്നേരം വരെ തുടരും. അപ്പോഴേക്കും കൃഷിയിടത്തിലേക്ക് വീണ്ടും പോകാനുള്ള സമയമാകും.

പുതിയ വിളകള്‍ നടാനും ഉള്ള വിളകള്‍ക്ക് നനയ്ക്കുവാനുമുള്ള സമയമാണ് ഇനി. രാത്രി ആയാലോ പിറ്റേന്ന് ഉണ്ടാക്കേണ്ട പലഹാരങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍… ഒരു ക്ഷീണവുമില്ലാതെ ദിനവും വര്‍ധിച്ച ഊര്‍ജത്തോടെ സന്ധ്യ ടീച്ചറുടെ ഈ ദിനചര്യ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്‍ ബി സന്ധ്യയെന്നാണ് പേരെങ്കിലും നാട്ടുകാര്‍ക്ക് സന്ധ്യ ടീച്ചറാണ് ഈ വനിതാ സംരംഭക. അധ്യാപന ജോലി വേണ്ടെന്ന് വച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി തൂമ്പയുമെടുത്ത് പറമ്പിലേക്കിറങ്ങിയതോടെ വീട്ടമ്മ എന്ന ലേബലില്‍ ചുരുങ്ങി വെറുതെ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക് ഉദാത്തമായ ഒരു മാതൃകയാകുകയായിരുന്നു അവര്‍.

മാതൃക തീര്‍ത്ത അധ്യാപിക

കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായി 30 വര്‍ഷം ജോലി ചെയ്ത് അധ്യാപകവൃത്തിയുടെ നിറവില്‍ നില്‍ക്കുമ്പോഴാണ് രാജിവെക്കാം എന്ന ചിന്ത സന്ധ്യ ടീച്ചര്‍ക്ക് ഉണ്ടാകുന്നത്. പലവിധ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എങ്കിലും താന്‍ എടുത്ത തീരുമാനത്തില്‍ നിന്നും ടീച്ചര്‍ പിന്നോട്ട് പോയില്ല. ഒടുവില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ ടീച്ചര്‍ക്ക് ഒരുത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെറുതെ ഇരുന്നു താന്‍ ഭൂമിക്ക് ഭാരമാകാന്‍ പോകുന്നില്ല. അമ്മയുടെ ആ വാക്കുകളോട് മൂന്ന് മക്കള്‍ക്കും വലിയ മതിപ്പായിരുന്നു. ഭര്‍ത്താവില്‍ നിന്നും പൂര്‍ണ പിന്തുണ. ഒടുവില്‍, മാഹിയിലെ സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും തിരിച്ച് പൂച്ചട്ടിയിലെ വീട്ടിലെത്തിയ ടീച്ചറെ സ്വീകരിച്ചിരുത്തിയത് ഒന്നര ഏക്കര്‍ വരുന്ന തന്റെ പറമ്പിലെ പച്ചപ്പായിരുന്നു.

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ജീവിത വിജയത്തിന്റെ രസതന്ത്രം. നമുക്കു ചുറ്റും സാധ്യതകള്‍ നിരവധിയാണ്, അത് ശരിയായി വിനിയോഗിക്കുക എന്നതാണ് പ്രധാനം. ഞാന്‍ എന്ത് ചെയ്താലും അത് അങ്ങേയറ്റം ആസ്വദിച്ചാണ് ചെയ്യുന്നത്

സന്ധ്യ ടീച്ചര്‍

രാജിവെച്ച് ഒരു നിമിഷം പോലും വെറുതെ കളഞ്ഞില്ല. പറമ്പു കിളച്ച് വൃത്തിയാക്കി പച്ചക്കറികള്‍ക്ക് വിത്തിട്ടു. നമുക്ക് കഴിക്കാനുള്ളത് എങ്കിലും കൃഷി ചെയ്‌തെടുക്കണം എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ-ടീച്ചര്‍ പറയുന്നു. നൂറു ശതമാനം ജൈവ കൃഷി രീതി അവലംബിച്ചാകണം തന്റെ കൃഷി എന്ന് സന്ധ്യ ടീച്ചര്‍ ആദ്യമേ തീരുമാനിച്ചിരുന്നു. ടീച്ചറുടെ ആഗ്രഹങ്ങളെ മണ്ണ് ചതിച്ചില്ല, ആദ്യതവണ വിളവെടുപ്പ് തന്നെ കെങ്കേമം.

ഫേസ്ബുക്ക് എന്ന വിപണി

തന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള പച്ചക്കറികള്‍ എന്ത് ചെയ്യും എന്ന ടീച്ചറുടെ ചിന്തകള്‍ക്ക് ഫേസ്ബുക്ക് ഒരു മികച്ച ഉത്തരമായി. തന്റെ കൃഷിയിടത്തിലെ ഉല്‍പ്പന്നങ്ങള്‍ ചിത്രങ്ങളും വിലയും സഹിതം ടീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ജൈവ ഉല്‍പ്പന്നങ്ങള്‍ എന്ന് കേട്ടതും ആവശ്യക്കാര്‍ നിരവധിയെത്തി. കൃഷിയുടെ ബാലപാഠങ്ങള്‍ പോലും അറിയാതിരുന്ന സന്ധ്യ ടീച്ചര്‍ കൃഷി ഭവന് കീഴില്‍ വിവിധ കാര്‍ഷിക ക്ലാസുകളില്‍ പങ്കെടുത്താണ് ഈ രംഗത്ത് തന്റെ പ്രാഗല്‍ഭ്യം വളര്‍ത്തിയെടുത്തത്. തന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വിപണി ലഭിക്കുന്നതായി മനസിലാക്കിയ ടീച്ചര്‍ വീണ്ടും കൃഷിയിറക്കി. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. നെല്ല് മുതല്‍ വിവിധയിനം പച്ചക്കറികള്‍ വരെ എല്ലാം ടീച്ചറുടെ കൃഷിയിടത്തില്‍ സുലഭം.

ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ജൈവകൃഷി ചെയ്യുന്നവരും ഉപഭോക്താക്കളും ഒന്നിച്ചു. ഇപ്പോള്‍ ഏകദേശം 75000 പേര്‍ ഈ കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമാണ്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഗുണമേന്മയുള്ള ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ലവിലയും ലാഭവും ലഭ്യമാക്കിയാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കൃഷി ചെയ്യാനുള്ള താല്‍പ്പര്യവുമായി മുന്നോട്ടു വരുന്നവര്‍ക്ക് തിളങ്ങാനുള്ള മാര്‍ഗനിര്‍ദേശവും ടീച്ചര്‍ നല്‍കുന്നു.

15 കോഴികള്‍, രണ്ട് ആട്, ഒരു പശു എന്ന കണക്കില്‍ ഏറ്റവും ലളിതമായ രീതിയില്‍ പൗള്‍ട്രി ഫാമിംഗിലേക്ക് കടന്ന സന്ധ്യ ടീച്ചര്‍ക്ക് ഇപ്പോള്‍ 200ല്‍ പരം കോഴികള്‍, 15 ആടുകള്‍, മൂന്ന് പശുക്കള്‍ എന്നിവയുണ്ട്. നോക്കാനുള്ള ബുദ്ധിമുട്ട് കാരണം 200ല്‍ പരം താറാവുകളെ ഒഴിവാക്കി. ഉല്‍പാദിപ്പിക്കുന്ന നാടന്‍ മുട്ടകള്‍ക്കും ആട്ടിന്‍പാലിനും പശുവിന്‍ പാലിനും ആവശ്യക്കാര്‍ ഏറെ. ഓര്‍ഡര്‍ അനുസരിച്ച് പാലും മുട്ടയും നല്‍കാനില്ല എന്നതിനാല്‍ ഫാം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടീച്ചര്‍. ഒരു വനിതയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇതെല്ലം എന്ന് ചിന്തിക്കുമ്പോഴാണ് സ്വയം സംരംഭകത്വത്തിലെ ടീച്ചറുടെ മികവ് പ്രകടമാകുന്നത്.

ഇനിയല്‍പം പാചകമാകാം

വീടിന് ചുറ്റുമുള്ള പറമ്പില്‍ നാളികേരം ആവശ്യത്തില്‍ കൂടുതല്‍ ലഭ്യമാണ്. ഒരിക്കല്‍ വെളിച്ചെണ്ണ ആട്ടിയ ശേഷം, വീണ്ടും നാളികേരം ബാക്കി. എങ്കില്‍പ്പിന്നെ അല്‍പം വെന്ത വെളിച്ചെണ്ണ (വിര്‍ജിന്‍ കോക്കനട്ട് ഓയില്‍) ഉണ്ടാക്കിയാല്‍ എന്താ എന്നായി ചിന്ത. വില്‍പന ലക്ഷ്യമിട്ടല്ല, വീട്ടാവശ്യത്തിന് തന്നെ. പ്രസവരക്ഷക്ക് ഏറെ നല്ലതാണ് വെന്ത വെളിച്ചെണ്ണ, അതിനാല്‍ ടീച്ചര്‍ നാട്ടിലെ പരിചയക്കാര്‍ക്ക് പ്രസവശേഷം സമ്മാനമായി ഇത് നല്‍കി വന്നു. അപ്പോഴതാ അവിടെയും സംരംഭകാവസരം. വെന്ത വെളിച്ചെണ്ണക്ക് കേരളത്തിനകത്തും പുറത്തും നിന്നും ആവശ്യക്കാര്‍ നിരവധി. അതോടെ വെന്ത വെളിച്ചെണ്ണ നിര്‍മാണം ടീച്ചര്‍ തന്റെ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റി.

ഇത്രയൊക്കെ കാര്യങ്ങളില്‍ സജീവമായിട്ടും ഇനിയും സമയം ബാക്കി. കൃഷി ചെയ്യാന്‍ കഴിയാത്ത ഉച്ച സമയങ്ങളില്‍ എന്തുചെയ്യും? ആ ചിന്തയാണ് കൈപുണ്യത്തില്‍ ഒരു കൈ നോക്കാം എന്ന തീരുമാനത്തിലേക്ക് സന്ധ്യ ടീച്ചറെ എത്തിച്ചത്. പൊതുവെ ടീച്ചര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ കഴിച്ചവര്‍ക്ക് നല്ല അഭിപ്രായമാണ്. ആ ആത്മവിശ്വാസത്തോടെ സാമ്പാര്‍ പൊടിയില്‍ ഹരിശ്രീ കുറിച്ചു.

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ടീച്ചറുടെ കൈപുണ്യത്തിനും വന്‍ വിപണി സാധ്യതയായിരുന്നു. വിവിധയിനം മസാലപ്പൊടികള്‍, മീന്‍ അച്ചാര്‍ ഉള്‍പ്പെടയുള്ള വിവിധനിയം അച്ചാറുകള്‍, ജാതിക്ക സ്‌ക്വാഷ്, ജാം, തുടങ്ങി അനേകം ഉല്‍പ്പന്നങ്ങള്‍ ടീച്ചറുടെ കൈപുണ്യത്തില്‍ വിപണിയിലെത്തി. വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി ബാക്കി വരുന്ന പീര ഉപയോഗിച്ച് രുചികരമായ തേങ്ങാഉണ്ട എന്ന വിഭവം ടീച്ചര്‍ തന്റെ സ്‌പെഷല്‍ ഐറ്റമായി നിര്‍മിച്ചു. സന്ധ്യ ടീച്ചറില്‍ പരിചയക്കാര്‍ അര്‍പ്പിച്ച വിശ്വാസം ഒന്ന് മാത്രമായിരുന്നു ടീച്ചറുടെ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗ്. പ്രധാന വിപണി കുടുംബശ്രീ യൂണിറ്റും നാട്ടു ചന്തയും ഫേസ്ബുക്കും തന്നെ. ഇത്തരത്തില്‍ ടീച്ചര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട മേഖലയില്‍ വരുമാനം കണ്ടെത്താന്‍ തുടങ്ങിയതോടെ, ജോലി രാജി വച്ചപ്പോള്‍ എതിര്‍പ്പുമായി വന്നവര്‍ പ്രശംസയുമായെത്തി.

നമുക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ജീവിത വിജയത്തിന്റെ രസതന്ത്രം. നമുക്കു ചുറ്റും സാധ്യതകള്‍ നിരവധിയാണ്, അത് ശരിയായി വിനിയോഗിക്കുക എന്നതാണ് പ്രധാനം. ഞാന്‍ എന്ത് ചെയ്താലും അത് അങ്ങേയറ്റം ആസ്വദിച്ചാണ് ചെയ്യുന്നത്. അത് തന്നെയാണ് എന്റെ വിജയ മന്ത്രവും-സന്ധ്യ ടീച്ചര്‍ പറയുന്നു.

വരും മാസങ്ങളില്‍ സന്ധ്യാസ് എന്ന ബ്രാന്‍ഡ് നെയ്മില്‍ സന്ധ്യ ടീച്ചറുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തും. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വീട്ടമ്മമാര്‍ക്കും അല്ലാത്തവര്‍ക്കും മാതൃകയാക്കാവുന്ന ഒരു നല്ല പാഠമാണ് സന്ധ്യ ടീച്ചര്‍. സന്ധ്യ എന്ന സംരംഭക ഒരു ഗുരുവാണ് പ്രൊഫഷനിലും ജീവിതത്തിലും

സ്ത്രീ ശാക്തീകരണം സ്വന്തം ജീവിതത്തിലൂടെ

സന്ധ്യ ടീച്ചര്‍ സ്വയം അറിയാതെ തന്നെ വീട്ടമ്മമാര്‍ എന്ന ലേബലില്‍ ചുരുങ്ങുന്നവര്‍ക്ക് ഒരു മാതൃകയാകുകയായിരുന്നു. കൃഷിയിലെയും ഭക്ഷ്യോല്‍പ്പന്ന നിര്‍മാണത്തിലെയും ടീച്ചറുടെ മുന്നേറ്റം കണ്ട്, അയല്‍വാസികളും അല്ലാത്തവരുമായി നിരവധി വീട്ടമ്മമാര്‍ ടീച്ചറെ സമീപിച്ചു. തന്റെ അരികിലെത്തിയ ആരെയും ടീച്ചര്‍ നിരുല്‍സാഹപ്പെടുത്തിയില്ല. ദൂരെയുള്ളവര്‍ക്കായി കൃഷിയിലെയും പാചകത്തിലെയും അറിവുകള്‍ പങ്കുവച്ചു. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നാട്ടു ചന്തയിലൂടെയും ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയും വിപണി കണ്ടെത്താന്‍ സഹായിച്ചു. സ്ത്രീകള്‍ തന്നെ മാതൃകയാക്കി ഉപജീവനമാര്‍ഗം കണ്ടെത്തുന്നതില്‍ ടീച്ചര്‍ക്ക് നിറഞ്ഞ സന്തോഷം.

വീടിന് അടുത്തുള്ള വനിതകളെ തന്റെ പാചകത്തില്‍ പങ്കാളികളാക്കി. ലാഭത്തിന്റെ ഒരു വിഹിതം ഇവര്‍ക്ക് നല്‍കുകയും ചെയ്യുന്നു സന്ധ്യ ടീച്ചര്‍. വീട്ടിനുള്ളിലെ പെണ്‍കൂട്ടായ്മയില്‍ ആളുകള്‍ വര്‍ധിച്ചപ്പോള്‍ ടീച്ചര്‍ ഒരു കാറ്ററിംഗ് യൂണിറ്റിന് രൂപം നല്‍കി. ഇഡലി, ദോശ, ബിരിയാണി, സദ്യ എന്നിങ്ങനെ…ആവശ്യാനുസരണം ഏത് വിഭവങ്ങളും ഇന്ന് സന്ധ്യ ടീച്ചറുടെ കാറ്ററിംഗ് യൂണിറ്റ് വഴി കല്യാണവീടുകളുടെയും മറ്റ് ആഘോഷങ്ങള്‍ നടക്കുന്നിടത്തെയും തീന്മേശകളില്‍ എത്തുന്നു. ഒരു വരുമാനവും ഇല്ലാതെ വെറുതെ വീട്ടില്‍ ഇരുന്ന സ്ത്രീകള്‍ സന്ധ്യ ടീച്ചറുടെ മേല്‍നോട്ടത്തില്‍ ഇന്ന് മികച്ച വരുമാനം നേടുന്നു. കിട്ടുന്ന വരുമാനത്തില്‍ ഈ വനിതകള്‍ക്ക് ഇരട്ടി സന്തോഷം.

വരുന്നൂ, സന്ധ്യാസ് ബ്രാന്‍ഡ്

ടീച്ചര്‍ എന്ന പദവിയില്‍ നിന്നും കര്‍ഷകയിലേക്ക്, ഇപ്പോഴിതാ കര്‍ഷകയില്‍ നിന്നും സംരംഭകയിലേക്ക്… സന്ധ്യ ടീച്ചറുടെ ജീവിതത്തില്‍ വളരെ ചെറിയ സമയത്തിനുള്ളില്‍ വന്ന ട്വിസ്റ്റുകള്‍ നിരവധി. കിലോയ്ക്ക് ആയിരം രൂപയാണ് സന്ധ്യ ടീച്ചര്‍ ഉണ്ടാക്കുന്ന മീന്‍ അച്ചാറിന്. ആഴ്ചയില്‍ കുറഞ്ഞത് 20 കിലോ അച്ചാര്‍ ഉണ്ടാക്കും. മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെ. എങ്കില്‍ പിന്നെ ഈ അധ്വാനമെല്ലാം ഒരു ബ്രാന്‍ഡ് നെയ്മില്‍ വിപണിയില്‍ എത്തിച്ചാല്‍ നല്ലതല്ലേ എന്നായി ചിന്ത. ഇതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മുന്നോട്ടു പോകാം എന്നുറപ്പിച്ചു.

വരും മാസങ്ങളില്‍ സന്ധ്യാസ് എന്ന ബ്രാന്‍ഡ് നെയ്മില്‍ സന്ധ്യ ടീച്ചറുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തും. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. രാജിവെക്കുക എന്ന തീരുമാനം സന്ധ്യ ടീച്ചറെ സംബന്ധിച്ച് ഒരു റീജുവനേഷന്‍ തെറാപ്പി ആയിരുന്നു. ഇഷ്ടപ്പെട്ട മേഖലയില്‍ തികഞ്ഞ ചുറുചുറുക്കോടെ സന്ധ്യ ടീച്ചര്‍ തന്റെ കരിയറിന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചു കഴിഞ്ഞു. വീട്ടമ്മമാര്‍ക്കും അല്ലാത്തവര്‍ക്കും മാതൃകയാക്കാവുന്ന ഒരു നല്ല പാഠമാണ് സന്ധ്യ ടീച്ചര്‍, അതെ, സന്ധ്യ എന്ന സംരംഭക ഒരു ഗുരുവാണ് പ്രൊഫഷനിലും ജീവിതത്തിലും.

Comments

comments

Categories: FK Special, Slider