റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് ഐപിഒയ്ക്ക് അനുമതി

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് ഐപിഒയ്ക്ക് അനുമതി

കമ്പനിയുടെ 25 ശതമാനത്തോളം ഓഹരി വില്‍പ്പനയാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഉദ്ദേശിക്കുന്നത്

മുംബൈ: അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുള്ള അനുമതി ലഭിച്ചു. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് 25 ശതമാനത്തോളം ഓഹരി വില്‍പ്പനയാണ് നടത്തുന്നത്. 1,67,69,995 പുതിയ ഓഹരികള്‍ക്ക് പുറമെ 5,03,09,984 ഓഹരി ഓഫര്‍ ഫോര്‍ സെയില്‍ പ്രക്രിയയില്‍ വില്‍ക്കുകയാണ് ആദ്യ ലക്ഷ്യം. ഓഹരിയുടെ മുഖവില 10 രൂപയാണ്.

ഓസ്‌വാള്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് അഡൈ്വസറിസ് ലിമിറ്റഡ്, ക്രെഡിറ്റ് സ്യൂസ്സെ സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, എഡെല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ്, യു ബി എസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ മെര്‍ച്ചന്റ് ബാങ്കര്‍മാര്‍.

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് റിലയന്‍സ് ഗ്രൂപ്പിന്റേത്. ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക ബിസിനസിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഫയര്‍, മോട്ടോര്‍, ആരോഗ്യം, ഭവന, യാത്ര, കാലാവസ്ഥ എന്നിങ്ങനെ വിവിധ മേഖലകളില്‍ പരിരക്ഷ നല്‍കുന്ന പദ്ധതികള്‍ കമ്പനിക്കുണ്ട്.

Comments

comments

Categories: Business & Economy